Gothra Sarathi scheme : ഗോത്ര സാരഥി പദ്ധതി; ജില്ലയില്‍ 1193 കുട്ടികള്‍ ഗുണഭോക്താക്കള്‍

Web Desk   | Asianet News
Published : Feb 28, 2022, 09:35 AM ISTUpdated : Feb 28, 2022, 01:11 PM IST
Gothra Sarathi scheme  :   ഗോത്ര സാരഥി പദ്ധതി; ജില്ലയില്‍ 1193 കുട്ടികള്‍ ഗുണഭോക്താക്കള്‍

Synopsis

വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള പദ്ധതിയാണ് 'ഗോത്ര സാരഥി'  പദ്ധതി

തിരുവനന്തപുരം: വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ (Students) സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള 'ഗോത്ര സാരഥി' പദ്ധതി (Gothra Sarathi Scheme) എല്ലാ ഗുണഭോക്താക്കളിലും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചുൂ. കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഗോത്ര സാരഥി പദ്ധതിയെക്കുറിച്ചുള്ള അവലോകനത്തിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെ പട്ടികവര്‍ഗവികസന വകുപ്പ് നേരിട്ട് നടത്തിയിരുന്ന ഗോത്രസാരഥി പദ്ധതി ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെല്ലാം സ്‌കൂളുകളില്‍ തിരികെയെത്തിയെന്ന് വിദ്യാഭ്യാസ, പട്ടികവര്‍ഗ വികസന വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. ഗോത്രസാരഥി പദ്ധതിയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും കൃത്യമായി ശേഖരിക്കണം. പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും പി.ടി.എ ഭാരവാഹികളുടെയും യോഗം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു.

ജില്ലയിലെ പനവൂര്‍, കള്ളിക്കാട്, ആര്യനാട്, പാങ്ങോട്, അമ്പൂരി, നന്ദിയോട്, പെരിങ്ങമ്മല, വിതുര, കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ 33 സ്‌കൂളുകളിലായി 1,193 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളാണ് ഗോത്ര സാരഥി പദ്ധതിയുടെ ഗുണഭോക്താക്കള്‍. കോവിഡിന് ശേഷം ഇവരെല്ലാം തന്നെ വിദ്യാലയങ്ങളിലേക്ക് തിരികെയെത്തിയെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ഗോത്രസാരഥി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ആവശ്യപ്പെട്ടു. ഗതാഗത സംവിധാനം ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിപോലും ആദിവാസി സങ്കേതങ്ങളില്‍ നിന്നും സ്‌കൂളിലേക്ക് എത്താതിരിക്കരുത്.യോഗ തീരുമാനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച വിലയിരുത്തലിന് ഒരാഴ്ചക്ക് ശേഷം വീണ്ടും യോഗം ചേരുമെന്നും കളക്ടര്‍ അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു