ആദായ നികുതിയിലെ മാറ്റം എങ്ങനെ? ബജറ്റിൽ ധനമന്ത്രി പറഞ്ഞത് ഇങ്ങനെ

By Web TeamFirst Published Feb 1, 2023, 2:06 PM IST
Highlights

ഈ സ്ളാബ് മാറ്റം ഇടത്തരക്കാർക്ക് വലിയ ആശ്വാസമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നു

ദില്ലി: സാധാരണ ഇളവുകൾ ഒന്നുമില്ലാത്ത പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവർക്ക് ആശ്വാസ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. പുതിയ ഘടനയിൽ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഇനി ആദായനികുതി ഇല്ല.  ഇപ്പോഴത്തെ അഞ്ചുലക്ഷം എന്ന റിബേറ്റ് പരിധിയാണ് ഏഴു ലക്ഷമാക്കി ഉയർത്തിയത്.  പുതിയ ഘടനയിലേക്ക് മാറിയവർക്ക് ആദായ നികുതി പരിധിയിലും സ്ലാബിലും മാറ്റം വരുത്തി.

എന്നാൽ, പഴയ ഘടന അനുസരിച്ചു ആദായ നികുതി അടയ്ക്കുന്നവർക്ക് പുതിയ പ്രഖ്യാപനങ്ങൾ  ഒന്നും ബാധകമല്ല.  ബജറ്റിലെ ആദായനികുതി പ്രഖ്യാപനങ്ങൾ ഇങ്ങനെയാണ്

പുതിയ ആദായനികുതി ഘടനയിലേക്ക് മാറിയവർക്ക് ഇനി അഞ്ചു സ്ലാബുകൾ മാത്രമാണുള്ളത്

  • മൂന്ന് ലക്ഷം വരെ നികുതിയില്ല
  • 3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
  • 6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
  • 9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
  • 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
  • 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം

ഈ സ്ളാബ് മാറ്റം ഇടത്തരക്കാർക്ക് വലിയ ആശ്വാസമെന്ന് ധന മന്ത്രി നിർമല സീതാരാമൻ പറയുന്നു. ഒൻപതു ലക്ഷം വാർഷിക വരുമാനം ഉള്ള ഒരാൾ വെറും 45000 രൂപ മാത്രം നികുതി അടച്ചാൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ആകെ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി.  സർക്കാരിതര ശമ്പളക്കാർ വിരമിക്കുമ്പോൾ  ലീവ് എൻക്യാഷ്മെന്റായി കിട്ടുന്ന 25 ലക്ഷം വരെയുള്ള തുകയ്ക്ക് ഇനി ആദായ നികുതി ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു. 
 

click me!