
2025 ജൂലൈയിൽ ഹീറോ മോട്ടോകോർപ്പ് ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന ഇലക്ട്രിക് സ്കൂട്ടർ വിൽപ്പന രേഖപ്പെടുത്തി. കമ്പനി 10,489 വിഡ സ്കൂട്ടറുകൾ വിറ്റു. അതായത് 2022 ൽ ലോഞ്ച് ചെയ്ത തിനുശേഷം ആദ്യമായി 10,000 യൂണിറ്റ് പ്രതിമാസ വിൽപ്പന കടന്നിരിക്കുന്നു. സർക്കാർ വെബ്‌സൈറ്റായ വാഹനിൽ ലഭ്യമായ ഡാറ്റയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വിഡയുടെ 2025 ജൂലൈയിലെ വിൽപ്പന, വാർഷികാടിസ്ഥാനത്തിൽ 107 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ മാസം 1.02 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചുകൊണ്ട് ഹീറോ മോട്ടോകോർപ്പ് ആദ്യമായി പ്രതിമാസ വിപണി വിഹിതം 10% കൈവരിച്ചു. മാത്രമല്ല, 2025 കലണ്ടർ വർഷം ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് വാഹന ബിസിനസിന് റെക്കോർഡ് വർഷമാണ്. ഈ വർഷം ജനുവരിയിൽ വിറ്റഴിച്ച 1,626 യൂണിറ്റുകളിൽ നിന്ന് ജൂലൈയിൽ 10,489 യൂണിറ്റുകളായി, ഇത് 7 മാസത്തിനുള്ളിൽ 545% വളർച്ച കാണിക്കുന്നു. ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് വാഹനങ്ങൾ ആവശ്യകതയിൽ വൻ വളർച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ മാസം വിഡയുടെ വിൽപ്പന വർദ്ധിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണം കമ്പനി പുതിയ താങ്ങാനാവുന്ന വിലയിലുള്ള വിഡ VX2 പുറത്തിറക്കിയതാണ്.
2025 മാർച്ച് മുതൽ വിഡ ബ്രാൻഡിന്റെ പ്രകടനം സൂചിപ്പിക്കുന്നത്, ഈ വർഷം ഇതുവരെയുള്ള 7 മാസത്തെ റീട്ടെയിൽ വിൽപ്പന 43,885 യൂണിറ്റുകളായി ഉയർന്നിട്ടുണ്ട് എന്നാണ്. 2024 ൽ ഹീറോ മോട്ടോകോർപ്പിന് നാല് ശതമാനം വിപണി വിഹിതമുണ്ടായിരുന്ന 43,710 യൂണിറ്റുകളെ ഇത് മറികടന്നു. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കമ്പനിയുടെ വിപണി വിഹിതം ആറ് ശതമാനം ആണ്. പ്രതിമാസ വിൽപ്പനയുടെ നിലവിലെ ശക്തമായ ആക്കം കാരണം 2025 അവസാനത്തോടെ, ഹീറോ മോട്ടോകോർപ്പ് ആദ്യമായി ഒരു ലക്ഷം യൂണിറ്റ് വാർഷിക വിൽപ്പന നാഴികക്കല്ല് മറികടക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ വിഡ ജൂലൈ 2 ന് അതിന്റെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. കമ്പനി ഇതിന് വിഡ വിഎക്സ് 2 എന്ന് പേരിട്ടു. പൂർണ്ണമായി ചാർജ് ചെയ്താൽ ഈ സ്‍കൂട്ടർ 142 കിലോമീറ്റർ വരെ ഓടും എന്ന് കമ്പനി പറയുന്നു. 'ബാറ്ററി ആസ് എ സർവീസ്' (ബിഎഎഎസ്) എന്ന ബാറ്ററി വാടക പദ്ധതിയിലൂടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഇതിന്റെ എക്സ്-ഷോറൂം വില 99,490 രൂപയാണ്. അതേസമയം, ബിഎഎഎസ് പ്രോഗ്രാമോടുകൂടിയ (ബാറ്ററി വില ഉൾപ്പെടുത്തിയിട്ടില്ല) പ്രാരംഭ വില 59,490 രൂപ മാത്രമാണ്. എന്നാൽ ലോഞ്ച് ചെയ്‍ത് ഏഴ് ദിവസത്തിനുള്ളിൽ കമ്പനി അതിന്റെ വില 15,000 രൂപ കുറച്ചു. അതിനുശേഷം അതിന്റെ വില 44,490 രൂപയായി.