ഏഥറിന്‍റെ വലിയ അവകാശവാദം! ആറ് വർഷത്തിനകം 40% ടൂവീലറുകളും ഇലക്ട്രിക് ആകും

Published : Sep 01, 2025, 11:47 AM IST
Ather Energy

Synopsis

2031ഓടെ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ 40% ഇലക്ട്രിക് വാഹന വളർച്ച പ്രതീക്ഷിക്കുന്നതായി ഏഥർ എനർജി. സ്കൂട്ടർ വിഭാഗത്തിൽ 70-75% ഇലക്ട്രിക് ആകുമെന്നും കമ്പനി കണക്കാക്കുന്നു.

2031 സാമ്പത്തിക വർഷത്തോടെ ആഭ്യന്തര ഇരുചക്ര വാഹന വിപണിയിൽ 40 ശതമാനം ഇലക്ട്രിക് വാഹന വളർച്ച പ്രതീക്ഷിച്ച് ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ ഏഥർ എനർജി. 2024-25 ലെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ചില പ്രധാന കാരണങ്ങളാൽ വരും വർഷങ്ങളിൽ ഈ വളർച്ച സംഭവിക്കുമെന്ന് ആതർ എനർജി പറയുന്നു. ഈ വിഭാഗത്തിലെ ലോഞ്ചുകളുടെ എണ്ണം, ശക്തമായ സർക്കാർ പിന്തുണ, അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം, ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ഉപഭോക്തൃ മാറ്റം തുടങ്ങിയവ ഈ വളർച്ചയ്ക്കുള്ള കാരണങ്ങളായി ഏതർ ചൂണ്ടിക്കാണിക്കുന്നു.

2031 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി പ്രതിവർഷം 31 ദശലക്ഷം യൂണിറ്റിലെത്തും. ഇതിൽ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ 41% സിഎജിആർ നിരക്കിൽ വളരും. പെട്രോൾ (ICE) ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് ശതമാനം നിരക്കിൽ മാത്രമേ വളരാൻ കഴിയൂ. മൊത്തം വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 35-40% വരെ എത്തും.

2025 സാമ്പത്തിക വർഷത്തിൽ സ്‍കൂട്ടർ വിഭാഗത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം 16 ശതമാനത്തിൽ എത്തിയതായി ഏഥർ എനർജി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മോട്ടോറൈസ്‍ഡ് ഇരുചക്ര വാഹന വിപണികളിൽ ഒന്നായി ഇന്ത്യ സ്വയം മാറിയെന്നും 2025 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിൽപ്പന 20 ദശലക്ഷം യൂണിറ്റിൽ എത്തിയെന്നും കമ്പനി പറഞ്ഞു. ഈ വളർച്ച തുടരുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും ഈ വളർച്ചയ്ക്ക് ഇലക്ട്രിക് സ്‍കൂട്ടറുകൾ കരുത്ത് പകരുമെന്നും കമ്പനി പറഞ്ഞു.

2031 സാമ്പത്തിക വർഷത്തോടെ, 70-75 ശതമാനം സ്‍കൂട്ടറുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ഏഥർ കണക്കാക്കുന്നു. ഈ വളർച്ച മുതലെടുക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഏഥർ അവകാശപ്പെടുന്നു.2031 സാമ്പത്തിക വർഷത്തോടെ മോട്ടോർ സൈക്കിളുകളിലും ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം വർദ്ധിക്കും. എങ്കിലും ഇത് ഏകദേശം 10 ശതമാനം ആയി പരിമിതപ്പെടുത്തും.

ഈ മാറ്റത്തിന് തങ്ങൾ ഇതിനകം തന്നെ തയ്യാറാണെന്ന് ഏഥർ പറയുന്നു. പുതിയ ഇലക്ട്രിക് വാഹന ആർക്കിടെക്ചർ, ബാറ്ററി നവീകരണം, ചാർജിംഗ് സാങ്കേതികവിദ്യ എന്നിവയിൽ കമ്പനി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ പെട്രോൾ സ്‍കൂട്ടറുകളുടെ എണ്ണം കുത്തനെ കുറയുമെന്നും ഇന്ത്യൻ റോഡുകൾ ഇലക്ട്രിക് സ്‍കൂട്ടറുകൾ ഭരിക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

റോയൽ എൻഫീൽഡ് ബൈക്ക് വില കുറയുമോ? ഈ മോഡലുകൾക്ക് ജിഎസ്‍ടി കുറയ്ക്കണമെന്ന് ആവശ്യം
ട്രയംഫ് സ്‌ക്രാംബ്ലർ 400 X: ഡിസംബറിൽ അപ്രതീക്ഷിത നേട്ടം