അശാന്തിയുടെ  ഭൂവിടം

By Web TeamFirst Published May 31, 2021, 7:46 PM IST
Highlights

സി വി ബാലകൃഷ്ണന്റെ 'ദിശ' നോവലിന്റെ പുനര്‍വായന. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു. Cover Illustration: Dwijith/Facebook 

സാങ്കല്‍പ്പിക ടൗണ്‍ഷിപ്പായ കസബയിലെ ആളുകള്‍ പലരും ഭൂതകാലത്തെ വ്യവഹാരങ്ങളില്‍ നിന്ന് വിടുതല്‍ നേടുകയും മറ്റൊരു കൂടിച്ചേരലിനു കാംക്ഷിക്കുന്നവരും ആണ്. ഇതിനിടയിലുള്ള 'ലിമിനല്‍' ലോകമാണ് കസബ അവര്‍ക്ക് പ്രദാനം ചെയ്യുന്നത്. അവിടെയാകട്ടെ. മുതലാളിത്തവ്യവസ്ഥ, ഫാസിസം, അധികാരോപാധികളുടെ നികൃഷ്ടമായ പെരുമാറ്റം തുടങ്ങിയ പ്രവണതകള്‍ക്ക് കുടപിടിക്കുന്ന ശീലങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ദൃഷ്ടാന്തങ്ങള്‍ കാണാനാകും. ഇത്തരം കര്‍മ്മങ്ങള്‍  കസബയുടെ ദിക്കുകളെ സുതാര്യമാക്കുന്നുണ്ട്.

 

 

ആഗോളീകരണത്തിന്റെ അനക്കങ്ങള്‍ പ്രത്യക്ഷത്തില്‍ സജീവമായിത്തുടങ്ങിയ ഒരു കാലത്ത്  വിപണിയുടെയും നവസാങ്കേതികതയുടെയും  സ്വാധീനം പൊതുജീവിതത്തില്‍ കൂടുതല്‍ വ്യാപകമായി. പരസ്യങ്ങളും ടെലിവിഷനും ഉപഭോഗസംസ്‌കാരവും കൂടിക്കലര്‍ന്നുള്ള ക്രമം  ആഴത്തില്‍ ദൃശ്യമായത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകള്‍ക്കും ശേഷമാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ നൈതികത, സങ്കുചിതമായ ജാതിമതചിന്തകള്‍, വിപണിയുടെ സ്വാധീനവലയം, അധികാരത്തിന്റെ നൃശംസത എന്നിങ്ങനെയുള്ള ഘടകങ്ങളെ സംബന്ധിച്ച് മനുഷ്യര്‍ വേറിട്ട തരത്തില്‍ അനുമാനിക്കാന്‍  ആരംഭിച്ച കാലം കൂടിയാണത്. ഇന്ന്, ആഗോളീകരണാന്തരസാഹചര്യത്തില്‍ ജീവിക്കുന്ന നമുക്ക് നിശ്ചയമായും പൊതുസമൂഹത്തെ ചലിപ്പിക്കുന്ന ബലതന്ത്രത്തെയും സമവാക്യങ്ങളെയും കുറിച്ച് അറിയാം. എന്നാല്‍  വര്‍ത്തമാനകാലത്തിന്റെ പരിതഃസ്ഥിതികളെ പ്രത്യാശാഭരിതമായി നോക്കിക്കാണാനാവുമോ എന്ന ആലോചനയുടെ ആള്‍പ്പൊക്കം ഭീകരരൂപമായി പരിണമിക്കുന്നു. അതുറപ്പിക്കാനെന്നോണം അധികാരധാര്‍ഷ്ട്യവും അനീതിയും വിചിത്രരംഗങ്ങളെ ആവിഷ്‌കരിച്ചുകൊണ്ട് ദു:സ്വപ്നങ്ങളെ സാധൂകരിച്ചുകൊണ്ടിരിക്കുകയാണ്.  മേല്‍പ്പറഞ്ഞ  സമസ്യകള്‍ നിത്യജീവിതത്തിന്റെ ഭാഗമാവുകയും അവയോട് എതിര്‍പ്പ് രേഖപ്പെടുത്തിയും സമരസപ്പെട്ടും നിസ്സംഗമായി പെരുമാറിക്കൊണ്ടും  നാം സാമൂഹികതത്വങ്ങള്‍ പാലിക്കുകയും ചെയ്യുന്നു. ഉത്തരാധുനികസ്വഭാവം മലയാളസാഹിത്യത്തില്‍ പ്രത്യക്ഷമായി പ്രതിഫലിക്കുന്നതും ഇപ്പറഞ്ഞ  കാലയളവിലാണ്.  

നേരത്തെ സൂചിപ്പിച്ച  സന്ദേഹങ്ങളും സങ്കീര്‍ണമായ ഘടനകളും  കേരളത്തിലെ ഒരു പട്ടണത്തിന്റെ  തെരുവുകളെയും മൂലകളെയും പുതിയൊരു ലോകക്രമത്തിന്റെ ഭാഗമായി  സ്പന്ദിപ്പിക്കുന്നത് എവ്വിധമാണെന്നു രേഖപ്പെടുത്തുന്ന നോവലാണ് സി വി ബാലകൃഷ്ണന്റെ 'ദിശ'. രണ്ടായിരത്തിയൊന്നില്‍  പ്രസിദ്ധീകരിച്ച  ഈ  നോവല്‍, രൂപശില്‍പമാതൃകയിലും  വിന്യാസത്തിലും അതുവരെ അത്ര പരിചിതമല്ലാത്ത ശൈലി സ്വീകരിച്ചിരിക്കുന്നു. 'ദിശ'യെ ശ്രദ്ധേയമാക്കുന്നത് ആഖ്യാനത്തിലെ ഈ പരീക്ഷണമാണ്. കഥാപാത്രങ്ങളുടെ ചുറ്റുവട്ടങ്ങളിലേക്കോ സ്വഭാവചിത്രീകരണത്തിലേക്കോ ഒരു പരിധിവിട്ട് കടക്കാതെ, സംഭവങ്ങളെയും സ്ഥല-കാലങ്ങളെയും അതിവിദഗ്ധമായി ആഖ്യാനത്തില്‍ കൂട്ടിയിണക്കുകയാണ്. ലോകത്തിന്റെ പലയിടങ്ങളില്‍ നടക്കുന്ന സംഭവികാസങ്ങളോടും ആശയസംഘര്‍ഷങ്ങളോടും  തങ്ങളുടേതായ രീതിയില്‍ പ്രതികരിക്കുന്ന ആളുകളുള്ള 'കസബ' എന്ന ചെറിയ പട്ടണത്തിലെ വ്യവഹാരങ്ങളാണ് 'ദിശ'യിലെ ദിശാസൂചി. ചെറിയ കാര്യങ്ങള്‍ സംവാദങ്ങള്‍ക്കും വലിയ കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും ഇടകൊടുക്കുന്ന കസബയിലെ നിത്യജീവിത പ്രഹേളികകളാണ് നോവലിനെ മുന്നോട്ടുനീക്കുന്നത്. ചിലിയിലെ ഭരണാധികാരിയായിരുന്ന പിനോഷെയെ  അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുന്ന വേലുണ്ണിയും 'കാഴ്ച' എന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടി പ്രാദേശിക കേബിള്‍ ടി വിയില്‍ അവതരിപ്പിക്കുന്ന ചന്ദ്രമോഹനും കസബയിലെ ചെറുതും വലുതുമായ വഴികളിലൂടെ നടന്നു അവിടങ്ങളിലെ അന്തര്‍ധാരകളെക്കുറിച്ച് കൃത്യമായ ബോധ്യങ്ങളുള്ള ദീപക്കും ഗള്‍ഫ് സ്വപ്നങ്ങള്‍ കൊണ്ടുനടന്നു വെട്ടിലാവുന്ന ആന്‍മേരിയും  യശ്വന്ത് അപ്പാര്‍ട്ട്‌മെന്റ്  എന്ന സങ്കേതത്തിലെ പല വിധത്തിലുള്ള വ്യക്തികളും ചേര്‍ന്ന് കസബയെന്ന ചെറിയ ഇടത്തെ  ബഹുവിധമായ സാധ്യതകളുടെ ലോകമാക്കുന്നു. കസബയില്‍ തുടര്‍ച്ചയായി  നടക്കുന്ന ദുരൂഹമരണങ്ങളും  പൊതുവെയുള്ള അരാജകത്വവും അവിടത്തെ  തെരുവുകളെ കലുഷമാക്കുകയാണ്. മനുഷ്യര്‍ മരിക്കുന്നതും കൊല്ലുന്നതും എന്തിനാണെന്ന ഉത്തരമില്ലാത്ത  ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ അനാഥത്വവും പേറിനില്‍ക്കുന്ന കാഴ്ച പൊതുവെ അനുഭവവേദ്യമാകുകയത്രേ. മരണങ്ങളും ദുരന്തങ്ങളും അവര്‍ക്കുമേല്‍ ദുരിതചിത്രങ്ങളാവുന്നത് തടയാന്‍ അവര്‍ക്കാവുമോ എന്നത് വലിയ ഒരു ഗൂഢപ്രശ്നമാണ്.

