അന്ന് സോണിയയുടെ തൊട്ടടുത്തിരിക്കാൻ 'കൈക്കൂലി' നൽകി രാജീവ് ഗാന്ധി, ആ പ്രണയത്തിന്റെ തുടക്കം ഇങ്ങനെ

By Web TeamFirst Published Feb 20, 2020, 12:53 PM IST
Highlights

വളരെ ആകസ്മികമായി ഇന്ദിരയുടെ പടം കേംബ്രിഡ്ജിലെ ഒരു പത്രത്തിൽ അച്ചടിച്ചുവന്നത് ചൂണ്ടിക്കാട്ടി രാജീവ് പറഞ്ഞു, "സോണിയാ, ഇതെന്റെ അമ്മയാണ്. അപ്പോഴും, ഇന്ദിരയെന്നത് ഇന്ത്യയിൽ എത്ര വലിയ സംഭവമാണ് എന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

എഡ്വിജ് അന്റോണിയ ആൽബിന മൈനോ എന്ന പേര് ചിലപ്പോൾ ആരും കേട്ടിട്ടുണ്ടാകില്ല. ഇറ്റലിയിലെ ടൂറിൻ പട്ടണത്തിലെ പൈഡ്മൗണ്ടിനടുത്തുള്ള ഓർബസ്സാനോ എന്ന കൊച്ചു ടൗണിലെ ബിൽഡിങ് കോൺട്രാക്ടർ ആയ സ്‌റ്റെഫാനോയുടെയും പാവോളയുടെയും മൂന്നു പെൺമക്കളിൽ നടുക്കുള്ളവൾ. 1946 ഡിസംബർ 9 -ന് ജനിച്ച മൈനോയ്ക്ക് പക്ഷേ ഇറ്റലിയിൽ പ്രസിദ്ധയാകാൻ അല്ലായിരുന്നു യോഗം. അവരുടെ ഓമനപ്പേര് പറഞ്ഞാൽ തിരിച്ചറിയാത്തവരായി ഇന്ത്യയിൽ ആരുമുണ്ടാവില്ല. സോണിയ. സോണിയാ ഗാന്ധി. ഇന്ദിരാപുത്രനായ രാജീവ് ഗാന്ധി എന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പത്നി, വിധവ. സോണിയാ രാജീവ് പ്രണയത്തിന്റെ വിശദാംശങ്ങളിലൂടെ കടന്നുപോവുന്നുണ്ട് അശ്വിനി ഭട്നാഗർ രചിച്ച 'ദ ലോട്ടസ് ഇയേഴ്സ്' എന്ന പുതിയ പുസ്തകം. (The Lotus Years: Political Life in India in the Time of Rajiv Gandhi, Ashwini Bhatnagar, published  by Hachette India) 

1965 -ന്റെ തുടക്കത്തിലാണ് രാജീവ് ഗാന്ധി തന്റെ കേംബ്രിഡ്ജിലെ പഠനകാലത്തിനിടെ സോണിയയെ കണ്ടുമുട്ടുന്നത്. കേംബ്രിഡ്ജിലെ ലെനക്സ് കൂക്ക് സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷയിൽ ഉപരിപഠനത്തിനായാണ് സോണിയ വന്നെത്തുന്നത്. ട്രിനിറ്റി കോളേജിൽ ഒരു എൻജിനീയറിങ് ട്രൈപോസ് കോഴ്സ് ചെയ്തുകൊണ്ട് രാജീവ് ഗാന്ധി അവിടെ ഉണ്ടായിരുന്ന കാലം. അവിടെ വെറൈറ്റി എന്ന് പേരായ ഒരു ഗ്രീക്ക് റെസ്റ്റോറന്റ് ഉണ്ടായിരുന്നു. അവധിക്കാലത്ത് റെസ്റ്റോറന്റുകളിൽ ജോലി ചെയ്ത് പോക്കറ്റ് മണിക്ക് സമ്പാദിക്കുമായിരുന്നു രാജീവ്. പല ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട് കേംബ്രിഡ്ജിൽ. പഴത്തോട്ടങ്ങളിൽ ഫലങ്ങൾ പറിക്കുക, ഐസ്ക്രീം വിൽക്കുക, ലോഡിങ് അൺലോഡിങ്, ബേക്കറികളിൽ അങ്ങനെ പലതും. അക്കൂട്ടത്തിൽ അദ്ദേഹം അവിടത്തെ 'വാഴ്സിറ്റി' എന്നുപേരായ ഒരു റെസ്റ്റോറന്റിലും ജോലി ചെയ്തിട്ടുണ്ട്. അവിടെ വെച്ചാണ് സോണിയയെ രാജീവ് ആദ്യമായി കാണുന്നത്. പ്രഥമ ദർശനത്തിലെ പ്രണയമായിരുന്നു ഇരുവർക്കുമിടയിൽ. 

അവിടെ സ്ഥിരമായി വരുന്ന സോണിയ പതിവായി ഇരിക്കുന്ന ജനാലയ്ക്കലെ മേശയ്ക്കു സമീപമുള്ള മേശ തനിക്കു തന്നെ കിട്ടാൻ വേണ്ടി രാജീവ് അന്ന് റെസ്റ്റോറന്റ് ഉടമ ചാൾസ് അന്റോണിയ്ക്ക് ഇരട്ടി കാശ് കൈക്കൂലിയായി നൽകിയിരുന്നു എന്ന് അശ്വനി തന്റെ പുസ്തകത്തിൽ പറയുന്നു. രാജീവ് ഗാന്ധിക്ക് അന്നവിടെ ക്രിസ്ത്യൻ വോൺ സ്റൈഗ്ലിറ്റ്‌സ് എന്നൊരു ഇറ്റാലിയൻ സുഹൃത്തുണ്ടായിരുന്നു കേംബ്രിഡ്ജിൽ. സോണിയയെ പരിചയപ്പെടുക എന്ന ഒരൊറ്റ ഉദ്ദേശ്യം വെച്ച് അദ്ദേഹത്തെയും കൂടെക്കൂട്ടിയാണ് രാജീവ് വന്നിരുന്നത്. എന്നാൽ, ആദ്യത്തെ പരിചയപ്പെടലിനു ശേഷം ഇരുവർക്കും സംസാരിക്കാൻ ക്രിസ്ത്യന്റെ സഹായം വേണ്ടിവന്നില്ല. ഇംഗ്ലീഷ് ഭാഷയിൽ സോണിയയ്ക്കും രാജീവിനും ഒരേ അവഗാഹം ഉണ്ടായിരുന്നു എന്നതുമാത്രമല്ല കാരണം, ആദ്യത്തെ കാഴ്ച്ചയിൽ തന്നെ അത്രകണ്ട് പരസ്പരം അനുരക്തരായിരുന്നു ആ ഇണപ്രാവുകൾ എന്നതുകൂടിയാണ്. അതിനുശേഷം സോണിയ താമസിക്കുന്ന സ്ഥലത്തേക്ക് സൈക്കിൾ ചവിട്ടി നിത്യം ചെല്ലുമായിരുന്നു രാജീവ്. 

എന്നാൽ അന്നൊന്നും തന്റെ അമ്മ ഇന്ദിരാഗാന്ധി ആണെന്നോ, അവർ ലോകം അറിയുന്ന ഒരു രാഷ്ട്രനേതാവാണ് എന്നോ ഒന്നും രാജീവ് സോണിയയോട് പറഞ്ഞിരുന്നില്ല. ഒരു ദിവസം വളരെ ആകസ്മികമായി ഇന്ദിരയുടെ പടം കേംബ്രിഡ്ജിലെ ഒരു പത്രത്തിൽ അച്ചടിച്ചുവന്നത് ചൂണ്ടിക്കാട്ടി രാജീവ് പറഞ്ഞു, "സോണിയാ, ഇതെന്റെ അമ്മയാണ്. അപ്പോഴും, ഇന്ദിരയെന്നത് ഇന്ത്യയിൽ എത്ര വലിയ സംഭവമാണ് എന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് അവരുടെ ഒരു പൊതു സുഹൃത്താണ് കൂടുതൽ കാര്യങ്ങൾ സോണിയക്ക് വിശദീകരിച്ചു നൽകിയത്. രാജീവ് അക്കാര്യത്തിൽ മനഃപൂർവം വിനയം നടിച്ചതല്ല. അങ്ങനെ ഒരു സ്വഭാവം തന്നെയായിരുന്നു രാജീവിന്റേത്. ആദ്യം പറയേണ്ടത് പലതും ചിലപ്പോൾ പിന്നീടാകും പറയുക. അവിടെ കേംബ്രിഡ്‌ജിൽ പഠിക്കുമ്പോഴോ അവിടത്തെ ബേക്കറികളിലും മറ്റും ജോലി ചെയ്യുമ്പോഴോ ഒന്നും അദ്ദേഹം ആരോടും തന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി ഒരു സൗജന്യവും നേടാൻ ശ്രമിച്ചിട്ടില്ല. 

അടുത്ത അവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ സോണിയ കാര്യങ്ങൾ വീട്ടിലവതരിപ്പിച്ചു. വിദേശത്തുപോയിപ്പഠിച്ച്, അവിടെ നിന്ന് പരിചയപ്പെട്ട ഇറ്റാലിയൻ അറിയാത്ത ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കണം എന്ന് സോണിയ വാശിപിടിച്ചപ്പോൾ അച്ഛൻ സ്റ്റെഫാനോയ്ക്ക് ആദ്യം കലശലായ കോപമാണ് വന്നത്. അദ്ദേഹം അതിന് അനുവാദം നൽകിയില്ല. എന്നാൽ സോണിയ പിടിച്ച പിടിയാലേ നിന്നു. അവധികഴിഞ്ഞപ്പോൾ മകളെ മനസ്സില്ലാമനസ്സോടെയെങ്കിലും അവർക്ക് തിരികെ കേംബ്രിഡ്ജിലേക്ക് വിടേണ്ടി വന്നു. എന്നാൽ, സോണിയക്ക് ഒരു കാര്യം ഉറപ്പായിരുന്നു. തന്റെ കാമുകനെ ഒരുവട്ടം നേരിൽ കണ്ടാൽ അച്ഛനും അമ്മയ്ക്കും തന്നെ പിന്നീട് എതിർക്കാൻ കഴിയില്ല എന്ന്. രാജീവിനെ നേരിൽ കണ്ട സ്‌റ്റെഫാനോയുടെ മനസ്സുമാറി.  

എന്നാലും, വിവാഹത്തിന് അദ്ദേഹം സമ്മതിച്ചില്ല. രാജീവ് ഒരു വിദേശിയാണ് എന്നതുതന്നെ കാരണം. വിവാഹം കഴിഞ്ഞാൽ പിന്നെ മകളെ കൺവെട്ടത്ത് കിട്ടില്ലലോ.  അച്ഛന്റെ സ്വാർത്ഥത മാത്രമായിരുന്നു നിഷേധത്തിന് പിന്നിൽ. പാടെ നിഷേധിക്കുകയാണ് സ്‌റ്റെഫാനോ ചെയ്തത്. ഒരു ചെറിയ നിബന്ധന വെച്ചു. ആ തീരുമാനത്തിന് ഒരു വർഷത്തെ ഇടവേള നൽകണം. ഒരു വർഷം കഴിഞ്ഞും ഇരുവരുടെയും ഉള്ളിൽ പ്രണയം നിലനിൽക്കുന്നു എന്നുണ്ടെങ്കിൽ വിവാഹിതരാവട്ടെ. "അതമേൽ ഭ്രാന്തമായി ഞാൻ രാജീവിനെ പ്രണയിച്ചിരുന്നു. രാജീവ് തിരിച്ച് എന്നെയും. മറ്റൊന്നും പ്രശ്നമല്ലായിരുന്നു.'' 

1968 ജനുവരി 13 -ന് ആറാഴ്ചത്തെ സന്ദർശനത്തിനായി സോണിയ ഇന്ത്യയിലേക്ക് വന്നു. രാജീവും ആത്മമിത്രവുമായ അമിതാഭ് ബച്ചനും ചേർന്ന് സോണിയയെ എയർപോർട്ടിൽ സ്വീകരിക്കാനെത്തി. ആ സന്ദർശനം തീരും വരെ സോണിയയുടെ താമസം ഏർപ്പാട് ചെയ്തിരുന്നത് ബച്ചന്റെ വീട്ടിലായിരുന്നു. വന്നിറങ്ങി പതിമൂന്നാം നാൾ രാജീവിന്റേയും സോണിയയുടെയും വിവാഹനിശ്ചയം നടന്നു. 1968 ഫെബ്രുവരി 25 -ന് അവർ വിവാഹിതരുമായി. അച്ഛൻ സ്‌റ്റെഫാനോയുടെ നീരസം അപ്പോഴും അടങ്ങിയിരുന്നില്ല. മകളുടെ കൈപിടിച്ച് കൊടുക്കാനൊന്നും അയാൾ വന്നില്ല. പകരം തന്റെ സഹോദരനെ അയച്ചു. അമ്മയും സഹോദരിമാരും ചടങ്ങിൽ പങ്കുചേർന്നു. അന്ന് അയ്യായിരം രൂപ മാസശമ്പളത്തിൽ ഇന്ത്യൻ എയർലൈൻസിനുവേണ്ടി യാത്രാ വിമാനങ്ങൾ പറത്തുന്ന ഒരു കൊമേർഷ്യൽ പൈലറ്റ് ആയി ജോലിയെടുക്കുകയായിരുന്നു രാജീവ്. 

' രാജീവിന്റെ വിവാഹചിത്രം '

സിമി ഗെറിവാളിന്റെ രാജീവ് എന്ന ഡോകുമെന്ററിയിൽ മുഖത്ത് പ്രകടമായ നാണത്തോടെ തന്നെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്," സോണിയ ഒരു വ്യക്തി എന്ന നിലയിൽ ഏറെ സ്വതന്ത്രമായി കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന, നേരേവാ നേരെപോ പ്രകൃതമുള്ള ഒരാളാണ്. അവളോട് എനിക്ക് അടങ്ങാത്ത പ്രണയമുണ്ട്..." ഫോട്ടോഗ്രാഫിയിൽ അടങ്ങാത്ത കമ്പമുണ്ടായിരുന്ന രാജീവ് ഗാന്ധി തന്റെ ക്യാമറയിൽ പകർത്താനിഷ്ടപ്പെട്ടിരുന്നതും  സോണിയയുടെ മുഖഭാവങ്ങൾ തന്നെയായിരുന്നു. കേംബ്രിഡ്‌ജിലെ വാഴ്സിറ്റി റെസ്റ്റോറന്റിൽ വെച്ച് അന്നാദ്യം കണ്ടുമുട്ടിയ നാളിൽ സോണിയയിൽ ഉടക്കിയ രാജീവിന്റെ കണ്ണുകൾ പിന്നീട് 1991 മെയ് 21 ശ്രീപെരുംപുത്തൂരിൽ ധനു എന്ന ചാവേറിന്റെ ബോംബിൽ പൊട്ടിച്ചിതറും വരെയും അവിടെ നിന്ന് എങ്ങോട്ടും ചാഞ്ചാടിയില്ല. 

'രാജീവ് എടുത്ത സോണിയയുടെ ഒരു ചിത്രം' 

click me!