ഇനി ആമസോണിലും ഫ്ലിപ്കാർട്ടിലും ഓർഡർ ചെയ്യാം; യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് എങ്ങനെ ബുക്ക് ചെയ്യാം?

Published : Aug 23, 2026, 03:49 PM IST
Yezdi roadster red wolf

Synopsis

ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ മോഡലായ യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ഇപ്പോൾ ആമസോണിലും ഫ്ലിപ്‍കാർട്ടിലും ലഭ്യമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈനായി ബൈക്ക് ബുക്ക് ചെയ്യാനും, തുടർന്ന് അടുത്തുള്ള ഡീലർഷിപ്പ് വഴി രജിസ്ട്രേഷനും ഡെലിവറിയും പൂർത്തിയാക്കാനും സാധിക്കും.

പ്രീമിയം മോട്ടോർസൈക്കിൾ വാങ്ങാൻ ഇനി ഷോറൂമിൽ നേരിട്ട് പോകണമെന്നില്ല. ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ആമസോണിലും ഫ്ലിപ്‍കാർട്ടിലും ലഭ്യമാക്കിയിരിക്കുകയാണ്. ഓൺലൈൻ വഴി ബൈക്ക് ബുക്ക് ചെയ്യാനും തുടർന്ന് പ്രാദേശിക ഡീലർഷിപ്പിലൂടെ രജിസ്ട്രേഷനും ഡെലിവറിയും പൂർത്തിയാക്കാനും സാധിക്കും. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ഷോപ്പിങ് താൽപര്യം കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് കമ്പനി അറിയിച്ചു. പരമ്പരാഗത ഡീലർഷിപ്പ് ശൃംഖലയ്ക്ക് പുറമെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രീമിയം മോട്ടോർസൈക്കിളുകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

വില 2.09 ലക്ഷം രൂപ

യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫിന്റെ എക്‌സ്- ഷോറൂം വില 2,09,950 രൂപയാണ്. അംഗീകൃത ഡീലർഷിപ്പുകൾക്ക് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴിയും ഇനി ബൈക്ക് വാങ്ങാം. 1970കളിലെ യെസ്ഡി മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റോഡ്സ്റ്റർ റെഡ് വുൾഫിന്റെ രൂപകൽപ്പന. കടുംചുവപ്പ് നിറത്തിലുള്ള ഫിനിഷ്, ക്രോം ഡീറ്റെയിലിങ്, റോഡ്സ്റ്റർ ശൈലിയിലുള്ള ഡിസൈൻ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

350 സിസി എൻജിനും 6-സ്പീഡ് ഗിയർബോക്സും

350 സിസി ആൽഫ2 ലിക്വിഡ്- കൂൾഡ് എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. 6- സ്പീഡ് ഗിയർബോക്സിനൊപ്പം അസിസ്റ്റ്, സ്ലിപ്പർ ക്ലച്ചും ലഭിക്കും. ഡ്യുവൽ-ചാനൽ എബിഎസ്, സുഖപ്രദമായ റൈഡിങ് എർഗണോമിക്സ്, 12.5 ലിറ്റർ ഇന്ധന ടാങ്ക് എന്നിവയും ബൈക്കിലുണ്ട്. ഒറ്റ ടാങ്കിൽ 350 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ബൈക്കിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ആമസോണിലൂടെയും ഫ്ലിപ്‍കാർട്ടിലൂടെയും എങ്ങനെ വാങ്ങാം?

ഓൺലൈൻ വഴി ബൈക്ക് വാങ്ങുന്ന പ്രക്രിയ വളരെ ലളിതമാണ്. ആദ്യം ഉപഭോക്താക്കൾ ആമസോൺ അല്ലെങ്കിൽ ഫ്ലിപ്‍കാർട്ട് വഴി എക്‌സ്- ഷോറൂം ബുക്കിങ് തുക അടച്ച് ബൈക്ക് ബുക്ക് ചെയ്യണം. തുടർന്ന് ഉപഭോക്താവിന്റെ പ്രദേശത്തെ അംഗീകൃത ഡീലർ ഓർഡർ സ്ഥിരീകരിക്കും. ബാക്കി ഓൺ- റോഡ് തുകയും മറ്റ് ബാധകമായ ചാർജുകളും ഡീലർഷിപ്പിൽ അടയ്ക്കണം. രജിസ്ട്രേഷൻ, ഇൻഷുറൻസ് തുടങ്ങിയ നടപടികൾ ഡീലർഷിപ്പിൽ പൂർത്തിയാക്കിയ ശേഷമായിരിക്കും ബൈക്കിന്റെ ഡെലിവറി. അധിക ആക്‌സസറികളും മറ്റ് ഇനങ്ങളും ഡീലർഷിപ്പിൽ നിന്ന് തന്നെ വാങ്ങാൻ സാധിക്കും.

ഉടമസ്ഥാവകാശത്തിനും അധിക പരിരക്ഷ

വിൽപ്പനാനന്തര സേവനങ്ങൾക്കായി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ഓണർഷിപ്പ് അഷ്വറൻസ് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡായി 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി ലഭിക്കും. ഇത് 6 വർഷം വരെ നീട്ടാനുള്ള എക്സ്റ്റൻഡഡ് വാറന്റി ഓപ്ഷനും കമ്പനി നൽകുന്നു. റോഡ്‌സൈഡ് അസിസ്റ്റൻസ് 8 വർഷം വരെ ലഭിക്കും. രാജ്യവ്യാപക പരിരക്ഷയോടെ 5 വർഷം വരെ എഎംസി സൗകര്യവും ലഭ്യമാണ്.

450ലേറെ വിൽപ്പന- സർവീസ് കേന്ദ്രങ്ങൾ

രാജ്യത്തുടനീളം 450ലേറെ വിൽപ്പന, സർവീസ് ടച്ച് പോയിന്റുകൾ തങ്ങൾക്കുണ്ടെന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ബൈക്ക് ബുക്കിങ് കൂടുതൽ എളുപ്പമാക്കുന്നതിലൂടെ, കൂടുതൽ നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് റോഡ്സ്റ്റർ റെഡ് വുൾഫിനെ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഓൺലൈനായി ബൈക്ക് തിരഞ്ഞെടുക്കുകയും ബുക്ക് ചെയ്യുകയും ചെയ്ത ശേഷം ഡീലർഷിപ്പിലൂടെ ബാക്കി നടപടികൾ പൂർത്തിയാക്കുന്ന രീതിയാണ് ഇതിലൂടെ നടപ്പാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഹോണ്ടയുടെ പുതിയ ട്വിസ്റ്റ്; സിബി 300എഫ് ട്വിസ്റ്റർ
റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇനി ഗൂർഖ ലുക്കിൽ! വില 2.11 ലക്ഷം