ആതർ കൊണാർക്ക്: മെറ്റൽ ബോഡിയുമായി പുതിയ താരം?

Published : Aug 28, 2026, 04:40 PM IST
Ather Konarc

Synopsis

ആതർ എനർജി പുതിയ ഇലക്ട്രിക് സ്കൂട്ടറായ കൊണാർക്ക് ഓഗസ്റ്റ് 29ന് അവതരിപ്പിക്കും. കുടുംബ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഈ സ്കൂട്ടറിന് മെറ്റൽ ബോഡി, നീളമുള്ള സീറ്റ്, 200 കിലോമീറ്റർ വരെ റേഞ്ച് തുടങ്ങിയ സവിശേഷതകൾ ഉണ്ടാകുമെന്നാണ് സൂചന. ബാറ്ററി വാടകയ്ക്ക് എടുക്കാവുന്ന പുതിയ സംവിധാനവും കമ്പനി അവതരിപ്പിച്ചേക്കാം.

ലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പുതിയ മോഡലുമായി ആതർ എനർജി. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടറായ കൊണാർക്ക് ഓഗസ്റ്റ് 29ന് ഔദ്യോഗികമായി അവതരിപ്പിക്കും. 2026ലെ ആതർ കമ്മ്യൂണിറ്റി ദിനത്തോടനുബന്ധിച്ചായിരിക്കും പുതിയ സ്‍കൂട്ടറിന്റെ അരങ്ങേറ്റം. കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊണാർക്ക് പരീക്ഷണ ഓട്ടം നടത്തുന്നത് പലതവണ ശ്രദ്ധയിൽപ്പെട്ടിരുന്നു. സ്‍കൂട്ടറിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോൾ ആതർ സിഇഒ തരുൺ മേത്ത പങ്കുവെച്ച പുതിയ ടീസറിലൂടെ വാഹനത്തിന്റെ ചില പ്രധാന സവിശേഷതകളുടെ സൂചനകൾ കൂടി ലഭിച്ചിരിക്കുകയാണ്.

മെറ്റൽ ബോഡിയായിരിക്കുമോ?

പുതിയ ടീസറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം സ്‍കൂട്ടറിന്റെ ബോഡി പാനലുകളിലൊന്നിൽ കാന്തം ഘടിപ്പിക്കുന്ന തരുൺ മേത്തയുടെ ദൃശ്യങ്ങളാണ്. സ്‍കൂട്ടറിന്റെ ചില ബോഡി ഭാഗങ്ങളെങ്കിലും ലോഹത്തിൽ നിർമിച്ചതാകാമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. മെറ്റൽ ബോഡി സംബന്ധിച്ച് ആതർ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ ഇത് യാഥാർഥ്യമായാൽ ഹോണ്ട ആക്ടിവ, ബജാജ് ചേതക് തുടങ്ങിയ ലോഹ ബോഡി പാനലുകൾ ഉപയോഗിക്കുന്ന മോഡലുകളുടെ നിരയിലേക്ക് കൊണാർക്കും എത്തും.

കുടുംബ ഉപയോഗത്തിന് പുതിയ സ്‍കൂട്ടർ

പുതിയ ഇഎൽ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൊണാർക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. പ്രകടനത്തിന് മുൻതൂക്കം നൽകുന്ന 450 സീരീസിൽ നിന്ന് വ്യത്യസ്തമായി ദൈനംദിന ഉപയോഗം, പ്രായോഗികത, യാത്രാ സുഖം എന്നിവയ്ക്കായിരിക്കും കൊണാർക്കിൽ കൂടുതൽ പ്രാധാന്യം നൽകുക. ഒന്നിലധികം റൈഡിങ് മോഡുകൾ, റിവേഴ്സ് അസിസ്റ്റ്, ഹിൽ-ഹോൾഡ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. കുടുംബ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പ്രായോഗിക ഇലക്ട്രിക് സ്‍കൂട്ടറായിരിക്കും കൊണാർക്ക് എന്നാണ് സൂചന.

