
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ആദ്യ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുമായി യമഹ ഇന്ത്യ. യമഹ എയ്‌റോക്‌സ് ഇ എന്ന പേരിൽ അവതരിപ്പിച്ച പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 2.82 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില. മികച്ച പെർഫോമൻസും ദൈനംദിന ഉപയോഗ സൗകര്യവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.
എയ്‌റോക്‌സ് ഇയിൽ 1.5 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള രണ്ട് വേർതിരിച്ചെടുക്കാവുന്ന ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. ആകെ 3.0 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ഈ ബാറ്ററി സംവിധാനത്തിൽ നിന്ന് 12.6 ബി.എച്ച്.പി (9.4 കിലോവാട്ട്) കരുത്തും 48 ന്യൂട്ടൺ മീറ്റർ ടോർക്കും ലഭിക്കും. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ 117 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 3 മണിക്കൂർ 10 മിനിറ്റും രണ്ട് ബാറ്ററികളും ഒരുമിച്ച് ചാർജ് ചെയ്യാൻ 6 മണിക്കൂർ 20 മിനിറ്റുമെടുക്കും.
പവർ പ്ലസ് ബൂസ്റ്റ് മോഡിൽ മണിക്കൂറിൽ 95.5 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുമെന്ന് യമഹ പറയുന്നു. സ്‌കൂട്ടറിന്റെ ഭാരം 139 കിലോഗ്രാമാണ്. മുൻവശത്ത് 110/80-14 വലിപ്പത്തിലുള്ള ടയറും പിന്നിൽ 140/70-14 വലിപ്പത്തിലുള്ള ടയറുമാണ് നൽകിയിരിക്കുന്നത്. മുൻവശത്തും പിന്നിലും ഡിസ്‍ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനായി സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇക്കോണമി, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണ് സ്‌കൂട്ടറിലുള്ളത്. ഇതിന് പുറമെ യമഹ വൈ-കണക്ട് മൊബൈൽ ആപ്പ്, ഫുൾ കളർ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ടേൺ ബൈ ടേൺ നാവിഗേഷൻ, റിവേഴ്സ് മോഡ്, കീലെസ് ഇഗ്നിഷൻ, ട്രാക്ഷൻ കൺട്രോൾ സംവിധാനം, ഫോൺ കോൾ, സന്ദേശ അറിയിപ്പുകൾ, പൂർണ എൽ.ഇ.ഡി ലൈറ്റിങ് എന്നിവയും ലഭ്യമാണ്.
നിലവിൽ ഗ്ലോസി വൈറ്റ് നിറത്തിലാണ് യമഹ എയ്‌റോക്‌സ് ഇ അവതരിപ്പിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള അലങ്കാരങ്ങളും ഇളം നീല ഗ്രാഫിക്‌സും ചേർന്ന ഡിസൈനാണ് സ്‌കൂട്ടറിന് നൽകിയിരിക്കുന്നത്. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് യമഹയുടെ ഈ പുതിയ നീക്കം.