ലോകത്തെ നാം മനസിലാക്കിയെന്നു വിചാരിയ്ക്കുമ്പോള്‍ അത് നമുക്ക് കൂടുതല്‍ അപരിചിതമായിത്തീരുന്നുവെന്ന് ആരാണ് പറഞ്ഞതെന്ന് ഒരവസരത്തില്‍ ദീപക്ക് ചോദിക്കുന്നത് ശരിവെക്കുന്ന തലത്തിലുള്ള വിനിമയങ്ങളുടെ ഗദ്ഗദം  പ്രായേണ നോവലില്‍ നിലനില്‍ക്കുന്നു. ദീപക്ക് എന്ന യുവാവിന്റെ ആകുലത പ്രതിലോമരാഷ്ട്രീയത്തിന്റെ തിക്തതകളെ തുറന്നുകാണിക്കുകയാണ്. തെറ്റുകള്‍ ചെയ്യാത്ത അയാളെ കുറ്റങ്ങളുടെ ശരശയ്യയില്‍ പെടുത്തി ഭ്രാന്തനായി തുറുങ്കിലടയ്ക്കുന്ന സംവിധാനം അധികാരത്തിന്റെ സ്വാര്‍ത്ഥതയെ കുറിക്കുന്ന പ്രവൃത്തിയായി വിചാരിക്കാം. പ്രതിരോധിക്കാന്‍പോലും സ്വാതന്ത്ര്യം ഇല്ലാതെ വ്യക്തി ഇവിടെ പരാജയപ്പെടുന്നു. എന്നാല്‍ അതേ സമയം നിയമങ്ങളും ഭരണക്രമങ്ങളും രൂപകല്‍പ്പന ചെയ്യേണ്ടവര്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ താമസിച്ചുകൊണ്ട് കമ്മ്യുണിസത്തെ പറ്റിയുള്ള ലേഖനം രചിക്കുന്ന വിരോധാഭാസമാണ് നിലവിലുള്ളത്. യാഥാര്‍ഥ്യങ്ങളെക്കാള്‍ അധികൃതര്‍ രചിക്കുന്ന വ്യാജോക്തികളെയാണ് നിയമസംഹിത ആശ്രയിക്കുന്നതെന്നു വരുമ്പോള്‍, പ്രതീതിയാഥാര്‍ഥ്യങ്ങള്‍ക്കാണ് പൊതുസമൂഹം പ്രാധാന്യം കല്‍പ്പിക്കുന്നത്. മാത്രമല്ല, ഇരുട്ടിന്റെ കൂര്‍ത്ത മുനകള്‍ ശരീരത്തില്‍ തുളച്ചുകയറുന്നത് ജനതയ്ക്ക് അനുഭവപ്പെട്ടു തുടങ്ങുകയും നിലനില്‍പ്പ് സന്ദിഗ്ധതയായി മാറുകയും ചെയ്യുകയാണ്. സമകാലലോകത്തിന്റെ അവസ്ഥാന്തരങ്ങളെ പ്രതിപാദിക്കുക എന്ന ഉദ്ദേശ്യത്തിന്റെ ചുവടുപിടിച്ചു സംവാദത്തിന്റെയും പ്രതിനിധാനത്തിന്റെയും ഒരു തിട്ട രൂപീകരിക്കുകയാണ് ഇവിടെ. രൂപകങ്ങളുടെ സത്തയെ കുറിച്ച് ആലോചിക്കുന്ന വിധത്തിലാണ് ആഖ്യാനത്തിന്റെ ആസൂത്രണരേഖ വരച്ചിരിക്കുന്നത്. മരണവും ഇരയും ആയുള്ള ഓട്ടത്തില്‍ അനുഭാവപൂര്‍വമായ ക്രിയാപരിസരത്തിനു സ്ഥാനമില്ല എന്നുമോര്‍ക്കണം. ബെര്‍ഗ്മാന്റെ 'The Seventh Seal' എന്ന ചലച്ചിത്രത്തിലെ ദൃശ്യവുമായി താരതമ്യം ചെയ്തു മറ്റൊരു രൂപകത്തെ കൂടെ ആഖ്യാനത്തില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ രൂപകങ്ങളിലൂടെ വാസ്തവങ്ങളിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന പ്രകൃതം ആഖ്യാനത്തില്‍ സംജാതമാക്കുന്നു.  

 

......................................

'ദിശ' ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

പിനോഷെ എന്നത് അധികാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബിംബം മാത്രമാണ്. പിനോഷെയെ  ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നതിലൂടെ,   നോവല്‍ അധികാരപ്രമത്തതയുടെ തിരയിളക്കത്തിന്റെ ഗാഢതയെ സ്പര്‍ശിക്കുകയാണ്. ക്രൂരതകളുടെ നീണ്ട അധ്യായങ്ങളും പേടിസ്വപ്നങ്ങളുടെ എണ്ണമറ്റ രാത്രികളും ചിലിയിലെ ജനങ്ങള്‍ക്ക് 'സമ്മാനിച്ച' പിനോഷെയെ ബ്രിട്ടനില്‍ വെച്ച് അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. വേലുണ്ണി ഇതില്‍ അകമഴിഞ്ഞ ആഹ്‌ളാദിക്കാതെ തരമില്ലല്ലോ. അധികാരകേന്ദ്രങ്ങളും സ്വജനപക്ഷപാതവും അധീനതയില്‍ വെയ്ക്കുന്ന സാധാരണക്കാരുടെ പ്രതിനിധി മാത്രമായിരുന്നില്ല വേലുണ്ണി. ഒരു വിപ്ലവഭൂതകാലം കൂടെ അയാള്‍ക്കുണ്ട്. വ്യവസ്ഥകള്‍ക്കെതിരെയുള്ള  അയാളുടെ  കത്തുന്ന പ്രതിഷേധത്തിന്റെ തിളനിലയെ അളക്കാന്‍ എളുപ്പമല്ല. രക്തസാക്ഷികളുടെ മ്യൂസിയം പണിയാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വേലുണ്ണി, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വിശ്വസിച്ച് അതിന്റെ നിറവേറലിനായി രക്തസാക്ഷികളായവരെ തെരയുകയാണ്. അവരെ ഓര്‍മപ്പെടുത്തുന്ന വസ്തുക്കളെ  സൂക്ഷിക്കുന്നതിനും  വേണ്ടിയാണ് മ്യൂസിയം അയാള്‍ രൂപകല്‍പ്പന ചെയ്യുന്നത്. എന്നോ യാഥാര്‍ഥ്യമാവുമെന്നു  കരുതുന്ന ആ മ്യൂസിയത്തിന്റെ വിചാരിപ്പുകാരന്‍ എന്ന നിലയിലെ ജീവിതമാണ് അയാള്‍ സ്വപനം കാണുന്നത്. വിശ്വാസപ്രതീക്ഷകളുടെ തെളിച്ചത്തിലേക്ക് എത്തിപ്പെടാന്‍ ഈ സ്വപ്നം അയാള്‍ക്ക് സഹായമേകുന്നു.

