Kerala Budget 2023: മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും; 1000 കോടി രൂപ അധികമായി അനുവദിക്കും

By Web TeamFirst Published Feb 3, 2023, 9:52 AM IST
Highlights

കേരളത്തിൽ ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ​ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോ​ഗിക പദ്ധതി രൂപീകരിക്കും. 

തിരുവനന്തപുരം: മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ​ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോ​ഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മെയ്ക്ക് ഇൻ കേരളയിലൂടെ പിന്തുണ നൽകും.

സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പടെയുള്ള സഹായം നൽകും. മെയ്ക്ക് ഇൻ കേരളയുമായി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന ഒട്ടേറെ ഘടകങ്ങൾ കേരളത്തിലുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഉല്പാദനരം​ഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണർവ്വാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് സംശയമുള്ളവർ ആ​ഗോളപ്രശസ്തമായ നിർമ്മാണ കമ്പനിയായ ട്രിമോ പെൻകോഡിന്റെ സ്ഥാപകനും മുൻ ഐഎസ് ഉദ്യോ​ഗസ്ഥനുമായ സി ബാല​ഗോപാൽ അടുത്തിടെ പ്രസിദ്ധീകരിച്ച ബിലോ ദി റഡാർ എന്ന പുസ്തകം വായിക്കണം. കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സംസ്ഥാനമല്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുകയാണ് പുസ്തകത്തിലൂടെ അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിനിടെ, കേരളത്തിൽ ആരംഭിക്കുകയും വലിയ വിജയം കൈവരിക്കുകയും ചെയ്ത 9 കമ്പനികളുടെ അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. 

വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംരംഭക വർ‌ഷത്തിന്റെ വിജയവും പ്രചോദനമാണ്. വ്യവസായ വർഷം പരിപാടിയോടും സ്റ്റാർട്ടപ് മിഷൻ പ്രവർത്തനങ്ങളോടും കേരളത്തിലെ യുവസംരംഭകസമൂഹം കാണിക്കുന്ന ആവേശകരമായ പ്രതികരണം മെയ്ക്ക് ഇൻ കേരള പോലെയുള്ള ബൃഹദ് പദ്ധതി ഏറ്റെടുക്കാൻ സർക്കാരിന് ആത്മവിശ്വാസം നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

Read Also: കേരളം അവഗണിക്കപ്പെടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി 

click me!