അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് അവരുടെ X-47 ഇലക്ട്രിക് ബൈക്കിനായി ബാറ്ററി ആസ് സർവ്വീസ് (BaaS) എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം ബൈക്കിന്റെ പ്രാരംഭ വില 1.49 ലക്ഷമായി കുറയും

ന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലെ പ്രമുഖ കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് അവരുടെ പുതിയ ക്രോസോവർ ഇലക്ട്രിക് ബൈക്കായ അൾട്രാവയലറ്റ് X-47 ന് ബാറ്ററി ആസ് സർവ്വീസ് (BaaS) എന്ന പുതിയ ഉടമസ്ഥതാ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ബൈക്കിന്റെ ആരംഭ വില ഇപ്പോൾ 1.49 ലക്ഷം ആയി കുറച്ചിരിക്കുകയാണ്. രാജ്യത്തുടനീളം ഈ പുതിയ വാങ്ങൽ പദ്ധതിക്കായുള്ള രജിസ്ട്രേഷനുകളും കമ്പനി ആരംഭിച്ചു.

പുതിയ ബാസ് പദ്ധതിയുടെ പ്രധാന സവിശേഷത ബൈക്കിന്റെ ചാസിസ് വിലയും ബാറ്ററി വിലയും വേർതിരിച്ച് നൽകാനുള്ള സൗകര്യമാണ്. മുമ്പ് ഉപഭോക്താക്കൾ ബൈക്ക് വാങ്ങുമ്പോൾ ബാറ്ററിയും ഉൾപ്പെടെ മുഴുവൻ തുകയും ഒരുമിച്ച് നൽകേണ്ടതായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് ബാറ്ററി പ്രത്യേകം സബ്‍സ്‍ക്രിപ്ഷൻ പദ്ധതിയിലൂടെ ഉപയോഗിക്കാം. ബാറ്ററി സബ്‍സ്‍ക്രിപ്ഷൻ വില 2,499 രൂപ മുതൽ ആരംഭിക്കുന്നു. ഇതിലൂടെ ബൈക്ക് വാങ്ങുമ്പോൾ നൽകേണ്ട ആദ്യ ചെലവ് മുൻ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 40 ശതമാനം വരെ കുറയുന്നു.

ബാറ്ററി സബ്‍സ്‍ക്രിപ്ഷന് അഞ്ച് വർഷത്തെ വാറന്റിയും ലഭ്യമാണ്. ഈ കാലയളവിൽ ബാറ്ററിയുടെ പ്രവർത്തനക്ഷമതയും ദൈർഘ്യവും ഉറപ്പുനൽകുന്നതാണ് കമ്പനി പറയുന്നത്. സബ്സ്ക്രിപ്ഷൻ കാലാവധി പൂർത്തിയായാൽ ബാറ്ററിയുടെ ഉടമസ്ഥാവകാശം ഉപഭോക്താവിന് അധിക ചെലവില്ലാതെ കൈമാറും.

ഈ പദ്ധതി നടപ്പാക്കുന്നതിനായി അൾട്രാവയലറ്റ് പരിസ്ഥിതി സൗഹൃദ ഫിനാൻസ് പരിഹാരങ്ങൾ നൽകുന്ന ഇക്കോഫൈ എന്ന സ്ഥാപനവുമായി സഹകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ആളുകൾക്ക് കൈവശമാക്കാൻ സഹായിക്കുന്ന സാമ്പത്തിക സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

കമ്പനിയുടെ വിലയിരുത്തലനുസരിച്ച്, പ്രതിമാസം നൽകേണ്ട 2,499 രൂപ എന്ന സ്ഥിരമായ സബ്സ്ക്രിപ്ഷൻ ഫീസ് സമാന പ്രകടനമുള്ള പെട്രോൾ ബൈക്കുകളുടെ ശരാശരി ഇന്ധനച്ചെലവിനേക്കാൾ കുറഞ്ഞതായിരിക്കാം. ഇതുവഴി ഇലക്ട്രിക് ബൈക്കുകളുടെ ഉടമസ്ഥതാ ചെലവ് കൂടുതൽ പ്രായോഗികവും ആകർഷകവുമായതായി മാറുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

മുമ്പ് ഏകദേശം 2.5 ലക്ഷം വിലയുണ്ടായിരുന്ന അൾട്രാവയലറ്റ് ബൈക്കുകൾ സമാന ശക്തിയുള്ള പെട്രോൾ ബൈക്കുകളോട് വിലയിൽ സമാനമായിരുന്നു എന്ന് ഈ പദ്ധതിയെക്കുറിച്ച് സംസാരിച്ച അൾട്രാവയലറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. ഇപ്പോൾ 1.5 ലക്ഷം മുതൽ ആരംഭിക്കുന്ന വിലയോടെ മികച്ച ടെക്നോളജി, ഫീച്ചറുകൾ, പ്രകടനം എന്നിവ റൈഡർമാർക്ക് ലഭ്യമാകും. കൂടാതെ പ്രതിമാസം 2,499 മാത്രം ചെലവാകുന്നതിനാൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നതിന്റെ ചെലവിനെ കുറിച്ചുള്ള ധാരണ തന്നെ ഈ പദ്ധതി മാറ്റിമറിക്കുമെന്നും അദ്ദേഹം പറയുന്നു. ബാറ്ററി ചെലവ് വേർതിരിച്ച് മാസാന്തമായി അടയ്ക്കുന്ന ഈ പുതിയ മോഡൽ പ്രീമിയം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.