കായികക്ഷമത തെളിയിക്കാൻ ഓടേണ്ടി വന്നത് 10 കിലോമീറ്റർ, എക്സൈസ് റിക്രൂട്ട്മെന്റിനിടെ മരിച്ചത് 12 പേർ

Published : Sep 08, 2024, 01:18 PM IST
കായികക്ഷമത തെളിയിക്കാൻ ഓടേണ്ടി വന്നത് 10 കിലോമീറ്റർ, എക്സൈസ് റിക്രൂട്ട്മെന്റിനിടെ മരിച്ചത് 12 പേർ

Synopsis

എഴുത്ത് പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയ കായികക്ഷമത പരിശോധനയാണ് വൻ വിവാദമായിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലായി 127772 പേരാണ് പരീക്ഷയ്ക്ക് എത്തിയത്

റാഞ്ചി: എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയുടെ ശാരീരിക ക്ഷമതാ പരീക്ഷയ്ക്കിടെ മരിച്ചത് 12 ഉദ്യോഗാർത്ഥികൾ. 19 മുതൽ 31 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടത്തിൽ മരിച്ചത്. ജാർഖണ്ഡിലാണ് സംഭവം. സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലാണ് കായികക്ഷമത പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥികൾ മരിച്ചത്. റാഞ്ചിയിലെ ധുർവ, റാതു, പൊലീസ് ലൈൻ, ഹസാരി ബാഗിലെ പദ്മ, പാലമു, ഈസ്റ്റ് സിംഗ്ഭൂമിലെ മുസാബാനി, സാഹിബ്ഗഞ്ച് എന്നിവിടങ്ങളിലായിരുന്നു റിക്രൂട്ട്മെന്റ് നടന്നത്. 

ഇതിൽ പാലമുവിലാണ് ഏറ്റവുമധികം വിദ്യാർത്ഥികൾ മരിച്ചത്. അഞ്ച് പേരാണ് ഇവിടെ മരിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നോയെന്നും പരീക്ഷാ നടത്തിപ്പിലെ അപാകതയാണോ അപകടത്തിന് കാരണമായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊടും വെയിലത്ത് നിർദിഷ്ഠമായതിലും അധികം ഓടേണ്ടി വന്നതായി നിരവിധ ഉദ്യോഗാർത്ഥികളാണ് ഇതിനോടകം പരാതിപ്പെട്ടിട്ടുള്ളത്. പരീക്ഷാ കേന്ദ്രങ്ങളിലെ സൌകര്യങ്ങളേക്കുറിച്ചും പരാതി വ്യാപകമാണ്. അതേസമയം 1.6 കിലോമീറ്റർ ദൂരത്തിന്  പകരം 10 കിലോമീറ്റർ എന്ന് മാനദണ്ഡങ്ങളിൽ വന്ന മാറ്റമാണ് ദാരുണ സംഭവത്തിന് പിന്നിലെന്നാണ് വ്യാപകമാവുന്ന പരാതി.  എഴുത്ത് പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയ കായികക്ഷമത പരിശോധനയാണ് വൻ വിവാദമായിരിക്കുന്നത്. ജാർഖണ്ഡ് പൊലീസിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന നടന്നത്.

എന്നാൽ പുലർച്ചെ ആറ് മണിമുതൽ 10 മണിവരെയാണ് പരീക്ഷ നടന്നതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. വെള്ളം, ശുചിമുറികൾ, ഒആർഎസ് അടക്കമുള്ളവ ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയതായാണ് അധികർതർ കൂട്ടിച്ചേർക്കുന്നത്. 127772 പേരാണ് ശാരീരിക ക്ഷമതാ പരിശോധനകൾക്കായി എത്തിയത്. ഇതിൽ 78023 പേരാണ് പരീക്ഷ പാസായത്. ഇതിൽ 56441 പേർ പുരുഷന്മാരും 24582 പേർ വനിതകളുമാണ്. സെപ്തംബർ 3നാണ് കായികക്ഷമത പരിശോധനകൾ അവസാനിച്ചത്. ഉദ്യോഗാർത്ഥികളുടെ മരണം പ്രതിപക്ഷം സർക്കാരിനെതിരായ ശക്തമായ ആയുധമായാണ് ഉപയോഗിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം