
കൈനറ്റിക് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ കിനറ്റിക് വാട്ട്സ് ആൻഡ് വോൾട്സ്, ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഉപകമ്പനിയായ ജിയോ തിങ്‌സുമായി സാങ്കേതിക പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയിൽ അടുത്ത തലമുറ കണക്റ്റഡ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വികസിപ്പിക്കുകയാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, കെഡബ്ല്യുവിയുടെ വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളിലും വോയിസ് അസിസ്റ്റൻസ്, സ്മാർട്ട് ഡിജിറ്റൽ മീറ്റർ ക്ലസ്റ്റർ, ഐഒടി അധിഷ്ഠിത കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. വാഹനത്തിന്റെ വിവരങ്ങൾ തത്സമയം ലഭിക്കുക, പെർഫോമൻസ് നിരീക്ഷിക്കുക, സുരക്ഷ വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ സാധ്യമാകും.
ജിയോ തിങ്‌സ് നൽകുന്ന ഐഒടി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വാഹനങ്ങൾ ക്ലൗഡുമായി ബന്ധിപ്പിക്കുകയും, ഡയഗ്നോസ്റ്റിക്‌സ്, ടെലിമാറ്റിക്സ്, ഫ്ലീറ്റ് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങൾ നൽകുകയും ചെയ്യും. ഇതോടെ വ്യക്തിഗത ഉപഭോക്താക്കൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി വാഹനങ്ങൾ കൂടുതൽ ഉപയോഗപ്രദവും സ്മാർട്ടുമായിത്തീരും. വോയിസ് കമാൻഡിലൂടെ വാഹനം നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനവും, വാഹനത്തിന്റെ പ്രകടനം തത്സമയം അറിയാൻ കഴിയുന്ന സ്മാർട്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളും ലഭിക്കും. കൂടാതെ, വാഹനത്തിന്റെ നില, ബാറ്ററി വിവരങ്ങൾ, സർവീസ് ആവശ്യകതകൾ എന്നിവ നിരീക്ഷിക്കാൻ സഹായിക്കുന്ന കണക്റ്റഡ് സാങ്കേതികതയും ഉൾപ്പെടും. ഇതോടെ വ്യക്തിഗത ഉപഭോക്താക്കൾക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും ഒരുപോലെ പ്രയോജനം ലഭിക്കും.
ഇന്ത്യയിൽ സ്മാർട്ട്, സുരക്ഷിത, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സഹകരണം വലിയ പങ്കുവഹിക്കുമെന്ന് കമ്പനി അറിയിച്ചു. ലൂണ, ഡി.എക്സ്. പോലുള്ള ജനപ്രിയ വാഹനങ്ങൾ നിർമ്മിച്ച് 50 വർഷത്തെ പരിചയമുള്ള കിനറ്റിക് ഗ്രൂപ്പ്, ഈ പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഇലക്ട്രിക് മൊബിലിറ്റിയിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.
സാധാരണ യാത്രക്കാരന് സാങ്കേതികത ലളിതവും ഉപയോഗപ്രദവുമാക്കുകയാണ് കൈനറ്റിക്കിന്റെ ലക്ഷ്യമെന്ന് കൈനറ്റിക് വാട്ട്സ് ആൻഡ് വോൾട്സ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജിങ്ക്യ ഫിറോദിയ പറഞ്ഞു. ‘ഈസി കീ’, ‘ഈസി ഫ്ലിപ്പ്’, ‘ഈസി ചാർജ്’ പോലുള്ള സൗകര്യങ്ങൾക്കൊപ്പം ഡിജിറ്റൽ സംവിധാനങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ വാഹന ഉടമസ്ഥത കൂടുതൽ എളുപ്പമാക്കാനാണ് ഈ കൂട്ടുകെട്ട് സഹായിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.