Budget 2022 : വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ശമ്പളം കുറയുമോ? കേന്ദ്ര ബജറ്റിൽ നിർണായക പ്രഖ്യാപനം വന്നേക്കും

By Web TeamFirst Published Jan 25, 2022, 4:13 PM IST
Highlights

ഇക്കാര്യത്തിൽ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ പുതിയ തൊഴിൽ സാഹചര്യം ഒരുക്കാനാണ് ശ്രമം

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരുടെ വേതന കാര്യത്തിൽ നിർണായക മാറ്റം കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നു. രാജ്യത്തെ തൊഴിൽ മന്ത്രാലയം ഇക്കാര്യത്തിൽ കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. വീട്ടുവാടക അടക്കമുള്ള അലവൻസുകൾ കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്.

ഇക്കാര്യത്തിൽ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ പുതിയ തൊഴിൽ സാഹചര്യം ഒരുക്കാനാണ് ശ്രമം. ജീവനക്കാർ സ്വന്തം വീടുകളിലേക്ക് മടങ്ങിയ സാഹചര്യത്തിൽ ഹോം റെന്റ് അലവൻസ് കുറയ്ക്കുക. വൈദ്യുതി, വൈഫൈ എന്നീ നിരക്കുകൾ ശമ്പളത്തിൽ ചേർക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. എച്ച്ആർഎ എത്ര ശതമാനം കുറയ്ക്കണമെന്ന് തീരുമാനമായിട്ടില്ലെന്നും ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങൾ കേന്ദ്രബജറ്റ് 2022 ൽ ഉൾപ്പെടുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. കേന്ദ്രസർക്കാരിന് കീഴിലെ ധനമന്ത്രാലയമോ തൊഴിൽ മന്ത്രാലയമോ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ജനുവരി 13 ന് വിവിധ കമ്പനികളിലെ എച്ച്ആർ വിഭാഗം മേധാവികളും സിഇഒമാരും കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി സംവദിച്ചിരുന്നു. സേവന മേഖലയിൽ വർക്ക് ഫ്രം ഹോം മോഡലിന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ നിയമസാധുത നൽകിയിരുന്നു. തൊഴിൽ സമയമടക്കമുള്ള കാര്യങ്ങളിൽ കമ്പനികളും ജീവനക്കൊരും യോജിച്ച നിലപാടിലെത്തുന്നതിനായിരുന്നു നിർദ്ദേശം. 
 

click me!