20 ദിവസങ്ങള്‍ക്കപ്പുറം സുസുക്കി കരുതിവച്ചിരിക്കുന്നതെന്ത്; എതിരാളികള്‍ ഭയപ്പെടുമോ?

By Web TeamFirst Published Apr 30, 2019, 8:57 PM IST
Highlights

നേരത്തെ ജൂണ്‍ മാസത്തോടെ ജിക്സറിന്‍റെ പുത്തന്‍ മോഡല്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി പറഞ്ഞതുമായാണ് പുതിയ പ്രഖ്യാപനം പലരും കൂട്ടിവായിക്കുന്നത്

മുംബൈ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുതിയ പ്രഖ്യാപനം വന്നിട്ട് അധിക സമയം ആയിട്ടില്ല. മേയ് മാസം ഇരുപതാം തിയതി പുത്തന്‍ മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സുസുക്കി പ്രഖ്യാപിച്ചതുമുതല്‍ ബൈക്ക് പ്രേമികള്‍ ആകാംഷയിലാണ്. ബൈക്ക് പ്രേമികള്‍ക്ക് ആകാംഷയാണെങ്കില്‍ എതിരാളികള്‍ക്ക് ആശങ്കയാണുള്ളത്. എന്താകും സുസുക്കി കരുതിവച്ചിട്ടുള്ളതെന്നറിയാനായി ഏവരും കാത്തിരിക്കുകയാണ്. എന്നാല്‍ പുതിയ മോട്ടോര്‍ സൈക്കിള്‍ എന്നതിനപ്പുറമുള്ള സൂചനകളൊന്നും സുസുക്കി നല്‍കിയിട്ടില്ല.

എന്നാല്‍ ജിക്സര്‍ 250 ആകും ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുകയെന്ന വിലയിരുത്തലിലാണ് ഏവരും. നേരത്തെ ജൂണ്‍ മാസത്തോടെ ജിക്സറിന്‍റെ പുത്തന്‍ മോഡല്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി പറഞ്ഞതുമായാണ് പുതിയ പ്രഖ്യാപനം പലരും കൂട്ടിവായിക്കുന്നത്. 300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് സ്‌പോര്‍ടി ഭാവമുള്ള ജിക്‌സര്‍ 250 അവതരിപ്പിക്കാന്‍ സുസുക്കി തീരുമാനിച്ചത്.

പ്രാരംഭ ടൂററെന്ന വിശേഷണത്തോടെയാകും ജിക്സര്‍ 250 വിപണിയില്‍ അവതരിക്കുകയെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ജിക്സര്‍ 150 -യുടെ ചാസി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ കരുത്താര്‍ന്ന 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തുമെന്നും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുമാകും സസ്പെന്‍ഷന്‍ നിറവേറ്റുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

14.6 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 155 സിസി എഞ്ചിനാണ് നിലവിലെ ജിക്‌സറുകളുടെ ഹൃദയം. രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്ന GSX-250R സൂപ്പര്‍സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സര്‍ 250 ന്‍റെ ഹൃദയമെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 മുതല്‍ 25 bhp വരെ കരുത്ത് ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്സായിരിക്കും ട്രാന്‍സ്മിഷന്‍. ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ക്ക് സാധ്യയതയുണ്ട്. ഒറ്റ ചാനല്‍ എബിഎസാവും ബൈക്കില്‍ നല്‍കിയേക്കുക. 

യമഹ FZ25 ആയിരിക്കും ഇന്ത്യയില്‍ വിപണിയില്‍ ജിക്സര്‍ 250 -യുടെ പ്രധാന എതിരാളി. കെടിഎം 200 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS, RS 200 തുടങ്ങിയവരും നിരത്തുകളില്‍ ജിക്‌സര്‍ 250 നോട് ഏറ്റുമുട്ടും. ഒന്നേകാല്‍ ലക്ഷം രൂപയാണ് വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന വില.

click me!