15000 കുട്ടികൾക്ക് കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായം നൽകിക്കൊണ്ട് ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി

Published : Dec 30, 2025, 04:41 PM IST
students

Synopsis

താപനില, മർദ്ദം, കാറ്റിന്റെ വേഗത, ഈർപ്പം തുടങ്ങിയവ നൽകി കാലാവസ്ഥ പ്രവചിക്കുന്ന സംവിധാനം കുട്ടികൾ ക്യാമ്പിൽ സ്വന്തമായി നിർമിക്കുന്നുണ്ട്. 

ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നത് എങ്ങനെയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനമെങ്ങനെയെന്നും ഇതിന് സഹായിക്കുന്ന ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ സ്വയം തയ്യാക്കിക്കൊണ്ട് 14,804 കുട്ടികൾ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ള 2,248 ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളിൽ അംഗങ്ങളായ 2.08 ലക്ഷം കുട്ടികളിൽ നിന്നും അവരുടെ സ്‌കൂൾ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 225 കേന്ദ്രങ്ങളിലായി നടക്കുന്ന ദ്വിദിന സബ്ജില്ലാ ക്യാമ്പുകളിൽ പ്രോഗ്രാമിംഗ്, അനിമേഷൻ വിഭാഗങ്ങളിൽ പങ്കെടുക്കുന്നത്.

താപനില, മർദ്ദം, കാറ്റിന്റെ വേഗത, ഈർപ്പം തുടങ്ങിയവ നൽകി കാലാവസ്ഥ പ്രവചിക്കുന്ന സംവിധാനം കുട്ടികൾ ക്യാമ്പിൽ സ്വന്തമായി നിർമിക്കുന്നുണ്ട്. അതോടൊപ്പം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ പ്രധാനപ്പെട്ടൊരു ഉപകരണമായ ടെംപറേച്ചർ ഗ്വേജ് സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കിയ റോബോട്ടിക് കിറ്റിലെ എൽ.ഡി.ആർ. സെൻസർ മൊഡ്യൂൾ, സെർവോ മോട്ടോർ, ആർഡിനോ തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്നു. തുടർന്ന് കാറ്റിന്റെ ശക്തി നിർണയിക്കുന്നതിനുള്ള ഡിജിറ്റൽ അനിമോമീറ്റർ, ദിശ നിർണയിക്കുന്ന വിൻഡ് വെയ്ൻ തുടങ്ങിയ ഉപകരണങ്ങളും കുട്ടികൾ സ്വന്തമായി തയ്യാറാക്കുന്നു.

അനിമേഷൻ വിഭാഗത്തിലെ കുട്ടികൾ സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് റോട്ടേറ്റ് അനിമേഷൻ, ഇൻ-ബെറ്റ്‌വീൻ ഫ്രെയിം അനിമേഷൻ, ലിപ്‌സിങ്കിംഗ്, ട്വീനിങ്, സ്‌പെഷ്യൽ ഇഫക്ട്‌സ് തുടങ്ങിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി അനിമേഷൻ ഷോർട്ട് ഫിലിമുകളും ബ്ലെൻഡർ സോഫ്റ്റ്‌വെയറിൽ ത്രിഡി മോഡലുകളും ക്യാമ്പിൽ വെച്ച് തയ്യാറാക്കും. ചലിക്കുന്ന റോബോട്ടുകൾ മുതൽ സ്മാർട്ട് കാലാവസ്ഥാ കേന്ദ്രങ്ങൾ വരെ സജ്ജമാക്കാനുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ജനുവരി മുതൽ എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കുമെന്ന് ക്യാമ്പിൽ ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് ജില്ലയില്‍ ജനറല്‍ നഴ്‌സ് ഒഴിവ്
സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍; വാക്ക് - ഇൻ - ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം