Latest Videos

'ആഗ്രഹിച്ച് പഠിച്ചാൽ വിജയം കൂടെ വരും'; നവോദയ പത്താം തരം പരീക്ഷയിൽ അഖിലേന്ത്യ ലെവൽ ഒന്നാം റാങ്കുകാരി പറയുന്നു

By Prabeesh bhaskarFirst Published May 17, 2023, 9:42 PM IST
Highlights

നവോദയ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഓൾ ഇന്ത്യാ ലെവൽ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ പത്തനംതിട്ട വെച്ചൂച്ചിറ നവോദയാ സ്കൂളിലേ മീരാ കൃഷ്ണ  സംസാരിക്കുന്നു

'ഓരോരുത്തർക്കും ഓരോ ശീലമുണ്ടാവാം, എനിക്ക് എപ്പോഴും പാട്ട് കേൾക്കണം, അതെന്റെ ഹോബിയാണ്. എന്റെ ഈ വിജയത്തിന് ഒരുതരത്തിൽ സഹായമായത് ഈ ഹോബിയാണെന്ന് കരുതുന്നു. ചിലപ്പോഴൊക്കെ അത് സ്ട്രെസ് റിലീഫു കൂടിയാണ്...' ഇത് പറയുന്നത് മറ്റാരുമല്ല, നവോദയ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഒരു കൊച്ചുമിടുക്കിയാണ്. വെച്ചൂച്ചിറയിലെ നവോദയാ സ്കൂളിൽ പത്താം തരത്തിൽ ഓൾ ഇന്ത്യാ ലെവൽ ഒന്നാം റാങ്ക്‌ നേടിയിരിക്കുകയാണ് മീര കൃഷ്ണ എന്ന പത്തനംതിട്ട സ്വദേശിനി.

റാന്നി ഇടപ്പാവൂർ തടത്തിൽ രാധാകൃഷ്ണൻ നായരുടെയും രാജി സി. നായരുടെയും മകളാണ് മീര. വെച്ചൂച്ചറ നവോദയ സ്കൂളിലെ അധ്യാപകർക്കാണ് മുഴുവൻ സന്തോഷവും മീരയും മാതാപിതാക്കളും ഡെഡിക്കേറ്റ് ചെയ്യുന്നത്. ഒരിക്കലും ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മീര പറയുന്നു. വലിയ ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷെ അത് ആഗ്രഹങ്ങൾ മാത്രമായിരുന്നു. എന്നാൽ ആഗ്രഹങ്ങളുടെ പിന്നാലെ പോയി പഠിക്കുമ്പോൾ അത് നേട്ടമാകുമെന്ന് എനിക്ക് തോന്നുന്നു. ആദ്യമായിട്ടാണ് ക്ലാസിൽ തന്നെ ഫസ്റ്റാകുന്നത്. വിജയത്തിൽ വലിയ സന്തോഷമുണ്ട്. സുഹൃത്തുക്കൾ എപ്പോഴും വലിയ പിന്തുണ തന്നുവെന്നും മീര പറയുന്നു.

സ്കൂളിൽ നല്ല ക്ലാസുകളുണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ അധ്യാപകർ നമുക്കൊപ്പം കാണും. സ്കൂൾ നല്ല രീതിയിൽ റിവിഷനും ഒക്കെ നടത്തി. പക്ഷെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഏറെ ടെൻഷൻ ഉണ്ടായിരുന്നു. മറ്റുള്ളവർ പറയുന്ന പ്ലാനിന് പിന്നാലെ പോയാൽ ചിലപ്പോൾ വിജയത്തിലെത്താൻ കഴില്ലെന്നാണ് എന്റെ തോന്നൽ.  സ്വന്തമായിട്ട് പ്ലാൻ വേണം അതിനായി പുസ്തകങ്ങൾക്കപ്പുറം വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. ടൈംടേബിൽ സ്വന്തമായി ഉണ്ടാക്കുക എന്നത് പ്രധാനമാണ്. പലപ്പോഴും അത് പിന്തുടരാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ഞാൻ കൃത്യമായ ടൈംടേബിൾ ചെയ്യുമായിരുന്നു. അത് നമുക്ക് പഠനത്തെ കുറിച്ച് ഒരു കാഴ്ചപ്പാട് നൽകുമെന്ന് എനിക്ക് തോന്നുന്നു.

ഈ വിജയത്തിൽ നിന്ന് മനസിലാകുന്നത്  ആഗ്രഹം വച്ച് പഠിച്ചാൽ നമുക്ക് കിട്ടും എന്നുള്ളതാണ്. പിന്നെ മറ്റൊരു കാര്യമുള്ളത് അധികം ടെൻഷനടിക്കരുത്. കാരണം ഞാൻ ഏറെ ടെൻഷനടിച്ചിരുന്നു. അത് പഠനത്തിനിടയിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും.  നമ്മൾ പരീക്ഷ എഴുതുമ്പോൾ, പേപ്പറിൽ ആദ്യ വരി തന്നെ വെട്ടിയാൽ നമ്മെ കുറിച്ചുള്ള ഇംപ്രഷൻ നഷ്ടപ്പെടുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. ഇംഗ്ലീഷ് പേപ്പറിൽ ഫസ്റ്റ് ലൈൻ തന്നെ ഞാൻ വെട്ടി. അതു മുതൽ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ പേടിച്ചതും ഇംഗ്ലീഷ് തന്നെ ആയിരുന്നു. പക്ഷെ അതിൽ എനിക്ക് മുഴുവൻ മാർക്കും കിട്ടി. 

Read more: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം ലക്ഷ്യം; പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ

അപ്പോൾ അത്തരം ടെൻഷനിലൊന്നും കാര്യമില്ല. അച്ഛനും അമ്മയും ഇവിടെ അടുത്ത് അക്ഷയ സെന്റർ നടത്തുകയാണ്. എന്റെ പഠനത്തിന് വേണ്ടി അവർ ഒത്തിരി കഷ്ടപ്പെടുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ അവരുടെ കൂടെ നിന്ന് ആ കഷ്ടപ്പാടുകൾ കാണുന്നില്ല. ഞാൻ സ്കൂളിൽ തന്നെ നിന്നാണ് പഠിക്കുന്നത്. ഒറ്റ മോളായ എന്നെ ബോർഡിങ് സ്കൂളിൽ വിട്ട് പഠിപ്പിക്കാൻ അവർ കാണിച്ച മനസ് തന്നെ ഏറെ വലിയ കാര്യമാണെന്ന് ഞാൻ കരുതുന്നു. ബാംഗ്ലൂർ നവോദയിൽ അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. ഇനി കമ്പ്യൂട്ടർ സയൻസ് പഠിക്കണം - മീര കൂട്ടിച്ചേർത്തു.
 

click me!