
അടുത്തിടെയാണ് ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യൻ വിപണിയിൽ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിന്റെ 2025 പതിപ്പ് പുറത്തിറക്കിയത്. ഇപ്പോൾ കമ്പനി ഈ സ്‍കൂട്ടറിന്‍റെ 3.1 കിലോവാട്ട്സ് ബാറ്ററി പായ്ക്കുള്ള പുതിയൊരു വകഭേദം കൂടി അവതരിപ്പിച്ചു. 1.05 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഐക്യൂബ് 3.1 കിലോവാട്ട് പതിപ്പ് വരുന്നത്. ഇതോടെ 2.2 കിലോവാട്ട്സ്, 3.5 കിലോവാട്ട്സ്, 5.3 കിലോവാട്ട്സ് പതിപ്പുകൾ ഉൾപ്പെടെഈ സ്‍കൂട്ടർ ഇപ്പോൾ നാല് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.
ഒറ്റ ചാർജിൽ 123 കിലോമീറ്റർ റൈഡിംഗ് റേഞ്ച് പുതിയ വേരയിന്‍റ് അവകാശപ്പെടുന്നു. ഈ വേരിയന്റിൽ പുതുക്കിയ സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുന്നു. 3.1 kWh പതിപ്പ് സ്റ്റാൻഡേർഡായി ഹിൽ ഹോൾഡ് അസിസ്റ്റും മെച്ചപ്പെട്ട ഉപയോക്തൃ ഇടപെടലിനായി പുതുക്കിയ UI/UX ഇന്റർഫേസുംലഭിക്കുന്നു.
കമ്പനിയുടെ പരമ്പരയിലെ ഒരു മിഡ്-ലെവൽ ഓപ്ഷനായിട്ടാണ് ഐക്യൂബിന്റെ പുതിയ 3.1 kWh വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്, ഇത് 2.2 നും 3.5 kWh നും ഇടയിലുള്ള മോഡലുകളുടെ ഒരു ഓപ്ഷനാണ്. ഈ സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 82 കിലോമീറ്ററാണ്. ഈ സ്കൂട്ടർ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ നാല് മണിക്കൂർ 30 മിനിറ്റ് എടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ ആകെ ഭാരം 117 കിലോഗ്രാം ആണ്.
ഐക്യൂബ് വഇപ്പോൾ ആകെ ആറ് വേരിയന്റുകളിൽ ലഭ്യമാണ്. ഏറ്റവും വിലകുറഞ്ഞ വേരിയന്റ് 2.2 kWh ബാറ്ററിയുള്ളതാണ്. ഇതിന് 94,000 രൂപയോളം എക്സ്-ഷോറൂം വിലവരും. അതേസമയം, ഏറ്റവും ചെലവേറിയ മോഡൽ 5.1 kWh ബാറ്ററി പായ്ക്ക് ഉള്ള വേരിയന്‍റാണ്. ഇതിന്റെ എക്സ്-ഷോറൂം വില ഏകദേശം 1.5 ലക്ഷം രൂപയാണ്. ഐക്യൂബ് എസ്‍ടി എന്ന പേരിൽ വരുന്ന ഈ വേരിയന്റ് 212 കിലോമീറ്റർ ഐഡിസി റേഞ്ച് നൽകുന്നു. 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂർ 18 മിനിറ്റ് എടുക്കും.
ബാറ്ററി ഓപ്ഷനുകൾ മാറ്റിയിട്ടുണ്ടെങ്കിലും, സ്കൂട്ടറിന്റെ മെക്കാനിക്കൽ സവിശേഷതകൾ മുമ്പത്തെപ്പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഐക്യൂബിന് മുന്നിൽ ട്യൂബുലാർ ഫ്രെയിമും ടെലിസ്കോപ്പിക് ഫോർക്കുകളും ഉണ്ട്, പിന്നിൽ ഇരട്ട ട്യൂബ് ഷോക്ക് അബ്സോർബറുകൾ നൽകിയിട്ടുണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തിൽ മുന്നിൽ 220 എംഎം ഡിസ്‍ക് ബ്രേക്കും പിന്നിൽ 130 എംഎം ഡ്രം ബ്രേക്കും ഉണ്ട്. മറ്റ് വകഭേദങ്ങളെപ്പോലെ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു ടിഎഫ്‍ടി ഡിസ്പ്ലേയും ഇതിന് ലഭിക്കുന്നു.
അടുത്തിടെ നവീകരിച്ച ടിവിഎസ് ഐക്യൂബിൽ കൂടുതൽ സുരക്ഷയ്ക്കായി ഹിൽ ഹോൾഡ് ഫീച്ചറും ഉണ്ട്. മികച്ച ബാറ്ററി ശേഷി, റേഞ്ച് ശേഷി, ഡ്യുവൽ ടോൺ കളർ, ബാക്ക്‌റെസ്റ്റ് പോലുള്ള ഡിസൈൻ അപ്‌ഗ്രേഡുകൾ എന്നിവ ഉപയോഗിച്ച് ഇത് അടുത്തിടെ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.