Union Budget 2022: കേന്ദ്ര ബജറ്റ് 2022 : പൊതുബജറ്റിലെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'റെക്കോർഡുകൾ' ഇവ

By Web TeamFirst Published Jan 31, 2022, 1:28 PM IST
Highlights

2022 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കാലത്തേക്കുള്ള ബജറ്റാണ് നാളെ അവതരിപ്പിക്കപ്പെടാൻ പോകുന്നത്. അതേസമയം ബജറ്റിനെ കുറിച്ചുള്ള ചില അറിവുകൾ ഇവിടെ പങ്കുവെക്കുന്നു

ദില്ലി: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ നിർമല സീതാരാമൻ അവതരിപ്പിക്കും. ഇത് തുടർച്ചയായ നാലാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 2022 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കാലത്തേക്കുള്ള ബജറ്റാണ് നാളെ അവതരിപ്പിക്കപ്പെടാൻ പോകുന്നത്. അതേസമയം ബജറ്റിനെ കുറിച്ചുള്ള ചില അറിവുകൾ ഇവിടെ പങ്കുവെക്കുന്നു.

ഇന്ത്യയുടെ ആദ്യ ബജറ്റ്

ഇന്ത്യയുടെ ആദ്യ ബജറ്റ് 1860 ലാണ് അവതരിപ്പിക്കപ്പെട്ടത്. ബ്രിട്ടീഷ് രാഞ്ജിയുടെ മുന്നിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി സ്കോട്ടിഷ് സാമ്പത്തിക വിദഗ്ദ്ധനും രാഷ്ട്രീയ നേതാവുമായ ജെയിംസ് വിൽസനായിരുന്നു ആ ബജറ്റ് അവതരിപ്പിച്ചത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ്

1947 ഓഗസ്റ്റ് 15 ന് ബ്രിട്ടന്റെ അധീശത്വത്തിൽ നിന്ന് സ്വതന്ത്രമായ ശേഷം അധികം വൈകാതെ തന്നെ ഇന്ത്യയിലെ ആദ്യ പൊതുബജറ്റ് അവതരിപ്പിക്കപ്പെട്ടു. 1947 നവംബർ 26 നായിരുന്നു അത്. അന്നത്തെ ധനന്ത്രി ആർകെ ഷൺമുഖം ഷെട്ടിയായിരുന്നു ആ ബജറ്റ് അവതരിപ്പിച്ചത്.

നിർമല സീതാരാമന്റെ റെക്കോർഡ്

ദീർഘമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ് നിർമല സീതാരാമന്റെ പേരിലാണ്. രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് ഇടവേളകളില്ലാതെ അവർ 2020 ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചത്. അവശയായ അവർ അവസാന രണ്ട് പേജുകൾ വായിക്കാതെ ബജറ്റ് അവതരിപ്പിച്ചു

ദൈർഘ്യമേറിയ രണ്ടാമത്തെ ബജറ്റ്

നിർമല സീതാരാമന്റെ തന്നെ പേരിലാണ് ദൈർഘ്യമേറിയ രണ്ടാമത്തെ പ്രസംഗവും. 2019 ഫെബ്രുവരി ഒന്നിനായിരുന്നു ഇത് അവതരിപ്പിച്ചത്. രണ്ട് മണിക്കൂറും 17 മിനിറ്റുമായിരുന്നു അന്നത്തെ ബജറ്റ് പ്രസംഗം. ഇതായിരുന്നു നിർമല സീതാരാമൻ അവതരിപ്പിച്ച ആദ്യ ബജറ്റ്.

മൊറാർജി ദേശായി

മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ്. 10 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. പി ചിദംബരമാണ് രണ്ടാമത്, ഒൻപത് ബജറ്റ്. എട്ട് ബജറ്റുമായി മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയും യശ്വന്ത് സിൻഹയും മൂന്നാമതാണ്. തൊട്ടുപിന്നിൽ ആറ് ബജറ്റ് അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങുമുണ്ട്.

18650 വാക്കുകൾ

നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ 1991 ൽ മൻമോഹൻ സിങാണ് ഏറ്റവും കൂടുതൽ വാക്കുകളുള്ള ബജറ്റ് അവതരിപ്പിച്ചത്. പിന്നീട് 2018 ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി 18604 വാക്കുകളുള്ള ബജറ്റ് അവതരിപ്പിച്ചു. അന്ന് ഒരു മണിക്കൂറും 49 മിനിറ്റുമാണ് ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കാനെടുത്തത്.

ഏറ്റവും കുറവ് വാക്കുകൾ

രാജ്യത്ത് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ബജറ്റ് അവതരിപ്പിച്ചത് ഹിരുഭായ് മുൽജിഭായ് പട്ടേലാണ്. 1977 ലാണ് അദ്ദേഹം ധനമന്ത്രി സ്ഥാനത്തിരുന്ന് ബജറ്റ് അവതരിപ്പിച്ചത്.

ആദ്യം ഇംഗ്ലീഷ്

തുടക്ക കാലത്ത് സ്വതന്ത്ര ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാർ 1955 ൽ ബജറ്റിലെ ഭാഷ മാറ്റി. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇപ്പോൾ ബജറ്റ് അച്ചടിക്കാറുള്ളത്.
 

click me!