
തിരുവനന്തപുരം: നിര്‍ണായക പ്രഖ്യാപനങ്ങളുള്ള ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ വിശദീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റിലെ നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. കടമെടുത്താണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. സര്‍ക്കാരിന് നികുതി ഏര്‍പ്പെടുത്താനാകുന്നത് മദ്യത്തിനും ഇന്ധനത്തിനുമാണ്. അധിക സെസിലൂടെ ലക്ഷ്യം മെച്ചത് സാമൂഹ്യ സുരക്ഷിതത്വമാണ്. വരുമാനത്തിന് മറ്റ് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാടിന് എതിരെ വിമര്‍ശനവും ധനമന്ത്രി ഉയര്‍ത്തി. ബജറ്റ് തീരും മുമ്പ് പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തിയെന്നും എന്ത് പ്രഖ്യാപിച്ചാലും പ്രതിഷേധിക്കാനായിരുന്നു അവരുടെ തീരുമാനമെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.