
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് യുണൈറ്റഡ് കിംഗ്ഡം വിപണിയിൽ ഔദ്യോഗികമായി പ്രവേശിച്ചു. പ്രാദേശിക വിതരണക്കാരായ മോട്ടോജിബിയുമായി സഹകരിച്ചാണ് ഈ നീക്കം. ഹങ്ക് 440 നയിക്കുന്ന യൂറോ 5 അനുസൃത ശ്രേണി കമ്പനി അവതരിപ്പിക്കും. മോട്ടോജിബിയുമായി സഹകരിച്ച്, കമ്പനി തങ്ങളുടെ ആദ്യ മോട്ടോർസൈക്കിളായ ഹീറോ ഹങ്ക് 440 ബ്രിട്ടീഷ് വിപണിയിൽ പുറത്തിറക്കി. ഈ ലോഞ്ചോടെ ഹീറോയുടെ യൂറോപ്പിലേക്കുള്ള മൂന്നാമത്തെ അന്താരാഷ്ട്ര പ്രവേശനവും51-ാമത്തെ അന്താരാഷ്ട്ര വിപണി പ്രവേശനവും നടന്നു. ഇത് യൂറോപ്പിലുടനീളം ഹീറോയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ്. ഇറ്റലിയിലേക്കും സ്പെയിനിലേക്കും ഹീറോയുടെ വരവിന് പിന്നാലെയാണ് ഈ നീക്കം.
ഉയർന്ന പ്രകടനമുള്ള വിഭാഗത്തിനായി ഹങ്ക് 440 പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് റൈഡർമാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ മോഡൽ വികസിപ്പിച്ചതെന്ന് കമ്പനി പറയുന്നു. ഈ ബൈക്ക് ശരിയായ സ്റ്റൈൽ , പവർ, വിശ്വാസ്യത എന്നിവയുടെ സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു . ഹങ്ക് 440 ന്റെ വില £3,499 ( ഏകദേശം ₹ 3.7 ലക്ഷം) ആണ്. ഇതിൽ £200 ഓൺ -റോഡ് ചാർജുകൾ ഉൾപ്പെടുന്നു . ട്വിലൈറ്റ് ബ്ലൂ , ഫാന്റം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാകും . ഓരോ ബൈക്കിനും കമ്പനി രണ്ട് വർഷത്തെ വാറന്‍റിയും വാഗ്ദാനം ചെയ്യുന്നു .
ലങ്കാഷെയറിൽ ആസ്ഥാനമായുള്ള മോട്ടോജിബിയാണ് യുകെയിൽ ഹീറോ മോട്ടോകോർപ്പ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് . തുടക്കത്തിൽ, കമ്പനിക്ക് 25 - ലധികം വിൽപ്പന, സേവന ഔട്ട്‌ലെറ്റുകൾ ഉണ്ടായിരിക്കും, 2026-ഓടെ ഇത് 35-ലധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ , ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ വിൽപ്പനാനന്തര സേവനം ഉറപ്പാക്കാൻ വിപുലമായ ഒരു ഡീലർ, സേവന ശൃംഖല സ്ഥാപിക്കും . യുകെയിലേക്കുള്ള പ്രവേശനം തങ്ങളുടെ ആഗോള വികാസത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും മോട്ടോജിബിയുമായുള്ള പങ്കാളിത്തം യൂറോപ്യൻ സാന്നിധ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും എന്നും ഹീറോ മോട്ടോകോർപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജയ് ഭാൻ പറഞ്ഞു. അതേസമയം ഹീറോ മോട്ടോകോർപ്പുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ അഭിമാനമുണ്ടെന്നും മികച്ച ഉപഭോക്തൃ അനുഭവവും വിശ്വസനീയമായ സേവനവും നൽകാനാണ് രണ്ട് കമ്പനികളും ലക്ഷ്യമിടുന്നത് എന്നും മോട്ടോജിബി ജനറൽ മാനേജർ മാറ്റ് കേ പറഞ്ഞു.