സി വി ബാലകൃഷ്ണന്‍ വിഭാവനം ചെയ്യുന്ന ആഖ്യാനഘടന ശിഥിലീകരണത്തിന്റെ മാതൃകയെ സാമാന്യമായി  പിന്‍തുടരുന്നു. എന്നാല്‍ ശിഥിലീകൃതമായ ഖണ്ഡങ്ങളെ അദൃശ്യമായ ഇഴകളെ കൊണ്ട് കൂട്ടിയോജിപ്പിക്കുന്ന ശസ്ത്രക്രിയ അദ്ദേഹം നിര്‍വഹിക്കുകയാണ്. നവലോകക്രമത്തിന്റെ എഴുത്തില്‍ ത്രികാലജ്ഞതയോ മേധാവിത്വഭാവമോ വെച്ചുപുലര്‍ത്താത്ത എഴുത്തുകാരന്‍ സാധ്യതകളുടെ ഒത്തുമാറ്റമാണ് ഈ രചനാവിന്യാസത്തിലൂടെ  ലക്ഷ്യം വെക്കുന്നത്. മന:പൂര്‍വമോ യാദൃച്ഛികമോ ആയ എതിരിടല്‍, സങ്കീര്‍ണമായ കെട്ടുപിണച്ചില്‍, ക്രമബന്ധമായ ഇണക്കല്‍ തുടങ്ങിയവയാണ് ഇങ്ങനെയൊരു ഘടനയുടെ പൊതുശൈലി. ഒരു ഘടകത്തിലേക്ക് മാത്രം  ശ്രദ്ധയും താല്പര്യവും പൂര്‍ണമായി കേന്ദ്രീകരിക്കാതെ ശിഥിലമായ അംശങ്ങളിലൂടെ കടന്നുപോകുന്ന ആഖ്യാനസ്വരൂപം സ്ഥല/കാലത്തിന്റെ നവീനതയ്ക്ക് ആക്കം കൂട്ടുന്നു. ഈ പ്രയോഗധാരയ്ക്ക് പിന്‍ബലമേകുന്നത് ഫ്രഞ്ച് നരവംശപണ്ഡിതന്‍ ആയിരുന്ന ആര്‍നോള്‍ഡ് വാന്‍ ജെന്നെപ്പിന്റെ (Arnold van Gennep) 'Rite of Passage' എന്ന സങ്കല്‍പ്പമാണ്. ഇതില്‍ വിഭജനം,സംക്രമണം (Liminality), സംയോജനം എന്നിങ്ങനെയുള്ള ആശയങ്ങളുണ്ട്. മെക്‌സിക്കന്‍  സംവിധായകനായ അലഹാന്ദ്രോ  ഇനാരിത്തുവിന്റെ ചലച്ചിത്രങ്ങളിലും മറ്റും ഉപയോഗിച്ചിരുന്ന ആഖ്യാനതന്ത്രമാണിത്. കസബയിലെ ജനങ്ങളുടെ ചുറ്റുപാടിലേക്ക് ഈ ആശയസംവിധാനത്തെ കൊണ്ടുവരുന്നതില്‍ യുക്തിയുണ്ട്. 

സാങ്കല്‍പ്പിക ടൗണ്‍ഷിപ്പായ കസബയിലെ ആളുകള്‍ പലരും ഭൂതകാലത്തെ വ്യവഹാരങ്ങളില്‍ നിന്ന് വിടുതല്‍ നേടുകയും മറ്റൊരു കൂടിച്ചേരലിനു കാംക്ഷിക്കുന്നവരും ആണ്. ഇതിനിടയിലുള്ള 'ലിമിനല്‍' ലോകമാണ് കസബ അവര്‍ക്ക് പ്രദാനം ചെയ്യുന്നത്. അവിടെയാകട്ടെ. മുതലാളിത്തവ്യവസ്ഥ, ഫാസിസം, അധികാരോപാധികളുടെ നികൃഷ്ടമായ പെരുമാറ്റം തുടങ്ങിയ പ്രവണതകള്‍ക്ക് കുടപിടിക്കുന്ന ശീലങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ദൃഷ്ടാന്തങ്ങള്‍ കാണാനാകും. ഇത്തരം കര്‍മ്മങ്ങള്‍  കസബയുടെ ദിക്കുകളെ സുതാര്യമാക്കുന്നുണ്ട്. നോവലിസ്റ്റ് ഇവിടെ ഈ ചട്ടക്കൂടൊരുക്കുകയും കഥാപാത്രങ്ങള്‍ സ്വയം 'ഊരുചുറ്റികളെ' പോലെ സങ്കീര്‍ണമായ ആ വഴിത്താരകളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ 'വിധി' നിര്‍ണയിക്കുന്നത് അവരുടെ തന്നെ ചെയ്തികള്‍ മുഖാന്തരമാണെന്നു  ചുരുക്കം. ഇവരില്‍ ദീപക്കും വേലുണ്ണിയും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. വൈരുധ്യങ്ങളും നിരാകരണങ്ങളും മുഖമുദ്രയാക്കിയ മനുഷ്യബന്ധങ്ങളുടെ വിഘടനഭാവത്തെയാണ് ഇവിടെ പരിശോധിക്കുന്നത്. ഒറ്റനോട്ടത്തില്‍  ശിഥിലമായ ഘടനയായി തോന്നാമെങ്കിലും ആന്തരികമായി പ്രസ്തുതവിന്യാസത്തിനൊരു ഒഴുക്ക് ഉണ്ടെന്നു വ്യക്തമാക്കുന്ന വിധത്തിലാണ് നോവല്‍ മുന്നോട്ടുപോകുന്നത്. വേറൊരുതരത്തില്‍, മുതലാളിത്തത്തിനും ഏകാധിപത്യത്തിനും എതിരെയുള്ള അന്തര്‍ധാരയുടെ സാഹിതീയരൂപമായി 'ദിശ' പരിണമിക്കുന്നത് സൂക്ഷ്മമായി അപഗ്രഥിക്കാന്‍   സാധിക്കും.

നന്മയെയും തിന്മയെയും ആവാഹിക്കുന്ന വിവിധ കഥാപാത്രങ്ങള്‍ ഉപാസിക്കുന്ന ഉപഭോഗാസക്തിയും കച്ചവടലക്ഷ്യങ്ങളും അധികാരവും രതിയും വഞ്ചനയും സത്യസന്ധതയും  കൂടിക്കുഴഞ്ഞിരിക്കുന്ന അശാന്തമായ ഒരിടമാണ് കസബ. 'അധികാരത്തിന്റെ വന്യമായ മുഴക്കം' ഇച്ഛിക്കാതെ കേട്ടുതുടങ്ങുകയും അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ ശബ്ദങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന പതിവ് കസബയിലും ആവര്‍ത്തിക്കുന്നുണ്ട്. ദീപകും ആന്‍മേരിയുമായുള്ള പോലീസ് സ്റ്റേഷനിലെ രംഗം അധികൃതരുടെ ക്രൂരത എത്രമാത്രം ഭയഭീതമാണെന്നു തീര്‍ച്ചപ്പെടുത്തുന്നു. 'ചുറ്റിലും നിന്ന് ആര്‍ത്തുചിരിയ്ക്കുന്ന പിശാചുക്കളുടെ മധ്യത്തില്‍ അവനും ആന്‍മേരിയും നഗ്‌നരായി നിന്നു' എന്നതില്‍ അത് വ്യക്തമാണ്. നിക്ഷിപ്തതാല്പര്യങ്ങളെ സംരക്ഷിക്കുന്നതില്‍ മാത്രം ഊറ്റം കൊണ്ടിരുന്ന കണ്ണില്‍ച്ചോരയില്ലാത്ത അധികാരികള്‍ നടത്തിയ  പീഡനപര്‍വമാണ് അവിടെ അരങ്ങേറിയത്. അമീറലി സാഹിബ്, സോളമനും മുതലായ  'മൂലധന'ത്തിന്റെ സൂക്ഷിപ്പുകാര്‍ അദൃശ്യമായ ചുഴവഴിച്ചുറ്റിലേക്ക് ഇരകളെ വീഴ്ത്തിയിടുകയാണ്.   ഇപ്രകാരം മൂന്നാംലോകരാജ്യങ്ങളിലെവിടെയും  അധികാരവിന്യാസത്തിന്റെ തോതും താളവും മാറുന്നില്ല എന്ന വസ്തുത ഉറപ്പിക്കപ്പെടുന്നു. സ്വാഭാവികമായും ദീപക്കിനെയും ആന്‍മേരിയെയും പോലെയുള്ളവര്‍ക്ക് അവരോട് തന്നെ വെറുപ്പ് തോന്നുകയാണ്.

 

സി വി ബാലകൃഷ്ണന്‍


രണ്ടു പതിറ്റാണ്ടിനു മുന്നേ പുറത്തിറങ്ങിയ നോവലിലെ സന്ദര്‍ഭങ്ങള്‍, പുതിയ ഒരു ലോകത്തിലേക്ക് കുതറാനുള്ള വെമ്പല്‍ എല്ലാ അര്‍ത്ഥത്തിലും പ്രകടമാക്കുന്നു. എന്നാല്‍ ആ മാറ്റം പ്രതീക്ഷാനിര്‍ഭരമാണോ, പ്രതിലോമകരമാണോ എന്നത് ആപേക്ഷികവും ചിന്തിക്കേണ്ടതുമായ  വിഷയമാണ്. ലോകം മാത്രമല്ല ആളുകളും മാറിയിരിക്കുന്നു. 'അവര്‍ പറയുന്നത് പുതിയ കാര്യങ്ങളാണ്. ജീവിതത്തിനു അവര്‍ കല്‍പ്പിക്കുന്നത് പുതിയ അര്‍ത്ഥമാണ്. അവരുടെ നേത്രങ്ങള്‍ തേടുന്നത് പുതിയ ദൃശ്യങ്ങളാണ് '.പിന്നീട് ഖേദിക്കേണ്ടി വരുമോ, അഭിമാനിക്കേണ്ടി   വരുമോ എന്നറിയാത്ത വിധത്തില്‍ ചുറ്റുപാടുകള്‍ രൂപപ്പെടുന്ന ആഗോളീകരണത്തിനു ശേഷമുള്ള അവസ്ഥകളുടെ പ്രതിഫലനമാണ് പൊതുവെ സംഭവിക്കുന്നത്. ആഗോളീകരണത്തിന്റെ ഫലശ്രുതിയെയും തിക്തതകളെയും അനുഭവിക്കേണ്ടി വരുന്ന മധ്യവര്‍ഗ്ഗമാണിവിടത്തെ അഭിനേതാക്കള്‍. അവരുടെ സഞ്ചാരപഥത്തിന്റെ 'Use Case'കളാണ് നോവലിലെ ഓരോ സംഭവങ്ങളും. സദാചാരത്തിന്റെ വിശ്വാസപ്രമാണങ്ങളെ വിടാതെ മുറുകെ പിടിച്ചിരുന്ന മധ്യവര്‍ഗത്തിന്റ വെല്ലുവിളികള്‍ വര്‍ധിക്കുകയും ചെയ്തു. 'സദാചാരസംഹിത സൂക്ഷ്മതയോടെ തയ്യാറാക്കിയതും നിഷ്ഠാപൂര്‍വം പരിപാലിയ്ക്കുന്നതും മധ്യവര്‍ഗ്ഗമാണല്ലോ' എന്ന പരാമര്‍ശം ശ്രദ്ധേയമത്രെ. അതുപോലെ 'എന്റെ ശരീരം ജീര്‍ണതയുടെ പിരമിഡാണ്' എന്ന ആന്‍മേരിയുടെ വാക്കുകള്‍ കസബ എന്ന മധ്യവര്‍ഗ്ഗയിടത്ത് അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന അല്ലലിനെയും സുരക്ഷിതത്വമില്ലായ്മയെയുമാണ് സൂചിപ്പിക്കുന്നത്.    

പ്രാഥമികമായി മധ്യവര്‍ഗത്തിന്റെ വ്യവസ്ഥകളും അതിന്റെ തീട്ടൂരങ്ങളും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമണ്ഡലങ്ങളും പരിഹാരമാര്‍ഗങ്ങളും 'ദിശ'യില്‍  ആധാരശിലയായി വര്‍ത്തിക്കുന്നു.  ഓരോരുത്തരും പെരുമാറുന്ന  ഓരോ ഇടവും രാഷ്ട്രീയഭൂമികയായി തീരുന്നതിന്റെ സര്‍റിയല്‍ ചിത്രങ്ങള്‍ക്ക് സദൃശമായി, പരസ്പരപൂരകങ്ങള്‍ എന്ന് പ്രകടമായി  തോന്നാത്ത അദ്ധ്യായങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള കൗശലം ആഖ്യാനത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. സിസ്റ്റര്‍ നൊറീന് ചുറ്റിലുമായി പക്ഷികള്‍ പാറുന്നതും, ദീപക് കുന്തംകൊണ്ട് പക്ഷികളെ തല്ലി വീഴ്ത്തുന്നതുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. അതുപോലെ മാര്‍ക്‌സിനെയോ ഏംഗല്‍സിനെയോ ലെനിനെയോ മാവോയെയോ വായിച്ചിട്ടില്ലാത്ത ഐസെന്‍സ്റ്റീനിന്റെ സിനിമ കണ്ടിട്ടില്ലാത്ത നെരൂദയുടെയോ ബ്രെഹ്തിന്റെയോ മയകോവ്‌സ്‌കിയുടെയോ കവിതകള്‍ പാടിയിട്ടില്ലാത്ത അമീറലി സാഹിബ് വിപണിയുടെയും മൂലധനത്തിന്റെയും ചക്രങ്ങള്‍ ചലിപ്പിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണവും കഴിച്ചുകൊണ്ട് കാക്കിധാരികള്‍ മൂലധനവ്യവസ്ഥിതിയുമായി കൈകോര്‍ത്തുപിടിക്കുന്നതിന്റെ ദുരന്തകാഴ്ചയുടെ ബലിമൃഗമാവുന്നവരുടെ കഥ കൂടെ 'ദിശ'യില്‍ വിവരിക്കുന്നു     

ഇന്റര്‍നെറ്റിന്റെ കണ്ണികള്‍  നിത്യജീവിതത്തില്‍ 'വല' കെട്ടാന്‍ തുടങ്ങിയതോടെ യാഥാര്‍ഥ്യങ്ങള്‍ക്ക് പകരം  പ്രതീതിയാഥാര്‍ഥ്യങ്ങള്‍ സ്ഥാനം പിടിച്ചു.  സൈബര്‍ വ്യവഹാരങ്ങള്‍ പൊതുസമൂഹത്തിന്റെ ഞരമ്പുകളില്‍ അഗ്‌നിനാളങ്ങള്‍ ജ്വലിപ്പിക്കാന്‍ തുടങ്ങുന്ന കാലത്തെ കൂടെ നോവലില്‍ അനാവരണം ചെയ്യുന്നു. 'എന്റെ ഭര്‍ത്താവ് കമ്പ്യൂട്ടര്‍ വാങ്ങിയതും ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തതും എന്നോടുകൂടി ആലോചിച്ച ശേഷമാണ്. അതില്‍ എന്തെങ്കിലു അപകടം പതിയിരിക്കുന്നതാണ് അന്നെനിക്ക് തോന്നിയിരുന്നില്ല. ഇപ്പോള്‍ ഞാനാകെ വിഷമിച്ചിരിക്കുകയാണ്. ഏതുനേരവും  കമ്പ്യൂട്ടറിനു മുന്നില്‍ ഇരിയ്ക്കാനാണ് അദ്ദേഹത്തിന് താല്പര്യം. തൊട്ടടുത്ത മുറിയിലായിരിക്കുമ്പോഴും അദ്ദേഹം എന്നില്‍ നിന്ന് വളരെ അകലെയാണ്. അദ്ദേഹത്തിന്റെ പ്രകൃതം പാടെ മാറിയിരിക്കുന്നു. ഈയിടെയായി ഓഫീസില്‍ പോകാറേയില്ല. കമ്പ്യൂട്ടര്‍ മോണിറ്ററില്‍ വാക്കുകളും ദൃശ്യങ്ങളുടെ തെളിയുന്ന രതി മാത്രമാണ് ഇപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ ജീവിതാനുഭവം' എന്ന പത്രത്തിലേക്ക് വന്ന കത്തില്‍ ശ്രീബാല അവളുടെ  ജീവിതം തന്നെ കാണുകയായിരുന്നു. പങ്കാളിയുടെ സൈബര്‍ജീവിതം,  ദാമ്പത്യത്തില്‍ അലോസരങ്ങള്‍ക്ക്  ജന്മം നല്‍കുന്ന   കാഴ്ചയ്ക്ക് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു അപരിചിതത്വമുണ്ടായിരുന്നു.  പിന്നെയുള്ള ദശകങ്ങളില്‍ അത് മാറിയെന്നതും എടുത്തുപറയണം. 1985ലാണ് ഡോണാ ഹാരവേ 'സൈബോര്‍ഗ് മാനിഫെസ്റ്റോ' രചിച്ചത്. മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള  സങ്കുലനത്തിന്റെ  സാധ്യതകളെ ഹാരവേ വിശകലനം ചെയ്യുന്നു. മനുഷ്യര്‍ക്കും  സാങ്കേതികതയ്ക്കും ഇടയിലുള്ള വിനിമയത്തിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കിക്കൊണ്ട് അവര്‍ അവയെ വേര്‍തിരിക്കുന്ന നേര്‍ത്ത അതിര്‍വരമ്പുകളെ പ്രവചാനാത്മകമായി സ്ഥാപിക്കുകയാണ്. മനുഷ്യര്‍ എവിടെ  അവസാനിക്കുന്നുവെന്നോ യന്ത്രങ്ങള്‍ എവിടെ ആരംഭിക്കുന്നുവെന്നോ എന്ന അന്തരം ഇല്ലാതാവുന്നതിനെ പറ്റി ഹാരവേ പറയുന്നു. അതിന്റെ സൂചനകള്‍ അടങ്ങിയ സന്ദര്‍ഭങ്ങള്‍ 'ദിശ'യിലുണ്ട്. അക്കാരണത്താല്‍ മലയാളത്തില്‍ സൈബര്‍വ്യവഹാരങ്ങളെ പരിചരിക്കുന്ന  സാഹിത്യത്തിന്റെ ലക്ഷണമൊത്ത ആദ്യകാലമാതൃകയായി ഈ നോവലിനെ അവരോധിക്കാം.

ഉള്‍പരിവര്‍ത്തനം സംഭവിക്കുന്ന ലോകത്തിന്റെ പരിധിയിലേക്ക് ആശയങ്ങള്‍ക്കൊപ്പം മനുഷ്യരുടെ സ്വഭാവശൈലിയും കടന്നു വരുന്നതിന്റെ  ദൃഷ്ടാന്തമാണ് വിജയചന്ദ്രന്റെ ജീവിതചര്യ. വിവിധ വെബ്സൈറ്റുകളിലൂടെ സഞ്ചരിച്ചിരുന്ന അയാള്‍ക്ക് തന്റെ ഉറ്റവരെ അവിടെയൊന്നും കണ്ടെത്താനായില്ല എന്നതില്‍ അതിശയമൊന്നുമില്ല. അവരൊക്കെ  യഥാര്‍ത്ഥലോകത്തായിരുന്നല്ലോ. ബഹുലമാനങ്ങളുള്ള സാങ്കല്‍പ്പികയിടത്തില്‍ അഭിരമിക്കുന്നതോടെ വിജയചന്ദ്രന്‍ ശ്രീബാലയെ കാണുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല. ഇങ്ങനെയുള്ള മാനങ്ങള്‍ സ്ത്രീ-പുരുഷ-സാമൂഹിക ബന്ധങ്ങളുടെ അടിപ്പടവുകളില്‍  സമ്മര്‍ദ്ദം ചെലുത്തുകയാണ്. അത്തരമൊരു ദൃഷ്ടികോണില്‍ 'ദിശ' പ്രതിനിധീകരിക്കുന്ന രംഗങ്ങള്‍ സാങ്കല്‍പ്പികമായ ഒരു ഭാവിയെ കുറിച്ചുള്ള ചിന്തയല്ല എന്ന് നിസ്സംശയം പറയാം. പ്രസിദ്ധീകരിച്ച കാലത്തു നിന്നു നോക്കിക്കാണുന്ന ആസന്നഭാവിയിലെ മലയാളി പൊതുസമൂഹത്തിന്റെ വ്യവഹാരസംഹിതയാണ് അത്. ഇരുപത് കൊല്ലത്തിനിപ്പുറം, കെട്ടുപിണഞ്ഞ പ്രതീതിലോകത്തിന്റെ ഭൂപടങ്ങള്‍ അല്പം കൂടെ വ്യക്തതയോടെ ഭാവനയില്‍ കാണാന്‍ കഴിയുന്ന അവസ്ഥയിലാണ് നാം. യഥാര്‍ത്ഥ/ പ്രതീതിയാഥാര്‍ഥ്യലോകത്തിന്റെ അനുരണനങ്ങളുടെ അരങ്ങും അണിയറയുമായി  കസബ എന്ന സ്ഥലവും യശ്വന്ത് അപ്പാര്‍ട്ട്‌മെന്റ്‌സ്  എന്ന സമുച്ചയവും മാറുന്നതിന്റെ ദൃശ്യങ്ങളെ കോര്‍ത്തുവെക്കുകയാണ് 'ദിശ'.

വിപ്ലവത്തിലൂടെ വസന്തകാലം സൃഷ്ടിക്കുമെന്ന് കരുതി പരാജയപ്പെടുകയും അതിന്റെ നിഗൂഢമായ നിരാശ ഉള്ളില്‍ തളം കെട്ടിനില്‍ക്കുകയും ചെയ്യുന്ന തപ്തനിശ്വാസങ്ങളുടെ ഭൂമിയാണ് കസബ. തന്മൂലം അതിതീവ്രമായ ഉദ്വിഗ്‌നതയില്‍ കസബ അകപ്പെടുന്നതും ന്യായീകരണയോഗ്യമാണ്.  സ്വത്വബോധ്യങ്ങളും ആന്തരികവിചാരങ്ങളും അസ്ഥിരമാവുകയോ അസ്വസ്ഥപ്പെടുകയോ ചെയ്തുകൊണ്ട് പ്രസ്തുത സ്ഥിതിവിശേഷത്തില്‍ നിന്ന് മോചനം നേടാന്‍ അവിടത്തെ മനുഷ്യര്‍ യത്‌നിക്കുന്നു. ഭൂതകാലത്തെ   ഉപേക്ഷിച്ചുകൊണ്ട് പ്രതീക്ഷയുടെ ആരബ്ധയൗവനത്തിലേക്ക്  കുതറല്‍ നടത്തുവാനുതകുന്ന വിധത്തിലുള്ള ഇടത്താവളമായി കസബ മാറുന്നു. 'യാഥാര്‍ഥ്യങ്ങളെ അപഗ്രഥിച്ചറിയാനുള്ള പാടവം എല്ലാവര്‍ക്കുമില്ല. ചിലര്‍ യാഥാര്‍ഥ്യങ്ങളെ പാടെ നിരാകരിയ്ക്കുന്നു. നിങ്ങളല്ല യാഥാര്‍ഥ്യങ്ങള്‍ എന്ന് ആധികാരികമായി പറഞ്ഞുകൊണ്ട് മറ്റുചിലരാകട്ടെ യാഥാര്‍ഥ്യങ്ങള്‍ക്ക് മറ തീര്‍ക്കുന്നു' എന്ന നോവലിലെ ഭാഗം  നൂല്‍വിടവ് പോലുമില്ലാത്ത  സാമൂഹികബോധത്തെയാണ് വ്യക്തമാക്കുന്നത്. സ്ഥിതിമാറ്റത്തിന്റെ  ലക്ഷണങ്ങള്‍ നിറഞ്ഞ ഇത്തരം ഒരു കളമാണ് കസബ ഒരുക്കുന്ന നോവല്‍ഭൂമിക. ജീവിതത്തിന്റെയും ലോകക്രമത്തിന്റെയും ഒരു പ്രത്യേകഘട്ടത്തില്‍ 'ഉമ്മറപ്പടി അസ്തിത്വം' (Liminal Existence) എന്നതുപോലെയുള്ള സന്ദര്‍ഭത്തിലൂടെ രൂപാന്തരത്തിനു വിധേയമാവുന്ന മനുഷ്യരുടെ ലോകമാണ് കസബയും 'ദിശ'യും'. ഖുര്‍ -ആനിലെ 'ഓരോരുത്തര്‍ക്കും ഓരോ ദിശയുണ്ട്. അവര്‍ അതിലേയ്ക്ക് തിരിയുന്നു' എന്ന വാക്യം ആരംഭത്തില്‍ ചേര്‍ത്ത നോവല്‍ മനുഷ്യരുടെയും സമൂഹത്തിന്റെയും കാലത്തിന്റെയും ദിശാമാറ്റത്തെയാണ് അവതരിപ്പിക്കുന്നത്. അധികാരപ്രമാണങ്ങള്‍ക്ക് എതിരെയുള്ള ദിശ ഒരുക്കുക എന്ന തത്വത്തെ നോവല്‍ ഉയര്‍ത്തിക്കാട്ടുന്നു.  മധ്യവര്‍ഗ്ഗത്തിന്റെ ആവാസഭൂമികയായ കസബയില്‍, തങ്ങള്‍ക്ക് അതീതമായ സമ്പ്രദായങ്ങളെ അതിജീവിക്കാന്‍ തത്രപ്പെടുന്ന മനുഷ്യരാണുള്ളത്.

click me!