ആറുവർഷത്തെ കഠിനാധ്വാനം, അഞ്ചാം ശ്രമത്തിൽ ഒന്നാം റാങ്ക്, 'നേട്ടങ്ങൾക്ക് കുറുക്കുവഴിയില്ല', വിജയരഹസ്യം പറഞ്ഞ് അനുജ്

Published : Mar 06, 2026, 03:44 PM IST
 UPSC CSE 2025 Topper Anuj Agnihotri

Synopsis

2025ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് നേടി. ആറുവർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ അഞ്ചാം ശ്രമത്തിലാണ് അനുജിന്റെ ഈ നേട്ടം. എസ് ശ്രുതി, സിദ്ധാര്‍ത്ഥ എം ജോയി, ജെഎസ് ശ്രീജ, അജയ് ആര്‍ രാജ് എന്നിവരുൾപ്പെടെ നിരവധി മലയാളികളും മികച്ച റാങ്കുകൾ കരസ്ഥമാക്കി.

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന 2025ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ഒന്നാം റാങ്കോടെ തിളങ്ങി രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രി. ആറുവർഷം നീണ്ട കഠിനാധ്വാനത്തിനൊടുവിൽ അഞ്ചാം ശ്രമത്തിലാണ് അനുജ് ഈ ഹിമാലയൻ നേട്ടം സ്വന്തമാക്കിയത്. സമൂഹത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്ററാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അനുജ് പറഞ്ഞു.

പരാജയങ്ങളിൽ തളരാത്ത പോരാട്ടം: 'എനിക്ക് വിശ്വസിക്കാനാവുന്നില്ല, ദൈവം വലിയവനാണ്. ആറുവർഷത്തെ കഠിനാധ്വാനം ഒടുവിൽ ലക്ഷ്യം കണ്ടിരിക്കുന്നു," ഒന്നാം റാങ്ക് വാർത്തയ്ക്ക് പിന്നാലെ അനുജ് എക്സിൽ കുറിച്ചു. തന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും വലിയ പങ്കുണ്ടെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. ഭരണസംവിധാനത്തിൽ 'റിവാർഡ് ആൻഡ് പണിഷ്മെന്റ്' രീതി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതായും, വജയത്തിന് കുറുക്കുവഴിയില്ലെന്നും അനുജ് മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കി.

ലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി തിളങ്ങി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി. ആകാൻഷ് ദുൽ, രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാകര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യു പി എസ്‌ സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിച്ചു.

യുപിഎസ്‌സി സി എസ്‌ ഇ അന്തിമഫലം 'ഫൈനൽ റിസൾട്ട്' വിഭാഗത്തിൽ പിഡിഎഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെറിറ്റ് ക്രമത്തിൽ ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും കാണാൻ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവിൽ സര്‍വീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

`സഹോദരനാണെന്റെ വഴികാട്ടി', കേരളക്കരയ്ക്ക് അഭിമാനമായി അജയ് രാജ്; കാഴ്ച പരിമിതി നേരിട്ട കോഴിക്കോടുകാരന് സിവിൽ സർവ്വീസിൽ മിന്നും തിളക്കം
സിവിൽ സർവീസ് പരീക്ഷാഫലം; അന്തിമ റാങ്ക് ലിസ്റ്റ് ഈ വെബ്സൈറ്റുകളിൽ കാണാം