Budget 2022 : കേന്ദ്ര ബജറ്റ് ഇന്ന്; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

By Web TeamFirst Published Feb 1, 2022, 12:02 AM IST
Highlights

ആദായ നികുതി സ്ലാബുകളില്‍ ആശ്വാസ പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യയുടെ ആകാംഷ. ഈ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാനം നികുതി ഇളവായിരിക്കുമെന്ന് കരുതുന്ന സാനപത്തിക വിദ്ഗധരും കുറവല്ല. 

ദില്ലി: നടപ്പു സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റിന്റെ കൗണ്ട്ഡൗൺ തുടങ്ങി. ധനമന്ത്രി നിർമല സീതാരാമന്‍  പാര്‍ലമെന്‍റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാന്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്

ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘടനാപരമായ പരിഷ്കാരങ്ങള്‍ നിര്‍മ്മല സീതാരാമന്‍റെ 2022 ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. ജി‍ഡിപിയുടെ കുതിപ്പും നികുതി വരുമാനവും ആത്മവിശ്വാസമുയര്‍ത്തുന്നത് വലിയ പ്രഖ്യാപനങ്ങള്‍ക്ക് സർ‍ക്കാരിന് കരുത്ത് പകരുന്നതാണ്. 

ആദായ നികുതി സ്ലാബുകളില്‍ ആശ്വാസ പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യയുടെ ആകാംഷ. ഈ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാനം നികുതി ഇളവായിരിക്കുമെന്ന് കരുതുന്ന സാനപത്തിക വിദ്ഗധരും കുറവല്ല. ക‌ർഷക സമരം, നിയമസഭ തെരഞ്ഞെടുപ്പുകള്‍, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെ ഈ ബജറ്റില്‍ സർക്കാരിന് കാര്യമായി പരിഗണിക്കേണ്ടതുണ്ട്. കാ‍ർഷികരംഗത്ത് സബ്സിഡി അനുവദിക്കണം. 

അതേസമയം മുന്‍ഗണന നല്‍കേണ്ടത് ആരോഗ്യമേഖലക്കാണെന്ന് മാറി മാറി വരുന്ന വൈറസ് വകഭേദവും തരംഗങ്ങളുടെ സംഖ്യകളും ഓര്‍മിപ്പിക്കുന്നു. പതിവുപോലെ ക്രിപ്റ്റോകറന്‍സിയിലെ അവ്യക്തത ഈ ബജറ്റിലൂടെയെങ്കിലും പരിഹരിക്കപ്പെടെമോയെന്നും വ്യവസായ ലോകം ഉറ്റുനോക്കുന്നുണ്ട്. ത‍ർക്കങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി ട്രൈബ്യൂണല്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് രാജ്യം കാതോർത്തിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കൊവിഡിന്റെ പ്രയാസത്തിൽ ജനം പൊറുതിമുട്ടുകയും ചെയ്ത സാഹചര്യത്തിൽ ജനത്തെ കൈയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

എന്ത് തീരുമാനങ്ങള്‍ എടുത്താലും അത് ധനകമ്മി നിയന്ത്രിച്ച് നി‍ർത്തിയാകണമെന്നത് സർക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. അതേസമയം കഴിഞ്ഞ വർഷത്തെതിന് സമാനമായി കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും നിർമല സീതാരാമന്‍ പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് സാധാരണമായി മാറിയ വർക്ക് അറ്റ് ഹോം രീതിക്ക് അലവൻസുകൾ അനുവദിക്കുമെന്ന വാർത്തകൾ നേരത്തെ മുതലുണ്ടായിരുന്നു. ജോലി ഓഫീസുകളിൽ നിന്ന് വീട്ടിലേക്ക് മാറിയതോടെ അധികച്ചിലവായി വരുന്ന ഇന്റർനെറ്റ് , വൈദ്യുതി ചാർജ് തുടങ്ങിയവക്ക് നികുതി ഇളവ് നൽകുന്നതാണ് വർക്ക് അറ്റ് ഹോം അലവൻസ്. ഇതിന് പുറമേ,വീട് വാടക, മെയിന്റനൻസ് എന്നിവയ്ക്കും അലവൻസ് ആവശ്യപ്പെടുന്നവരുണ്ട്.

കൊവിഡ് കാലത്തെ കുട്ടികളുടെ പഠനച്ചെലവിനും, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ചിലവിടുന്ന പണത്തിനും അലവൻസ് പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കുകളിൽ വായ്പ തിരിച്ചടവ് പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാൽ കൂടുതൽ വായ്പകൾ നൽകുന്നതിൽ ബജറ്റിൽ നിയന്ത്രണം കൊണ്ടുവന്നേക്കും.പഞ്ചാബ് ഉൾപ്പെടെ കർഷകർ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാർഷിക മേഖലക്ക് കൂടുതൽ പണം അനുവദിക്കാനും സാധ്യതയുണ്ട്.

click me!