പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം, സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

By Web TeamFirst Published Jun 22, 2021, 11:46 AM IST
Highlights

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലബ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ദില്ലി: കേരളത്തിൽ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലബ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേരളത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകൾ പൂര്‍ത്തിയായി. പതിനൊന്നാം ക്ളാസ് പരീക്ഷ സെപ്റ്റംബര്‍മാസത്തിൽ നടത്താനാണ് തീരുമാനം. 

കൊവിഡ് ബാധിച്ചവര്‍ക്കും ലക്ഷണങ്ങൾ ഉള്ളവര്‍ക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. ആരോഗ്യവകുപ്പിന്‍റെ കൊവിഡ് പ്രോട്ടോക്കോൾ പൂര്‍ണമായും പാലിച്ചാകും ഇതെന്നും പരീക്ഷ നടത്താൻ അനുമതി നൽകണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേരളത്തിൽ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരളത്തോട് സുപ്രീംകോടതി നിലപാട് തേടിയത്. ഉച്ചക്ക് ശേഷം 2 മണിക്ക് കേരളത്തിന്‍റെ സത്യവാംങ്മൂലം കോടതി പരിശോധിക്കും. സിബിഎസ്.ഇ കംപാര്‍ടുമെന്‍റ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും കോടതിക്ക് മുമ്പിലുണ്ട്. ഇക്കാര്യത്തിലും ഇന്ന് ഉത്തരവ് പ്രതീക്ഷിക്കാം. കംപാര്‍ടുമെന്‍റ് പരീക്ഷകൾ റദ്ദാക്കുന്നതിനെ സിബിഎസ്ഇ പിന്തുണക്കുന്നില്ല. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!