
ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾസ് തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ യുകെയിലേക്ക് കൊണ്ടുവരാൻ പോകുന്നു. ലോഞ്ച് തീയതിയുടെ ടീസർ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോൾ വീണ്ടും ഒരു പുതിയ ടീസർ പുറത്തിറക്കിയിരിക്കുന്നു, അതിൽ ഒരു പുതിയ ഇലക്ട്രിക് ബൈക്കിന്റെ ഒരു കാഴ്ച കാണിക്കുന്നു. ഈ ബൈക്ക് സെപ്റ്റംബർ 2 ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. നവംബറിൽ നടക്കുന്ന 2025 ഇഐസിഎംഎയിലും ഈ ബൈക്ക് അവതരിപ്പിച്ചേക്കും. കഴിഞ്ഞ വർഷത്തെ ഇഐസിഎംഎയിൽ ഹോണ്ട ഇവി ഫൺ കൺസെപ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചിരുന്നു. ടീസറിൽ കാണുന്ന പുതിയ ഇലക്ട്രിക് ബൈക്കിന്റെ പ്രൊഫൈൽ ഈ മോഡലുമായി വളരെ സാമ്യമുള്ളതാണെന്നാണ് റിപ്പോട്ടുകൾ.
തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, വൃത്താകൃതിയിലുള്ള ബാർ-എൻഡ് മിററുകൾ, സിംഗിൾ-സൈഡഡ് സ്വിംഗാർ, അലോയ് വീലുകളുടെ പ്രത്യേക രൂപകൽപ്പന തുടങ്ങിയ സവിശേഷതകളിൽ സമാനതകൾ കാണാൻ കഴിയും. ഗ്രിപ്പിയും ഉയർന്ന പ്രകടനവുമുള്ള ടയറുകൾ, വലിയ റിയർ ഡിസ്‍ക് ബ്രേക്ക്, റിയർ മോണോഷോക്ക് സസ്പെൻഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബൈക്കിൽ ഷാപ്പായിട്ടുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഒരു ചെറിയ ടെയിൽ സെക്ഷൻ എന്നിവയും ലഭിക്കുന്നു.
ഈ പുതിയ ബൈക്ക് ഇവി ഫൺ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണെങ്കിൽ, അതിൽ ഒരു നിശ്ചിത ബാറ്ററി സജ്ജീകരണം ഉണ്ടായിരിക്കാം. 500 സിസി ഇന്റേണൽ കംബസ്റ്റൺ എഞ്ചിൻ (ICE) ഉള്ള ഒരു മോട്ടോർസൈക്കിളിന് സമാനമായിരിക്കാം ഇതിന്‍റെ പ്രകടനം. പവർ ഔട്ട്പുട്ട് ഏകദേശം 50 എച്ച്പി ആകാൻ സാധ്യതയുണ്ട്. ഷാപ്പായിട്ടുള്ള ആക്സിലറേഷനും മികച്ച ടോർക്ക് ഡെലിവറിയും ലഭിക്കും. റൈഡർ എയ്ഡുകളിലും സാങ്കേതിക സവിശേഷതകളിലും റൈഡിംഗ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ഉൾപ്പെടാം.
ശാന്തവും വൈബ്രേഷൻ രഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഇവി ഫൺ കൺസെപ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞ വർഷത്തെ ഇഐസിഎംഎയിൽ, ഹോണ്ട വ്യക്തമാക്കിയിരുന്നു. എളുപ്പത്തിൽ തിരിയാനും നിർത്താനും സഹായിക്കുന്ന ഹോണ്ടയുടെ നിരവധി നൂതന മോട്ടോർസൈക്കിൾ സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടും. CCS2 ക്വിക്ക് ചാർജറിനെ ഈ കൺസെപ്റ്റ് പിന്തുണയ്ക്കുന്നു. ഇവി ഫൺ കൺസെപ്റ്റിന്റെ ക്രൂയിസിംഗ് റേഞ്ച് ഏകദേശം 100 കിലോമീറ്ററാണെന്നാണ് റിപ്പോട്ടുകൾ. നഗര ആവശ്യങ്ങൾക്ക് ഇത് മതിയാകും.
ടീസറിൽ കാണിച്ചിരിക്കുന്ന പുതിയ ഹോണ്ട ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ റൈഡിംഗ് പൊസിഷൻ അൽപ്പം മുന്നോട്ട് ചരിഞ്ഞിരിക്കുന്നു. ടീസറിൽ ഒരു ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് കൺസോളും കാണിച്ചിരിക്കുന്നു. കോൾ, ടെക്സ്റ്റ്, മ്യൂസിക് തുടങ്ങിയ നിരവധി കണക്റ്റഡ് സവിശേഷതകൾ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ടേൺ-ബൈ-ടേൺ നാവിഗേഷനും പാക്കേജിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ഹോണ്ടയിൽ നിന്നുള്ള ഈ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ ഇന്ത്യയിൽ ലഭ്യമാകാൻ സാധ്യതയില്ല. നിലവിൽ, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) അതിന്റെ വിൽപ്പനയുടെ ഭൂരിഭാഗവും ഐസിഇ വാഹനങ്ങളിൽ നിന്നാണ് നേടുന്നത്.