റിവർ ഇൻഡി ഇലക്ട്രിക് സ്‍കൂട്ടർ ഇപ്പോൾ തിരുവനന്തപുരത്തും

Published : May 09, 2025, 04:04 PM IST
റിവർ ഇൻഡി ഇലക്ട്രിക് സ്‍കൂട്ടർ ഇപ്പോൾ തിരുവനന്തപുരത്തും

Synopsis

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്തു. ഇൻഡൽ ഓട്ടോമോട്ടീവ് ആണ് കേരളത്തിലെ റിവറിന്റെ ഡീലർ. 2025 സെപ്തംബർ ആകുമ്പോഴേക്കും കേരളത്തിൽ 10 പുതിയ സ്റ്റോറുകൾ റിവർ ആരംഭിക്കും.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ  റിവർ, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ  ഗ്രാൻറ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി. ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമൊബൈൽ കമ്പനിയാണ്  കേരളത്തിലെ റിവറിൻറെ  ഡീലർ. തിരുവനന്തപുരം, പാപ്പനംകോടാണ് റിവർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇൻഡി, ആക്സസറികൾ, മറ്റ് മെർക്കന്റൈസുകൾ എന്നിവ ഉൾപ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്നും നേരിട്ട് സ്വന്തമാക്കാം എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഇതിനോടകം തന്നെ ഇലട്രിക് സ്കൂട്ടർ വിപണിയിൽ തരംഗമായി മാറിയ റിവറിൻറെ ഇൻഡി  എന്ന മോഡലാണ് കമ്പനി  അവതരിപ്പിച്ചത്.കേരളത്തിൽ റിവറിന്റെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ കമ്പനി  നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 2025 സെപ്തംബർ ആകുമ്പോഴേക്കും തൃശൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഉൾപ്പെടെ 10 പുതിയ സ്റ്റോറുകൾ റിവർ ആരംഭിക്കും എന്ന് റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. 

ഇലക്ട്രിക് സ്‍കൂട്ടറിലെ എസ്‍യുവി എന്നാണ് റിവർ ഇൻഡിയെ അറിയപ്പെടുന്നത്. ഇൻഡൽ കോർപ്പറേഷൻ ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ, ഇൻഡൽ ഓട്ടോമോട്ടീവ് ഡയറക്ടർ അനീഷ് മോഹൻ, ഇൻഡൽ ഓട്ടോമോട്ടീവ് സി.ഇ.ഓ കൃഷ്ണ കുമാർ, റിവർ കമ്പനി  സീനിയർ ജി.എം ദിനേശ് കെ.വി, ഇൻഡൽ കോർപ്പറേഷൻ  അഡ്മിനിസ്ട്രഷൻ  വൈസ് പ്രസിഡന്റ് സന്ദീപ് ടി.പി തുടങ്ങിയവ‍ വാ‍ർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾക്ക് പുറമേ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നെ, കോയമ്പത്തൂർ, മൈസൂർ, തിരുപ്പതി, വെല്ലൂർ, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്ലറ്റുകൾ റിവറിനുണ്ട്. 1,42,999 രൂപയാണ് ഇൻഡിയുടെ തിരുവനന്തപുരം എക്സ്ഷോറൂം വില. സ്റ്റോർ സന്ദർശിച്ച് ഇൻഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെർക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം. ഓൺലൈനായും ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാം.

റിവർ ഇൻഡി: സ്പെസിഫിക്കേഷനുകൾ
റിവർ ഇൻഡിക്ക് അതിൻ്റെ കൂറ്റൻ ബോഡി വർക്ക്, ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്ന പാനിയറുകൾക്കുള്ള ഹാർഡ് മൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ബോൾഡ് ഡിസൈൻ ലഭിക്കുന്നു. ചങ്കി സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ്, ഗ്രാബ്രെയ്ൽ, ക്രാഷ് ഗാർഡുകൾ, കട്ടിയുള്ള ടയറുകളിൽ പൊതിഞ്ഞ അലോയ് വീലുകൾ എന്നിവ പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് അതിൻ്റെ പരുക്കൻ രൂപവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നു. 

മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള വീലുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ-സ്‌കൂട്ടറാണ് ഇന്‍ഡി. മുന്നിൽ ട്വിൻ എല്‍ഇഡി ലൈറ്റുകളും ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്‌പെഗ്ഗുകളും ഇതിലുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റുകളും ഇൻഡിയിൽ വരുന്നു. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ വാഹനത്തിൽ വരുന്നുണ്ട്. സൈഡ് സ്റ്റാന്‍ഡ് മോട്ടോർ കട്ട് ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90 ഡിഗ്രി വാല്‍വ് സിസ്റ്റം എന്നിങ്ങനെ പലതരം വെറൈറ്റി ഫീച്ചറുകളും ഇതിലുണ്ട്. 43 ലിറ്ററിന്റെ അണ്ടർ സീറ്റ് സ്റ്റോറേജ് സ്‌പേസും 12 ലിറ്ററിന്റെ ഗ്ലൗ ബോക്‌സും വാഹനത്തിൽ വരുന്നു. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകണം എങ്കില്‍ 25 ലിറ്റര്‍ ടോപ് ബോക്‌സും 40 ലിറ്റര്‍ വരെ ഉൾക്കൊള്ളാനാവുന്ന പാനിയർ സെറ്റും ഘടിപ്പിക്കാം. അതോടൊപ്പം രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണം റിവര്‍ ഇന്‍ഡിക്ക് വളരെ അനുയോജ്യമാണെന്ന് ചുരുക്കം. 

26 Nm പീക്ക് ടോർക്ക് വികസിപ്പിച്ചെടുക്കുന്ന 6.7 kW (8.9 bhp) ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് റിവർ ഇൻഡിയിലെ പവർ വരുന്നത്. പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. നാല് കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ഇൻഡി 80 ശതമാനം വരെ ചാർജ് ചെയ്യാമെന്ന് റിവർ പറയുന്നു. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.9 സെക്കന്‍ഡുകളാണ്. പരമാവധി വേഗതയാകട്ടെ, മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ബാറ്ററിക്കും സ്‌കൂട്ടറിനും അഞ്ച് വര്‍ഷം അല്ലെങ്കില്‍ അര ലക്ഷം കിലോമീറ്റര്‍ വരെ വാറന്‍റിയും കമ്പനി നല്‍കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

റോയൽ എൻഫീൽഡ് ബൈക്ക് വില കുറയുമോ? ഈ മോഡലുകൾക്ക് ജിഎസ്‍ടി കുറയ്ക്കണമെന്ന് ആവശ്യം
ട്രയംഫ് സ്‌ക്രാംബ്ലർ 400 X: ഡിസംബറിൽ അപ്രതീക്ഷിത നേട്ടം