പുതിയ ഹോണ്ട CB1000R എത്തി

By Web TeamFirst Published Nov 14, 2020, 8:01 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2021 മോഡൽ CB1000R സ്പോർട്‌സ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ പുറത്തിറക്കി. 

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2021 മോഡൽ CB1000R സ്പോർട്‌സ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ പുറത്തിറക്കി. അന്താരാഷ്‍ട്ര വിപണികളില്‍ ആദം എത്തുന്ന വാഹനം 2021 പകുതിയോടെ ഇന്ത്യയിലേക്കും എത്തിയേക്കുമെന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ ഹോണ്ട ആഫ്രിക്ക ട്വിൻ, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100, ട്രയംഫ് ടൈഗർ 900 തുടങ്ങിയവരാണ് ഹോണ്ട CB1000Rന്‍റെ എതിരാളികള്‍. 15 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ പുതുക്കിയ മോഡലിന് വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്കിന്റെ സ്റ്റൈലിംഗിൽ ചെറിയ മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. റേഡിയേറ്ററിന്റെയും സൈഡ് പ്ലേറ്റുകളുടെയും സ്റ്റൈലിംഗും ഹോണ്ട പുതുക്കി. പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് ബെസെലാണ് പുതിയ മോഡലിൽ ഏറ്റവും ശ്രദ്ധേയം. കൂടാതെ അല്‍പ്പം കോണാകൃതിയിലുള്ളതും ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്‌ക്ക് കവർ പോലെ നൽകുന്ന ഒരു ഫ്ലൈ-സ്‌ക്രീനും ഹോണ്ട മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹോണ്ട CB1000R ഇപ്പോൾ സീറ്റിനടിയിൽ ഒരു യുഎസ്ബി പോർട്ടും ബ്ലൂടൂത്ത് പ്രാപ്തമാക്കിയ അഞ്ച് ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയും ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ ഫീച്ചറുകളുമാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
W-സ്‌പോക്ക് കാസ്റ്റ്-അലുമിനിയം വീലുകളാണ് 2021 മോഡൽ CB1000R-ന്. മാത്രമല്ല, ശ്രേണിയിൽ ഒരു CB1000R ബ്ലാക്ക് എഡിഷൻ കൂടി ഹോണ്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഔട്ട് തീമിലാണ് നേക്കഡ് സ്‍ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ എത്തുന്നത്.

2021 മോഡൽ CB1000R ൽ 998 സിസി ഇൻലൈൻ-ഫോർ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഹൃദയം. ഈ എഞ്ചിന് 143 bhp കരുത്ത് ഉത്പാദിപ്പിക്കാൻ സാധിക്കും. 

click me!