അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും നഗരങ്ങളിലെ തിരക്ക് കുറയ്ക്കാനും ടൂറിസം മുന്നേറ്റത്തിനും സഹായകരമാകും
ദില്ലി: പൊതുസ്വകാര്യ പങ്കാളിത്തത്തിൽ ദേശീയ റോപ്‌വേ വികസന പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. തിരക്കേറിയ നഗരപ്രദേശങ്ങളിലടക്കം പദ്ധതി നടപ്പാക്കും. 60 കിലോമീറ്റർ ദൈർഘ്യമുള്ള 8 റോപ്‌വേ പദ്ധതികളുടെ കരാർ 2022-23ൽ നൽകുമെന്നാണ് ബജറ്റിൽ വ്യക്തമാക്കിയത്. ഇതിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും നഗരങ്ങളിലെ തിരക്ക് കുറയ്ക്കാനും ടൂറിസം മുന്നേറ്റത്തിനും സഹായകരമാകും. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായാണ് റോപ്‌വേ നിർമ്മിക്കുക.
പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി ഒറ്റനോട്ടത്തിൽ
ദേശീയപാത ശൃംഖല 25000 കിലോമീറ്റർ വികസിപ്പിക്കും.
പൊതു വിഭവങ്ങൾക്ക് ഒപ്പം 20000 കോടി രൂപയുടെ സമാഹരണവും സാധ്യമാക്കും.
മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ പിപിപി മാതൃകയിൽ നാലിടത്ത് നടപ്പാക്കും.
ചെറുകിട കർഷകർക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമായി റെയിൽവേ പുതിയ ഉത്പന്നങ്ങളും കാര്യക്ഷമമായ ലോജിസ്റ്റിക്സ് സേവനങ്ങളും വികസിപ്പിക്കും
പാഴ്സലുകളുടെ നീക്കത്തിന് തടസ്സമില്ലാത്ത സംവിധാനങ്ങൾ ഉറപ്പാക്കും
തപാൽ, റെയിൽ ശൃംഖലകളുടെ സംയോജനത്തിന് നേതൃത്വം നൽകും
പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കും. ഇതിനായി ഒരു സ്റ്റേഷൻ-ഒരു ഉത്പന്നം ആശയം ജനകീയമാക്കും
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി, തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവചിന് (Kavach) കീഴിൽ 2000 കിലോമീറ്റർ റെയിൽ ശൃംഖല ഉൾപ്പെടുത്തും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നാനൂറ് പുതു തലമുറ വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കും
ലോജിസ്റ്റിക്സ് സൗകര്യങ്ങൾക്കായി നൂറ് കാർഗോ ടെർമിനലുകൾ വികസിപ്പിക്കും
മെട്രോ സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് ധനസഹായത്തിനുള്ള നൂതന മാർഗങ്ങളും വേഗത്തിലുള്ള നിർവ്വഹണവും പ്രോത്സാഹിപ്പിക്കും.
സംസ്ഥാനങ്ങളെ സഹായിക്കാൻ 1 ലക്ഷം കോടി രൂപ അനുവദിച്ചു. 50 വർഷം കാലയളവുള്ള പലിശ രഹിത വായ്പകളാണിത്.