നീളമുള്ള സീറ്റും പരന്ന ഫ്ലോർബോർഡും

പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ അനുസരിച്ച് ഹാൻഡിൽബാറിൽ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, നീളമുള്ള സീറ്റ്, പരന്ന ഫ്ലോർബോർഡ് എന്നിവ സ്കൂട്ടറിലുണ്ടാകും. നഗര യാത്രകളിൽ കൂടുതൽ സൗകര്യവും ഉപയോഗപ്രദമായ സീറ്റിങ് സംവിധാനവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ ഉൾപ്പെടുന്ന സസ്പെൻഷൻ സംവിധാനമായിരിക്കും വാഹനത്തിൽ. 14 ഇഞ്ച് ഫ്രണ്ട് വീലും 12 ഇഞ്ച് റിയർ വീലും ലഭിച്ചേക്കും. ഫ്രണ്ട് ഡിസ്കിനൊപ്പം റിയർ ഡ്രം ബ്രേക്കും പ്രതീക്ഷിക്കുന്നു.

സ്‍മാർട്ട് ഫീച്ചറുകളും എത്തും

ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി സംവിധാനങ്ങളും കൊണാർക്കിൽ ലഭിച്ചേക്കും. വോയ്സ് കമാൻഡുകൾ, റോഡിലെ കുഴികൾ സംബന്ധിച്ച മുന്നറിയിപ്പ്, ടോ അലേർട്ട്, അപകട അറിയിപ്പ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ആതറിന്റെ സ്റ്റാക്ക് 7.0 സംവിധാനവും പുതിയ സ്‍കൂട്ടറിന് ലഭിക്കാൻ സാധ്യതയുണ്ട്. സ്മാർട്ട്ഫോൺ കണക്റ്റ് ചെയ്യാതെ തന്നെ പ്രവർത്തിക്കാൻ കഴിയുന്ന ഓൺബോർഡ് നാവിഗേഷൻ സംവിധാനവും കൊണാർക്കിന്റെ പ്രധാന പ്രത്യേകതകളിലൊന്നായേക്കും.

200 കിലോമീറ്റർ വരെ റേഞ്ച്?

പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് കൊണാർക്ക് 6 വകഭേദങ്ങളിൽ എത്തിയേക്കും. 4 എസ് ട്രിമ്മുകളും 2 ഉയർന്ന സവിശേഷതകളുള്ള ക്യു വകഭേദങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. വകഭേദം അനുസരിച്ച് 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന പതിപ്പുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൃത്യമായ ബാറ്ററി ശേഷിയും റേഞ്ചും ഓഗസ്റ്റ് 29ന് മാത്രമേ ആതർ സ്ഥിരീകരിക്കുകയുള്ളൂ.

ബാറ്ററി വാടകയ്ക്ക് എടുക്കാമോ?

കൊണാർക്കിനൊപ്പം ബാറ്ററി ആസ് എ സർവീസ് സംവിധാനം അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സംവിധാനത്തിൽ ബാറ്ററി ഉൾപ്പെടാതെയുള്ള വാഹനത്തിന് പണം നൽകി വാങ്ങുകയും പകരം പ്രതിമാസ ഉപയോഗ പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്യാം. ഇതിലൂടെ വാഹനത്തിന്റെ പ്രാരംഭ വാങ്ങൽ ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൊണാർക്കിന്റെ വില, ബാറ്ററി ഓപ്ഷനുകൾ, റേഞ്ച്, ബി എ എ എസ് സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഗസ്റ്റ് 29ന് നടക്കുന്ന ആതർ കമ്മ്യൂണിറ്റി ദിനത്തിൽ പുറത്തുവരും.

PREV
Read more Articles on
click me!

Recommended Stories

യമഹ ആർ2 എത്തി; 200സിസിയിൽ പുതിയ അങ്കം
ഇനി ആമസോണിലും ഫ്ലിപ്കാർട്ടിലും ഓർഡർ ചെയ്യാം; യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് എങ്ങനെ ബുക്ക് ചെയ്യാം?