റോയൽ എൻഫീൽഡിന്‍റെ വില്‍പ്പനയില്‍ വന്‍ ഇടിവ്; കാരണം ഇതാണ്

Web Desk   | Asianet News
Published : Oct 03, 2021, 07:55 PM IST
റോയൽ എൻഫീൽഡിന്‍റെ വില്‍പ്പനയില്‍ വന്‍ ഇടിവ്; കാരണം ഇതാണ്

Synopsis

ആഭ്യന്തര വിൽപ്പനയെ സംബന്ധിച്ചിടത്തോളം, റോയൽ എൻഫീൽഡ് 2021 സെപ്റ്റംബറിൽ 27,233 വിൽപ്പന നടത്തിയപ്പോൾ, 2020 സെപ്റ്റംബറിൽ 56,200 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്.  52 ശതമാനം ഇടിവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്. 

മുംബൈ: ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ വില്‍പ്പനയില്‍ ഇടിവ്.  2021 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ഈ ഇടിവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 സെപ്റ്റംബർ മാസത്തിൽ 33,529 മോട്ടോർസൈക്കിളുകളുടെ വിൽപ്പനയാണ് കമ്പനി നടത്തിയത്.  എന്നാല്‍ റോയൽ എൻഫീൽഡ് ഇന്ത്യ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 60,331 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകൾ വിറ്റിരുന്നു. 44 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

ആഭ്യന്തര വിൽപ്പനയെ സംബന്ധിച്ചിടത്തോളം, റോയൽ എൻഫീൽഡ് 2021 സെപ്റ്റംബറിൽ 27,233 വിൽപ്പന നടത്തിയപ്പോൾ, 2020 സെപ്റ്റംബറിൽ 56,200 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്.  52 ശതമാനം ഇടിവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്. സെമി കണ്ടക്ടർ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ അഭാവം ആഗോള ഓട്ടോമൊബൈൽ വിപണികളെ സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക വാഹന നിർമ്മാണ കമ്പനികളുടെയും വാഹന നിര്‍മ്മാണത്തെയും വില്‍പ്പനയെയും വിൽപ്പനയേയും ഇത് ബാധിച്ചു. ഇതുതന്നെയാണ് റോയൽ എൻഫീൽഡിന്റെ 2021 സെപ്റ്റംബർ വില്‍പ്പനയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സെപ്റ്റംബർ അവസാനത്തോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. പാർട്‍സുകളുടെ ലഭ്യത വൈകാതെ വർദ്ധിക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കയറ്റുമതിയിൽ റോയല്‍ എന്‍ഫീല്‍ഡിന്‍റെ കയറ്റുമതിയില്‍  52 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 സെപ്റ്റംബറിൽ 4,131യൂണിറ്റുകൾ കയറ്റുമതി ചെയ്‍തപ്പോൾ ഈ വർഷം അത് 6,296 യൂണിറ്റുകളായി കൂടി എന്നാണ് കണക്കുകള്‍.

റോയൽ എൻഫീൽഡ് അടുത്തിടെ പുതിയ ക്ലാസിക് 350 പുറത്തിറക്കിയിരുന്നു, 5 പുതിയ വേരിയന്റുകളിൽ 11 നിറങ്ങളില്‍ പുതിയ ക്ലാസിക്ക് 350 തിരഞ്ഞെടുക്കാം. കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്. ക്ലാസിക് 350ന് പിന്നാലെ കോണ്ടിനെന്റൽ ജിടിയുടെ ആദ്യ പതിപ്പിനൊപ്പം ട്രാക്ക് റേസിംഗിലേക്കുള്ള വരവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

ഗോവയിൽ ടിവിഎസിന്‍റെ പുത്തൻ അവതാരങ്ങൾ അനാവരണം ചെയ്തു
വിൻഫാസ്റ്റ് ഇ-സ്‍കൂട്ടറുകൾ ഇന്ത്യയിലേക്ക്; വിപണിയിൽ മാറ്റങ്ങൾ?