
രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എന്നും ജനപ്രിയമാണ്. ഒരിക്കൽ കൂടി, റോയൽ എൻഫീൽഡ് അത് ശരിയാണെന്ന് തെളിയിക്കുകയും 2025 ജനുവരിയിൽ ആഭ്യന്തര വിപണിയിൽ 91,132 മോട്ടോർസൈക്കിളുകളുടെ മൊത്തം വിൽപ്പന രേഖപ്പെടുത്തി. 2024 ജനുവരിയിലെ 76,187 യൂണിറ്റുകളിൽ നിന്ന് 20 ശതമാനം വർധനവ് കമ്പനി രേഖപ്പെടുത്തി. കമ്പനിയുടെ ഹണ്ടർ 350 മോഡൽ 2022 ഓഗസ്റ്റിൽ ലോഞ്ച് ചെയ്‌തതിനുശേഷം 500,000 വിൽപ്പന നാഴികക്കല്ല് പിന്നിട്ടു.
കമ്പനിയുടെ സെഗ്‌മെൻ്റ് തിരിച്ചുള്ള വിൽപ്പനയെ കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, റോയൽ എൻഫീൽഡ് കഴിഞ്ഞ മാസം 350 സിസി പരിധിയിൽ മൊത്തം 78,815 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഇക്കാലയളവിൽ ഈ വിഭാഗത്തിൻ്റെ വിപണി വിഹിതം 86.48 ശതമാനമായി ഉയർന്നു. അതേസമയം 350 സിസി പ്ലസ് സെഗ്‌മെൻ്റിൽ റോയൽ എൻഫീൽഡ് ഈ കാലയളവിൽ മൊത്തം 12,317 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഈ വിഭാഗത്തിൻ്റെ വിഹിതം 13.52 ശതമാനമാണ്.
കഴിഞ്ഞ മാസം റോയൽ എൻഫീൽഡിൻ്റെ കയറ്റുമതിയിലും വലിയ വർദ്ധനവുണ്ടായി. ഈ കാലയളവിൽ റോയൽ എൻഫീൽഡ് മൊത്തം 10,080 യൂണിറ്റ് മോട്ടോർസൈക്കിളുകൾ കയറ്റുമതി ചെയ്തു. ഇക്കാലയളവിൽ റോയൽ എൻഫീൽഡിൻ്റെ കയറ്റുമതിയിൽ വാർഷികാടിസ്ഥാനത്തിൽ 79.01 ശതമാനം വളർച്ചയുണ്ടായി. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2024 ജനുവരിയിൽ, റോയൽ എൻഫീൽഡ് കയറ്റുമതി ചെയ്തത് 5,631 യൂണിറ്റ് മോട്ടോർസൈക്കിളുകൾ മാത്രമാണ്.
2025 ജനുവരിയിൽ, റോയൽ എൻഫീൽഡ് 443 സിസി ലോംഗ്-സ്ട്രോക്ക് എഞ്ചിനും ആറ് സ്പീഡ് ഗിയർബോക്സും ഘടിപ്പിച്ച ADV ക്രോസ്ഓവർ മോട്ടോർസൈക്കിളായ Scram 440 അവതരിപ്പിച്ചു. ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്വിച്ചബിൾ എബിഎസ് എന്നിവ നഗര യാത്രക്കാരെയും ഓഫ്-റോഡ് പ്രേമികളെയും ലക്ഷ്യമിടുന്ന മോഡലിൻ്റെ സവിശേഷതയാണ്.
നിലവിൽ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡിൻ്റെ ഭാഗമായ റോയൽ എൻഫീൽഡ് 1901-ൽ സ്ഥാപിതമായതുമുതൽ ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിൽ (250cc-750cc) സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ആഭ്യന്തര, കയറ്റുമതി വിപണികളിലെ കമ്പനിയുടെ വളർച്ച നഗരങ്ങളിലുടനീളമുള്ള പ്രീമിയം മോട്ടോർസൈക്കിളുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു.