പാഠ്യപദ്ധതി പരിഷ്കരണം: പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കും

Published : Oct 01, 2022, 11:49 AM ISTUpdated : Oct 01, 2022, 12:06 PM IST
പാഠ്യപദ്ധതി പരിഷ്കരണം: പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കും

Synopsis

പ്രീപ്രൈമറി കുട്ടികളുടെ ഭാഷാപഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതി പരിഷ്കരണവേളയില്‍ വിശദമായി ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം:  പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ പൂങ്കുളം ഗവൺമെന്റ് എൽ പി എസിൽ  പ്രീപ്രൈമറി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിലവില്‍ വിവിധ വകുപ്പുകള്‍ ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.  ഇതിന്‍റെ ഏകോപനം നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രീ സ്കൂള്‍ മേഖലയ്ക്കായുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖ കരട് ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പുതിയ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാകുന്നതോടുകൂടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്.

പ്രീപ്രൈമറി കുട്ടികളുടെ ഭാഷാപഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതി പരിഷ്കരണവേളയില്‍ വിശദമായി ചര്‍ച്ച ചെയ്യും. മാതൃഭാഷാപഠനം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. ഇതിനായുള്ള കരുതൽ ഉണ്ടാകും. ഓരോ പ്രീപ്രൈമറി സ്‌കൂളും മാതൃകാ സ്കൂൾ ആകണം എന്നതാണ് സർക്കാർ നിലപാട്. സമഗ്ര ശിക്ഷാ കേരളം വഴി ഇതിനുള്ള പദ്ധതി നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കട്ടേല റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍, പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികൾ‍ക്ക് താമസിച്ചുപഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം കട്ടേല ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍  ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും സെലക്ഷന്‍ നടത്തുന്നു. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒക്ടോബര്‍ 10ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകാവുന്നതാണ്. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രാക്തന ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. എഴുത്തുപരീക്ഷക്ക് ഹാജരാകുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും രക്ഷിതാക്കള്‍ കൊണ്ടുവരേണ്ടതാണെന്ന് കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712597900, 7025552027.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു