'ഒരു പുരുഷനെന്തിന് സ്ത്രീയെ ബഹുമാനിക്കണമെന്ന് ആലോചിച്ച് ഞാന്‍ ഉറക്കമിളച്ചു'

By Pusthakappuzha Book ShelfFirst Published Apr 29, 2020, 5:43 PM IST
Highlights

പുസ്തകപ്പുഴയില്‍ ഇന്ന് സഹീറാ തങ്ങള്‍ എഴുതിയ വിശുദ്ധസഖിമാര്‍ എന്ന നോവലില്‍ നിന്നൊരു ഭാഗം.

പുസ്തകപ്പുഴയില്‍ ഇന്ന് സഹീറാ തങ്ങള്‍ എഴുതിയ വിശുദ്ധസഖിമാര്‍ എന്ന നോവലില്‍ നിന്നൊരു ഭാഗം. ഡിസി ബുക്‌സ് ആണ് ഈ പുസ്തകം പുറത്തിറക്കിയത്.  അവതാരികയില്‍ ഈ നോവലിനെക്കുറിച്ച് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഇങ്ങനെ എഴുതുന്നു: ''ആണ്‍-പെണ്‍ ബന്ധങ്ങള്‍ രണ്ട് ശത്രുരാജ്യങ്ങളോ വേട്ടയാടപ്പെടേലാ ആയി പരിണമിക്കുമ്പോള്‍ പരാജയപ്പെടുന്ന ജൈവിക കാമനകള്‍ ഒരു സമസ്യയായിത്തീരുന്നു. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ സ്വയം അഭിമുഖീകരിക്കുകയും ഓരോ ചോദ്യവും ആത്മഭാഷണങ്ങളുടെ ഡയറിച്ചിത്രമാവുകയും ചെയ്യുന്നു. സ്ത്രീ വ്യസനങ്ങളുടെ ഉന്‍മാദ പരിസരങ്ങളെ തീക്ഷ്ണ വര്‍ണ്ണത്തില്‍ വരച്ചിടുന്ന നോവല്‍''.  

 

 

എന്റെ സഖി

തീയതികളൊന്നും കൃത്യമല്ലാത്തതുകൊണ്ട് വല്ലാത്തൊരു സുഖമുണ്ട് ഈ ഡയറിയിലെഴുതാന്‍. അന്നന്നത്തെ കാര്യങ്ങള്‍ ഓര്‍മ്മിച്ചെഴുതാന്‍ മെനക്കെടേണ്ട. ഇപ്പൊ എന്ത് ഓര്‍മ്മയില്‍ വരുന്നോ അതില്‍ പിടിച്ചു തുടങ്ങാം.

വായിക്കേണ്ടത് മുപ്പതു വയസ്സിനു മേലേയുള്ള വിവാഹിതകളായതുകൊണ്ട് എങ്ങനെ അടുക്കും ചിട്ടയുമില്ലാതെ എഴുതിയാലും അവര്‍ക്കതു മനസ്സിലാവും. പോരാത്തതിന് വേദനകളെക്കുറിച്ചൊക്കെ ചെറിയ ഓരോ സൂചനകള്‍ കൊടുത്താല്‍ മതി അവര്‍ അത് അനുഭവിച്ചറിഞ്ഞ ഫലമാകും. പ്രസവവേദന എന്തെന്നൊക്കെ വിശദീകരിച്ചെഴുതിയാല്‍ പാവം ഇനി പ്രസവിക്കാനായി വിധിക്കപ്പെട്ട കൊച്ചു പെണ്‍കുട്ടികളൊക്കെ പേടിച്ചു വിറയ്ക്കും. അല്ലെങ്കിലിനി വിവാഹമേ വേണ്ടെന്നു
വയ്ക്കും. അതുമല്ലെങ്കില്‍ അമേരിക്കയിലോ മറ്റോ വേദനയില്ലാതെ പ്രസവിക്കാന്‍ ഉപായം കണ്ടുപിടിച്ചു എന്നു വായിച്ചതിന്റെ വിശദാംശങ്ങള്‍ ഉറക്കമൊഴിച്ചിരുന്ന് ഗൂഗിളില്‍ പരതും. അമേരിക്കക്കാര്‍ക്കെല്ലാം ഉപായങ്ങളാണല്ലോ. അവിടെ ജനിക്കാനും ജീവിക്കാനും വേണം ഒരു യോഗം. അതൊക്കെ വല്യ ചെലവുള്ള കാര്യങ്ങളല്ലേ? അത്രയും കാശ് ഭര്‍ത്താവ് കോടീശ്വരനാണേലും ചെലവഴിക്കാന്‍ പെണ്ണിനു സാധിക്കുമോ? കഴിയുന്ന പെണ്ണുങ്ങളും ഉണ്ടാവുമായിരിക്കും. അത്ര തന്റേടം പാടുണ്ടോ പെണ്ണുങ്ങള്‍ക്ക്?

തന്റെ പ്രിയപ്പെട്ടവന്റെ രക്തം ഉദരത്തില്‍ വഹിക്കുന്നതുതന്നെ അന്തസ്സായി കാണാനുള്ള മനസ്സുവേണം. മാത്രമല്ല വേദനയറിഞ്ഞു പ്രസവിച്ചാലേ കുഞ്ഞിനോടു സ്‌നേഹമുണ്ടാവൂന്നാണ് വല്ല്യമ്മച്ചി പറഞ്ഞിരുന്നത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയില്ലേ? (സൗകര്യാര്‍ത്ഥം നമുക്കവളെ സഖി എന്നു വിളിക്കാം. ഈ കുറിപ്പുകള്‍ ആരെങ്കിലും വായിക്കാനിടവന്നാല്‍ മോശമാണ്. അവളെന്നെ കൊന്നുകളയും) 

സഖി ഇതുകേട്ടു പൊട്ടിച്ചിരിച്ചു.

''എന്റെ പെണ്ണേ... നീയിങ്ങനെയൊരു ബുദ്ദൂസ് ആയിപ്പോയല്ലോ. ഇതൊക്കെ പെണ്ണുങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറയണ ന്യായങ്ങളല്ലേ? കാലാകാലങ്ങളില്‍ വ്യത്യസ്തമായ ഇത്തരം പുണ്യപ്രസ്താവനകള്‍ സമൂഹം ഇറക്കിക്കൊണ്ടേയിരിക്കും. അല്ലെങ്കില്‍ അവസാനത്തെ അടവായി മതങ്ങളുടെ തലയില്‍ കെട്ടിവയ്ക്കും. പാപ-പുണ്യങ്ങളുടെ ഗണത്തില്‍പ്പെടുത്തി നട്ടംതിരിക്കും. ദൈവത്തെ മുന്‍നിര്‍ത്തി എന്തു മതപ്രസ്താവനകള്‍ പറഞ്ഞാലും നമ്മള്‍ ഒതുങ്ങിക്കൊള്ളുമല്ലോ. ഈ പറയുന്നോമ്മാരൊന്നും ബൈബിളോ ഖുര്‍ ആനോ ഗീതയോ ദൂരെനിന്നുപോലും കണ്ടിട്ടുണ്ടാവില്ല.''

 

........................................................

'വിശുദ്ധസഖിമാര്‍' ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

സഖിയുടെ വിചാരം അവള്‍ക്കെല്ലാം അറിയാം എന്നാണ്. ആണുങ്ങളോട് അവള്‍ക്കെന്താ ഇത്ര വൈരാഗ്യം? പക്ഷേ, അവളുടെ ഭര്‍ത്താവിനെക്കഴിഞ്ഞേ മറ്റെന്തും ഉള്ളൂ അവള്‍ക്ക്. ഒരിക്കല്‍ തന്നെ വല്ലാതെ കളിയാക്കിയ സമയത്ത് താനത് തിരിച്ചടിച്ചപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു.

''എന്റെ ഭര്‍ത്താവ് ഒരു യഥാര്‍ത്ഥ പുരുഷനാണ്. കാരണം, അയാള്‍ സ്ത്രീയെ ബഹുമാനിക്കുന്നു!''

ഒരു പുരുഷന്‍ എന്തിനു സ്ത്രീയെ ബഹുമാനിക്കണമെന്ന് ആലോചിച്ച് രാത്രി മുഴുവന്‍ ഞാന്‍ ഉറക്കമിളച്ചതു മിച്ചം. 

അവളുമായി ഞാന്‍ ഗുസ്തിപിടിക്കാറുണ്ടെങ്കിലും അവള്‍ക്ക് നല്ല വിവേകവും വിവരവുമുണ്ട്. ലോകപരിചയമുണ്ട്. നാനാതരം ആളുകളുമായി ഇടപഴകിയ നന്‍മയുടെ സ്വാധീനമുണ്ട്. പത്രപ്രവര്‍ത്തകയല്ലേ, ധാരാളം വായനയുമുണ്ട്!  

അവള്‍ എപ്പോഴും പെണ്ണുങ്ങളുടെ കുഴപ്പം കണ്ടുപിടിക്കാന്‍ മിടുക്കിയാണ്. പഠിച്ചു പഠിച്ചു വല്യ കലക്ടറായിക്കഴിഞ്ഞാല്‍പോലും ഒരു ദിനപത്രംപോലും മനസ്സര്‍പ്പിച്ചു വായിച്ചുനോക്കാന്‍ സമയമില്ലാത്തവര്‍ ആണത്രേ പെണ്‍വര്‍ഗ്ഗം. സത്യത്തില്‍ ഞാന്‍ കണ്ട ആണുങ്ങളില്‍വെച്ച് അവളുടെ ഭര്‍ത്താവിന് ഒരു വ്യത്യസ്ത സ്വഭാവമുണ്ടായിരുന്നു. എല്ലാ കാര്യവും സുഹൃത്തുക്കളെപ്പോലെ സംസാരിക്കുന്നതു കാണുമ്പോള്‍, അടുക്കളയില്‍പോലും അവള്‍ക്കൊത്ത് സഹായിയായി നില്‍ക്കുമ്പോള്‍; മറ്റുള്ളവര്‍ ഒളിച്ചും പതുങ്ങിയും വിളിക്കുന്നതുതന്നെ ഞാനും ഉള്ളില്‍ കരുതി. വലിയ പോലീസുകാരന്‍ ആയിട്ടെന്താ... പെങ്കോന്തന്‍.

അങ്ങനെ ഉള്ളില്‍ കരുതുമ്പോഴും നിശ്ശബ്ദമായ ഒരു ആരാധന അവളോടും അവളുടെ ഭര്‍ത്താവിനോടും എന്റെയുള്ളില്‍ ഉയരുന്നത് എന്തിനെന്നുമാത്രം മനസ്സിലാവുന്നുണ്ടായിരുന്നില്ല.

പക്ഷേ, എന്റെ പാവം ഭര്‍ത്താവിന് വീട്ടുപണികളൊന്നും വശമില്ല. അറിയാത്ത പണിയെടുപ്പിക്കാന്‍ എങ്ങനെ മനസ്സുവരും? വേറൊരു സ്വകാര്യം പറയട്ടെ; സത്യത്തില്‍ എന്റെ കല്യാണം കഴിഞ്ഞു ഭര്‍ത്തൃഗൃഹത്തില്‍ കാലുകുത്തുന്നതുവരെ ഒരുകപ്പ് ചായയുണ്ടാക്കാന്‍കൂടി എനിക്കറിയില്ലായിരുന്നു. ഒറ്റമോളായതുകൊണ്ട് ഒന്നും ചെയ്യാന്‍ അമ്മ വിട്ടിരുന്നില്ലെന്നതാണു വാസ്തവം. എന്നിട്ടെന്തായി? വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഞാന്‍ പെട്ട പാട്. അങ്ങനെയൊരു ഗതി എനിക്കു വരുത്തിയതിന് അമ്മയെയാണ് പഴിക്കേണ്ടത്.

 

 

എന്നെക്കാള്‍ കൊച്ചായിരുന്നെങ്കിലും എല്ലാ പണികളും കമല എന്നെ പഠിപ്പിച്ചു. അതിനു ഗുരുദക്ഷിണ അവള്‍ക്കു കൊടുക്കേണ്ടതായിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍. എരിവും പുളിയും കടുപ്പവും. 

ജനിച്ചുവളര്‍ന്ന നാടും വീടും വീട്ടുകാരും നാട്ടുകാരുമെല്ലാം ഇത്രപെട്ടെന്ന് അന്യമായിപ്പോവുന്ന വിവാഹം യഥാര്‍ത്ഥത്തില്‍ സദാചാരമാണോ? വിവാഹത്തോടെ പൂര്‍ണ്ണമായും മറ്റൊരുവളാവുക. പുതിയ വീട്, ആചാരാനുഷ്ഠാനങ്ങള്‍, ഭര്‍ത്തൃവീട്ടുകാരുടെ താത്പര്യങ്ങള്‍, ഒരു ചെറിയ പിഴവുപോലും പെണ്ണിന്റെ ദോഷമായി വിലയിരുത്തപ്പെടുന്ന അവസ്ഥ. ഏയ്... ഭൂരിഭാഗം പെണ്ണുങ്ങള്‍ക്കും അതൊക്കെ എളുപ്പം ആകുമെന്നേയ്. അതോണ്ടല്ലേ ജപ്പാനിപ്പെണ്ണ് മലയാളിച്ചെക്കനെ കെട്ടി ചുരിദാറുമിട്ട് മുടിയും മെടഞ്ഞിട്ട് ശാലീനസുന്ദരിയായി നടക്കുന്നത്? പെണ്ണുങ്ങള്‍ക്ക് അതിനൊക്കെ എന്താ പ്രയാസം? ജനിച്ചുവളര്‍ന്ന ചുറ്റുപാടും സൗകര്യങ്ങളും ഒക്കെയായി വിവാഹം കഴിയണവരെ അടിച്ചുപൊളിച്ചു ജീവിക്കുന്നില്ലേ ഭാഗ്യവതികള്‍. പിന്നെ വസ്ത്രത്തിലെങ്കിലും അല്പം മാറ്റം ഭാര്യയ്ക്കുവേണ്ടി വരുത്തണമെന്നുവെച്ചാതന്നെ ഈ ആണുങ്ങള്‍ക്കെവിടെ വിവിധതരം വസ്ത്രങ്ങള്‍? എല്ലായിടത്തും പാന്റ്‌സും ഷര്‍ട്ടും, അല്ലെങ്കില്‍ ടി-ഷര്‍ട്ട്, ബര്‍മുഡയൊക്കെ അല്പം പരിഷ്‌കാരികള്‍ക്കു മാത്രം. 

കണ്ടില്ലേ എന്റെ അവസ്ഥ. പറഞ്ഞുതുടങ്ങിയതു പ്രസവത്തെക്കുറിച്ച്. നീട്ടിവലിച്ചുകൊണ്ടുപോകുന്നത് എങ്ങോട്ടേക്കാ? ഇതുകൊണ്ടൊക്കെത്തന്നെയാവും ഞാന്‍ നോര്‍മല്‍ അല്ലെന്ന് അവര്‍ പറഞ്ഞത്. എന്നിട്ടും ഈ പതിനൊന്നു വര്‍ഷം അവരെന്നെ സഹിച്ചില്ലേ?

 

'വിശുദ്ധസഖിമാര്‍' ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

....................................................

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും ഇവിടെ വായിക്കാം

click me!