
ഇന്ത്യൻ ഇലക്ട്രിക് സ്‍കൂട്ടർ വിപണിയിൽ ശ്രദ്ധേയ നേട്ടവുമായി ടിവിഎസ് ഐക്യൂബ്. 2020ൽ വിപണിയിലെത്തിയ ഐക്യൂബ് രാജ്യത്ത് പത്ത് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐക്യൂബിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. ഐക്യൂബ് മില്യൺ എന്ന പേരിലാണ് പരിമിത പതിപ്പ് വിപണിയിലെത്തുന്നത്. കർണാടകയിലെ എക്സ്-ഷോറൂം വില 1,48,138 രൂപയാണ്. 3.5 കിലോവാട്ട് മണിക്കൂർ ബാറ്ററിയുള്ള സാധാരണ ഐക്യൂബിനെ അപേക്ഷിച്ച് ഏകദേശം 1448 രൂപ കുറവിലാണ് പ്രത്യേക പതിപ്പ് ലഭിക്കുന്നത്.
ഐക്യൂബ് മില്യൺ പതിപ്പിന്റെ പ്രധാന ആകർഷണം പുതിയ രൂപകൽപ്പനയാണ്. നോർത്തേൺ ലൈറ്റ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇരട്ട നിറത്തിലുള്ള ബോഡി, പുതിയ ഗ്രാഫിക്സ് എന്നിവ സ്‍കൂട്ടറിന് വ്യത്യസ്‍തമായ രൂപം നൽകുന്നു. ബോഡി പാനലുകളിൽ നൽകിയിരിക്കുന്ന മില്യൺ ആർ പ്രത്യേക പതിപ്പ് ബാഡ്‍ജും സാധാരണ ഐക്യൂബിൽ നിന്ന് വാഹനത്തെ വേറിട്ടുനിർത്തുന്നു. ബ്രൗൺ നിറത്തിലുള്ള സീറ്റും പുതിയ അപ്ഹോൾസ്റ്ററിയും പ്രത്യേക പതിപ്പിന്റെ ഭാഗമാണ്.
ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ പരിഗണിച്ച് സ്‍കൂട്ടറിൽ പുതിയ സ്റ്റോറേജ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിൽ അധിക സ്റ്റോറേജ് കമ്പാർട്ട്മെന്റ് നൽകിയിട്ടുണ്ട്. ഇതോടെ ഐക്യൂബിന്റെ മൊത്തം സ്റ്റോറേജ് ശേഷി 32 ലിറ്ററിൽ നിന്ന് 35.5 ലിറ്ററായി ഉയർന്നു. മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും എളുപ്പത്തിൽ ചാർജ് ചെയ്യുന്നതിനായി യു.എസ്.ബി ടൈപ്പ്-സി ചാർജിങ് പോർട്ടും ലഭിക്കും.
പ്രത്യേക പതിപ്പിലും 3.5 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. 4.4 കിലോവാട്ട് ശേഷിയുള്ള ഹബ് മൗണ്ടഡ് വൈദ്യുത മോട്ടോറാണ് സ്‍കൂട്ടറിന് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 145 കിലോമീറ്റർ വരെ ഐഡിസി പരിധി ലഭിക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. മണിക്കൂറിൽ 82 കിലോമീറ്ററാണ് പരമാവധി വേഗത. പത്ത് ലക്ഷം വിൽപ്പന എന്ന വലിയ നേട്ടത്തിന് പിന്നാലെ അവതരിപ്പിച്ച ഐക്യൂബ് മില്യൺ പതിപ്പിലൂടെ ഇലക്ട്രിക് സ്‍കൂട്ടർ ശ്രേണിയിലെ തങ്ങളുടെ ജനപ്രീതി കൂടുതൽ ശക്തമാക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്.