
2025 ജൂണിലെ ബൈക്ക് വിൽപ്പന കണക്കുകൾ പുറത്തുവന്നിരിക്കുന്നു. 3.3 ലക്ഷം യൂണിറ്റുകൾ പിന്നിട്ട ഹീറോ സ്പ്ലെൻഡർ ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിൽപ്പന പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 25,000 യൂണിറ്റിലധികം വർധനവാണ് ഇത് കാണിക്കുന്നത്. അതായത് വാർഷികാടിസ്ഥാനത്തിൽ 8.34 ശതമാനം വർധനവ്. ഹോണ്ട ഷൈനാണ് രണ്ടാം സ്ഥാനത്ത്. ജൂണിൽ 1.43 ലക്ഷം യൂണിറ്റ് ഷൈനുകളെ ഹോമ്ട വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.62 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.78 ശതമാനം ഇടിവാണ് ഈ കുറവ്.
ഹീറോയുടെ എച്ച്എഫ് ഡീലക്സ് ആണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം 2024 ജൂണിൽ 1,01,475 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് ഹീറോയുടെ എച്ച്എഫ് ഡീലക്സ് കമ്മ്യൂട്ടറിന്‍റെ വിൽപ്പന 12.16 ശതമാനം വർധനവ് രേഖപ്പെടുത്തി. അതേസമയം, ബജാജിന്റെ പൾസർ നിരയിൽ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,08,090 ൽ നിന്ന് 88,452 യൂണിറ്റായി കുറഞ്ഞു. 18.13 ശതമാനം ഇടിവോടെ പൾസർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടിവിഎസ് അപ്പാച്ചെ സീരീസിന്റെ വിൽപ്പനയിൽ സ്ഥിരമായ ഉയർച്ച രേഖപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. 2025 ജൂണിൽ അപ്പാഷെയുടെ 41,386 യൂണിറ്റുകൾ വിറ്റു . ഇത് കഴിഞ്ഞ വർഷത്തെ 37,361 നെ അപേക്ഷിച്ച് 11.37 ശതമാനം വർധനവാണ്.
റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350 ബുള്ളറ്റ് 29,172 യൂണിറ്റുകളുമായി മുന്നേറ്റം തുടർന്നു. ഇത് പ്രതിവർഷം 17.89 ശതമാനം വർദ്ധനവ് കാണിക്കുന്നു. അതിനു താഴെയായി, ടിവിഎസ് റൈഡർ ആഭ്യന്തര റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. ജൂണിൽ അവയുടെ എണ്ണം 27,172 യൂണിറ്റായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 8.99 ശതമാനം ഇടിവാണ്.
ഹോണ്ടയുടെ സിബി യൂണികോൺ 26,126 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്ത് തുടർന്നു. കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 1.45 ശതമാനം നേരിയ ഇടിവ്. ഹീറോയുടെ പാഷൻ ശക്തമായ തിരിച്ചുവരവോടെ പട്ടികയിലെ ആദ്യ പത്തിൽ തിരിച്ചെത്തി. 2024 ജൂണിൽ 13,103 യൂണിറ്റുകളിൽ നിന്നും അതിന്റെ പ്രകടനം ഇരട്ടിയിലധികം വർദ്ധിച്ച് 26,352 യൂണിറ്റുകളായി ഉയർന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 101.15 ശതമാനം വർധനവാണ് ഈ കണക്കുകളിൽ ഉണ്ടായത്. പട്ടികയിൽ നിന്ന് പുറത്തുവരുമ്പോൾ, ബജാജ് പ്ലാറ്റിനയുടെ വിൽപ്പന ദുർബലമായി. 2025 ജൂണിൽ 25,662 യൂണിറ്റുകൾ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 33,704 യൂണിറ്റുകളായിരുന്നു.