
വിശാഖപട്ടണം: അമേരിക്കയിലെ പ്രശസ്തമായ ബഹിരാകാശ യാത്രാ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യക്കാരിയായ 17കാരി. കുഞ്ചല കൈവല്യ റെഡ്ഡി എന്ന പെൺകുട്ടിയാണ് രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നത്. കൈവല്യയെ തിരഞ്ഞെടുത്ത കാര്യം ഓര്‍ഗനൈസന്റെ സിഇഒ ആയ നീൽ എസ്. ലാച്ച്മാൻ ഇ-മെയിൽ വഴി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടൈറ്റൻസ് സ്‌പേസ് ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന നാല് വർഷത്തെ പരിശീലനം 2026 മുതൽ 2029 വരെ ഫ്ലോറിഡയിൽ വെച്ചാണ് നടക്കുക.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള കുഞ്ചല കൈവല്യ റെഡ്ഡിയ്ക്ക് കുട്ടിക്കാലം മുതൽക്കേ ബഹിരാകാശ ശാസ്ത്രത്തോട് വലിയ താൽപ്പര്യമുണ്ടായിരുന്നു. ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ കൈവല്യ മികവ് പുലർത്തിയിരുന്നു. തുടർന്ന് അർപ്പണബോധത്തോടെ മുന്നോട്ടുപോയ കൈവല്യ ലോകത്തിലെ മികച്ച യുവ ബഹിരാകാശ മോഹികൾക്കൊപ്പം പരിശീലനം നേടാനുള്ള അസുലഭ അവസരം സ്വന്തമാക്കുകയായിരുന്നു.
കടുത്ത മത്സരം നടക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് പ്രവേശനം നേടാനായി 36 രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്ന് 150 പേരെ മാത്രമാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, 2029-ലെ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കാൻ കൈവല്യക്ക് യോഗ്യത ലഭിക്കും. ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ഏകദേശം 300 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്യും. അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ദൗത്യത്തിൽ, ഏകദേശം മൂന്ന് മണിക്കൂർ സമയം പൂജ്യം ഗുരുത്വാകർഷണത്തിലായിരിക്കും ബഹിരാകാശ സഞ്ചാരികളുണ്ടാകുക.
ആന്ധ്രാപ്രദേശിലെ ബാപ്‌തല ജില്ലയില്ലുള്ള ബെതാപുഡി ഗ്രാമവാസിയാണ് കൈവല്യ. കൈവല്യയുടെ പിതാവ് കുഞ്ചല ശ്രീനിവാസ റെഡ്ഡി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്. അമ്മ വിജയലക്ഷ്മി വീട്ടമ്മയാണ്. ജർമ്മനിയിലെ എൽഎംയുവിൽ ജ്യോതിശാസ്ത്രവും ബഹിരാകാശ ശാസ്ത്രവും പഠിച്ച് ഒരു ജ്യോതിശാസ്ത്രജ്ഞയായി മാറാനാണ് കുഞ്ചല കൈവല്യ റെഡ്ഡിയുടെ ആഗ്രഹം.