പുസ്തകപ്പുഴയില്‍ ഇന്ന് എം. ലുഖ്മാന്‍ എഴുതിയ 'വാക്കുകളുടെ കര, കടല്‍, ആകാശം-ഒരു പുസ്തകസ്‌നേഹിയുടെ ആത്മ രഹസ്യങ്ങള്‍' എന്ന പുസ്തകത്തിന്റെ വായന. മുജീബുല്ല. കെ. വി എഴുതുന്നു|  Mujeebulla KV Reading a book on books and spiritual journeys by M Luqman 

മിലന്‍ കുന്ദേരയും ആനി എര്‍ണോയും ലൂയിസ് ഗ്ലക്കും ഏകാധിപത്യത്തിനെതിരെ എഴുതിയ അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മായില്‍ ഖാദരെയും ആലിസ് മണ്‍റോയും തുടര്‍ന്നുള്ള അധ്യായങ്ങളില്‍ കടന്നുവരുന്നു. ചിന്തയും അക്ഷരങ്ങളുമെന്ന രണ്ടാം ഭാഗത്തില്‍ നോം ചോംസ്‌കിയും ജോര്‍ജ്ജ് ഓര്‍വെല്ലും ഈഡിത് ഗ്രോസ്മാനും ഗാന്ധിജിയുമുണ്ട്..

എം. ലുഖ്മാന്‍ എഴുതിയ 'വാക്കുകളുടെ കര, കടല്‍, ആകാശം' എന്ന പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

'സാലിം' എന്നാല്‍ രക്ഷപ്പെട്ടവന്‍. പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ കിണറ്റില്‍ വീണു മരിച്ച തന്റെ ഉമ്മയുടെ വയറ് അനങ്ങുന്നത് കണ്ട് ആരൊക്കെയോ കീറിയെടുത്ത്, ജീവിതത്തിലേക്ക് കൊണ്ടുവന്ന അവന് നല്‍കാന്‍ അതിലും നല്ല പേര് എന്താണ്?'

2023-ലെ അറബ് ബുക്കര്‍ പ്രൈസ് നേടിയ ഒമാനി എഴുത്തുകാരന്‍ സഹറാന്‍ അല്‍ ഖാസിമിയുടെ നോവലിലെ മുഖ്യ കഥാപാത്രമാണ് സാലിം.

കുഞ്ഞുനാള്‍ മുതലേ സാലിം ചില പ്രദേശങ്ങളില്‍ എത്തിയാല്‍ 'ദേ വെള്ളം, വെള്ളം' എന്നു പറയും. ഈ ശീലം കാരണം, അവന് എന്തോ കുഴപ്പമുണ്ടോ എന്ന് ആളുകള്‍ സംശയിച്ചു. എന്നാല്‍ ഒരു കടുത്ത വരള്‍ച്ച കാലത്ത്, ഒരു മൊട്ടക്കുന്നിനുമുകളില്‍ വച്ച് സാലിം 'വെള്ളം, വെള്ളം' എന്നു പറഞ്ഞപ്പോള്‍, ഒരാള്‍ അവിടെ കുഴിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു. അധികം കുഴിക്കാതെ തന്നെ അതാ വരുന്നു വെള്ളം!

മണ്ണില്‍ തല വെച്ചാല്‍ ജലസ്വരം മനസ്സിലാക്കാനാവുന്ന സാലിം അതോടെ തിരക്കുള്ളവനായി.

തുടര്‍ന്നങ്ങോട്ടുള്ള അവന്റെ 'ജലയാത്രകള്‍' ആണത്രേ നോവല്‍.

വെള്ളം പ്രമേയമായി വരുന്ന നോവലിന്റെ പേര് 'തഗ്റിബതുല്‍ ഖാഫിര്‍'. തന്റെ 'വാക്കുകളുടെ കര കടല്‍ ആകാശം' എന്ന കൃതിയിലെ 'അറബ് മുസ്ലിം ആവിഷ്‌കാരങ്ങള്‍' എന്ന ഭാഗത്ത് സഹറാന്‍ അല്‍ ഖാസിമിയെ കൂടാതെ ത്വയ്യിബ് സാലിഹ്, ഖാസിം ഹദ്ദാദി, കനഫാനി തുടങ്ങിയ അറബ് എഴുത്തുകാരെയും ലുഖ്മാന്‍ പരിചയപ്പെടുത്തുന്നുണ്ട്.

ഏതാനും ഫലസ്തീനി കവികളുടെ കവിതകളുടെ സ്വതന്ത്ര വിവര്‍ത്തനവും ചേര്‍ത്തിട്ടുണ്ട്. അതില്‍ ഒരു കവിതയിലെ ഏതാനും വരികള്‍ ഇവിടെ ചേര്‍ക്കാം.

ഇസ്രായേല്‍ പട്ടാളക്കാരന്റെ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ചാണ് ഹനാന്‍ മിഖായേല്‍ അശ്‌റാവിയുടെ കവിത. ഒരു നാലു വയസ്സുകാരിയും 9 മാസം മാത്രം പ്രായമുള്ള മറ്റൊരു കുഞ്ഞും:

'നാളെ ബാന്‍ഡേജുകള്‍

എടുത്തുമാറ്റും

ഞാന്‍ കാണുക ഒരു ഓറഞ്ചിന്റെ പാതിയാകുമോ?

ആപ്പിളിന്റെ പാതിയാകുമോ?

ഉമ്മയുടെ മുഖത്തിന്റെ പാതിയാകുമോ?

.....

എനിക്ക് നാല് വയസ്സായി

ആവശ്യത്തിന് പ്രായമായി

ഞാന്‍ ലോകം വേണ്ടത്ര കണ്ടു കഴിഞ്ഞു

അവള്‍ ചെറിയൊരു കുഞ്ഞായിരുന്നില്ലേ?..'

അറബി ഭാഷ പഠിച്ചവര്‍ പോലും അറബ് സാഹിത്യത്തെ ഗൗരവത്തില്‍ എടുക്കാത്ത അവസ്ഥ കേരളത്തില്‍ ഉണ്ടെന്നും, മലയാളികള്‍ ധാരാളമായി ഇടപഴകുന്ന ഇടങ്ങളില്‍ നിന്നുള്ള അറബ് സാഹിത്യകൃതികള്‍ പോലും നമുക്ക് വലിയ തോതില്‍ അന്യമാണെന്നും ലുഖ്മാന്‍ എഴുതുന്നു. കൗതുകത്തോടെ ലോകസാഹിത്യം വായിക്കുന്ന മലയാളികള്‍ക്ക് അറബ് സാഹിത്യത്തിന്റെ വിപുലമായ ലോകം അപരിചിതമാണ്.

...........

വിശ്വസാഹിത്യത്തിലെ പ്രതിഭാധനരായ ഒട്ടേറെ എഴുത്തുകാരെ, അവരുടെ രചനകളെ, ഇംഗ്ലീഷ്, അറബി സാഹിത്യ ലോകത്തെ, ലളിതസുന്ദരമായി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന രചനയാണ്, എം. ലുഖ്മാന്‍ എഴുതിയ 'വാക്കുകളുടെ കര, കടല്‍, ആകാശം'. എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ ഉദ്ദേശിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരം. വായനക്കാര്‍ക്ക്, ആധുനികരും സമകാലികരുമായ ഇംഗ്‌ളീഷ്, അറബി എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടാനും, സര്‍ഗ്ഗാത്മക രചനകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്, പ്രമുഖ എഴുത്തുകാരുടെ എഴുത്തു വായനാ രീതികളും രചനാ കൗശലങ്ങളുമൊക്കെ മനസ്സിലാക്കാനും ഉപകരിക്കുന്ന രചന. തന്റെ തന്നെ എഴുത്തുവായനാ ജീവിതാനുഭവങ്ങളിലൂടെയാണ് ഇതിലെ മുഴുവന്‍ രചനകളും കടന്നുപോകുന്നത് എന്നതാണ് കൃതിയുടെ സവിശേഷത. വായനക്കാരനെ കൂടെക്കൂട്ടാനുള്ള വിരുത് ലുഖ്മാന്റെ എഴുത്തിനുണ്ട്.

അവതാരികയില്‍ ജി. പി. രാമചന്ദ്രന്‍ പറയുന്നതുപോലെ, പുസ്തകത്തിന്റെ അകത്തുകൂടെയുള്ള വായനാ സഞ്ചാരമാണ് ലുഖ്മാന്റേത്. അതുപോലെ, താന്‍ പരിചയപ്പെടുത്തുന്ന എഴുത്തുകാരുടെ ജീവിതവും രചനകളും സംക്ഷിപ്തമായി അവതരിപ്പിക്കുന്നതില്‍ ലുഖ്മാന്‍ കാണിക്കുന്ന മിടുക്ക് ശ്രദ്ധേയമാണ്. സാഹിത്യ, ഗദ്യ രചനകള്‍ മാത്രമല്ല, എഡിറ്റിങ്ങും അഭിമുഖവും, എന്തിനധികം, ചരമ കോളങ്ങള്‍ വരെ ഇതിലെ അധ്യായങ്ങളില്‍ കടന്നുവരുന്നു.

ഏഴു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം, ലോക സാഹിത്യം, ആരംഭിക്കുന്നത് 2021-ലെ നോബല്‍ സമ്മാന ജേതാവായ അബ്ദുറസാഖ് ഗുര്‍ണയുടെ രചനകളെക്കുറിച്ച ലേഖനത്തിലൂടെയാണ്. ടാന്‍സാനിയയിലെ ബ്രിട്ടീഷ്, ജര്‍മന്‍ അധിനിവേശം പശ്ചാത്തലമാക്കി അദ്ദേഹമെഴുതിയ നോവല്‍ 'ആഫ്റ്റര്‍ ലൈവ്‌സ്' പരാമര്‍ശിക്കുമ്പോള്‍, അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഏറെ വേദിയായ മലബാറില്‍നിന്ന് അത്തരമൊരു നോവല്‍ പിറന്നില്ലല്ലോ എന്ന നിരാശ ലുഖ്മാന്‍ പങ്കുവയ്ക്കുന്നുണ്ട്.

മിലന്‍ കുന്ദേരയും ആനി എര്‍ണോയും ലൂയിസ് ഗ്ലക്കും ഏകാധിപത്യത്തിനെതിരെ എഴുതിയ അല്‍ബേനിയന്‍ എഴുത്തുകാരന്‍ ഇസ്മായില്‍ ഖാദരെയും ആലിസ് മണ്‍റോയും തുടര്‍ന്നുള്ള അധ്യായങ്ങളില്‍ കടന്നുവരുന്നു.

ചിന്തയും അക്ഷരങ്ങളുമെന്ന രണ്ടാം ഭാഗത്തില്‍ നോം ചോംസ്‌കിയും ജോര്‍ജ്ജ് ഓര്‍വെല്ലും ഈഡിത് ഗ്രോസ്മാനും ഗാന്ധിജിയുമുണ്ട്..

എം. ലുഖ്മാന്‍

...........

കാഫ്ക്കയുടെ 'മെറ്റമോര്‍ഫോസിസ്' പരാമര്‍ശിക്കവേ ലുഖ്മാന്‍ പറയുന്ന ഒരു വാചകമുണ്ട്, 'നിരൂപണങ്ങളിലെ ഭീമന്‍ പദാവലികള്‍ കണ്ടു ഒരു പുസ്തകവും വായിക്കാതിരിക്കരുത്'. ഇംഗ്‌ളീഷില്‍ സങ്കീര്‍ണ്ണതകള്‍ ഒട്ടുമില്ലാതെ വായിച്ചുപോകാന്‍ പറ്റുന്ന ഈ പുസ്തകം, കേരളത്തില്‍ കാഫ്ക്കയെക്കുറിച്ചും, പിന്നെ 'മെറ്റമോര്‍ഫോസിസ്' എന്ന പേരിനെച്ചൊല്ലിയുമുള്ള മുന്‍വിധികളാല്‍ വായിക്കപ്പെടാതെ പോകരുത് എന്നാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്.

ഭാഷ പഠനത്തിന്റെ കാര്യത്തില്‍ ഇതേ വരികള്‍ ഏറ്റവും ചേരുക ഗ്രന്ഥകാരന് തന്നെയാണ്. അഥവാ ഇങ്ങിനെ എഴുതാന്‍ ഏറ്റവും അര്‍ഹതയുള്ള ഒരാള്‍. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഇംഗ്ലീഷ് ഭാഷയെയും ഒരു തപസ്യയെന്നോണം നടത്തിയ നിരന്തര വായനയിലൂടെ സാഹിത്യത്തെയും ആഴത്തില്‍ വരുതിയിലാക്കിയ വായനക്കാരനാണ് ലുഖ്മാന്‍. അതിനായി അദ്ദേഹം പിന്നിട്ട വഴികള്‍ കഠിനമാണ്. സ്‌കൂള്‍ പഠനകാലത്ത് ഇംഗ്ലീഷിനെ പേടിച്ചിരുന്ന, എസ്എസ്എല്‍സിക്ക് ഏറ്റവും കുറവ് മാര്‍ക്ക് ഇംഗ്‌ളീഷിന് വാങ്ങിയ, രവീന്ദ്രന്റെ 'ഇംഗ്‌ളീഷ് പഠിക്കാന്‍ ഒരു ഫോര്‍മുല'യോടും സുല്ലിട്ട വിദ്യാര്‍ത്ഥി.

പിന്നീട് കഠിന ശ്രമമായി. ഇംഗ്‌ളീഷ് വ്യാകരണത്തിലൂടെ, വെട്ടം മാണിയുടെ 'ഇംഗ്‌ളീഷ് ഗുരുനാഥനി'ലൂടെ, 'ഹിന്ദു'വിലൂടെ, ഫ്രണ്ട്‌ലൈനിലൂടെ ഭാഷയുടെ പടവുകള്‍ കയറിത്തുടങ്ങി. പിന്നെ ഇംഗ്‌ളീഷ് പുസ്തകങ്ങളിലൂടെ, മാഗസിനുകളിലൂടെ ഒരു കുതിപ്പായിരുന്നു. ദി ന്യൂയോര്‍ക്കര്‍, ദി അറ്റ്‌ലാന്റിക്, ടൈം, ദി ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങി, പാരീസ് റിവ്യൂ, ഗ്രന്ത മാഗസിന്‍ മുതലായവ വരിചേര്‍ന്ന് സ്ഥിരമായി വായിച്ചു. വലിയ ചിലവുള്ളതിനാല്‍, പലതും കൂട്ടുകാരോടൊപ്പം പങ്കാളികളായാണ് വരുത്തിയത്. 'ഓരോ ഭാഷയും അഴകോടെ മനസ്സിലാക്കാന്‍ അവ രൂപപ്പെടുകയും വികസിക്കുകയും ഇപ്പോഴും പ്രധാന ഭാഷയായി ഉപയോഗിക്കുകയും ചെയ്യുന്ന നാടുകളില്‍നിന്നുള്ള പുസ്തകങ്ങള്‍ വായിക്കണം'.

അറബിയോടും അതേ പ്രിയം കാത്തുസൂക്ഷിക്കുന്ന ഗ്രന്ഥകാരന്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇംഗ്‌ളീഷ്, അറബി എഴുത്തുകാരുടെ എത്രയെത്ര ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെന്നതിന് ഈ പുസ്തകം സാക്ഷി.

അക്കാലത്തെ തന്റെ വായനാരീതിയെക്കുറിച്ച് ലുഖ്മാന്‍ ഇങ്ങിനെ കുറിക്കുന്നു:

'വായനയുടെ സ്വഭാവം, ബോറടിപ്പിക്കില്ല എന്ന് കരുതുന്നതിനാല്‍ വിവരിക്കട്ടെ. ഓഫീസ് ജോലി വൈകുന്നേരം അഞ്ചുമണിക്ക് കഴിഞ്ഞാല്‍ രാത്രിഭക്ഷണവും ആരാധനകളുമൊക്കെ കഴിഞ്ഞ് എട്ടര മണിയാകുമ്പോഴേക്ക് വായനക്കായി ഇരിക്കുമായിരുന്നു. ആ വായന പുലര്‍ച്ചെ മൂന്ന്, നാല് മണി വരെയൊക്കെ പോകുമായിരുന്നു. ഒരു പുസ്തകമോ, അതിന്റെ പകുതിയോ ഒക്കെ തീര്‍ക്കുമായിരുന്നു..'

ചെറുപ്പം തൊട്ടേ, പുസ്തകം കൈയിലെടുത്താല്‍ തീരുവോളം വായിച്ചാണ് ശീലം.

...........

അരമണിക്കൂര്‍ പോലും പുസ്തകം വായിക്കാതെ വെറുതെയിരുന്നാല്‍ തനിക്ക് ഭ്രാന്ത്പിടിക്കുന്നതുപോലെ തോന്നുമായിരുന്നെന്ന ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ലൂയിസ് ബോര്‍ഹസിന്റെ വാക്കുകള്‍ തന്റെയും അനുഭവമാണെന്ന ലുഖ്മാന്റെ വാക്കുകളെ തീര്‍ത്തും ശരിവെക്കുന്നു ഈ പുസ്തകം.

പുസ്തകത്തില്‍നിന്ന് ഖലീല്‍ ജിബ്രാന്റെ ഒരു വാചകം ഉദ്ധരിച്ച് അല്‍പ്പം നീണ്ടു പോയ ഈ കുറിപ്പ് അവസാനിപ്പിക്കാം:

നിങ്ങള്‍ കൊടുക്കുന്നത്, നിങ്ങള്‍ക്ക് ഉള്ളതില്‍നിന്ന് കുറച്ചു കൊടുക്കുമ്പോഴാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ നല്‍കുമ്പോഴാണ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കുന്നത്.