കുട്ടികൾക്കുള്ള ദേശീയ ധീരത അവാര്‍ഡ്, ജീവന്‍ രക്ഷ പഥക് അവാര്‍ഡ്; അപേക്ഷ നടപടികളെന്തൊക്കെ?

By Web TeamFirst Published Jul 21, 2022, 3:59 PM IST
Highlights

സാമൂഹ്യ തിന്‍മകള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരെ അപകട സന്ധിയില്‍ സ്വന്തം ജീവന് അപകടവും പരിക്കുകളും പറ്റുമെന്നത് കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരവും സാഹസികവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 

തിരുവനന്തപുരം:  കുട്ടികളുടെ ധീരതയ്ക്ക് (bravery award) ദേശീയ ശിശുക്ഷേമ സമിതി (indian council for cheild welfare) (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍) നല്‍കുന്ന ദേശീയ ധീരത അവാര്‍ഡിന് (application invited) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഐ സി സി ഡബ്ലുവിന്റെ വെബ് സൈറ്റില്‍ (www.iccw.co.in)  നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സാമൂഹ്യ തിന്‍മകള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരെ അപകട സന്ധിയില്‍ സ്വന്തം ജീവന് അപകടവും പരിക്കുകളും പറ്റുമെന്നത് കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരവും സാഹസികവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സംഭവം നടക്കുമ്പോള്‍ അപേക്ഷകന്റെ പ്രായം ആറിനും പതിനെട്ട് വയസിനുമിടയിലായിരിക്കണം. സംഭവം നടന്നത് 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബര്‍ 30നും ഇടയ്ക്കായിരിക്കണം.

അവാര്‍ഡിന് അപേക്ഷിക്കുന്ന പ്രവൃത്തി സംബന്ധിച്ച്  250 വാക്കുകളിലുള്ള വിവരണത്തിനും ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുമൊപ്പം ഇതു സംബന്ധിച്ച പത്ര- മാഗസിന്‍ വാര്‍ത്തകളോ, എഫ് ഐ ആര്‍ അല്ലെങ്കില്‍ പോലീസ് ഡയറിയോ സഹിതം അപേക്ഷിക്കണം. അപേക്ഷകര്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാനധ്യാപകന്‍/ പ്രിന്‍സിപ്പല്‍, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, സംസ്ഥാന ശിശുക്ഷേമ സമിതി പ്രസിഡന്റ്/ജനറല്‍ സെക്രട്ടറി എന്നിവരില്‍ രണ്ടു പേരുടെ ശുപാര്‍ശ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍, 4 ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, ന്യൂഡല്‍ഹി 110002 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമെ ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് ലഭിക്കും. ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുള്ള ഭരത് അവാര്‍ഡ്, 75,000 രൂപ വീതമുള്ള ധ്രുവ്, മാര്‍ക്കണ്ഡേയ, ശ്രവണ്‍, പ്രഹ്‌ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, നാല്‍പതിനായിരം രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ബഹുമതികളാണ്  നല്‍കുന്നത്. മെഡലും അവാര്‍ഡിനും പുറമെ അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടര്‍ന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള പഠന ചെലവുകളും ലഭിക്കും. ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ജീവന്‍ രക്ഷ പഥക് അവാര്‍ഡ്: വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം
ജീവന്‍ രക്ഷ പഥക് അവാര്‍ഡിനു പരിഗണിക്കുന്നതിനായി നാമനിര്‍ദേശം ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ജൂലൈ 30ന് മുന്‍പായി വിവരങ്ങള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് അവാര്‍ഡിനായി പരിഗണിക്കുക. സര്‍വോത്തം ജീവന്‍ രക്ഷാ പഥക്, ഉത്തം ജീവന്‍ രക്ഷാ പഥക്, ജീവന്‍ രക്ഷ പഥക് പുരസ്‌കാരങ്ങളാണ് അവാര്‍ഡില്‍ ഉള്‍പ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടം, തീപിടുത്തം, വൈദ്യുതാഘാതം, മണ്ണിടിച്ചില്‍, മൃഗങ്ങളുടെ ആക്രമണം, ഖനി അപകടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിക്കുക. 2020 ഒക്ടോബര്‍ ഒന്നിന് മുന്‍പുള്ള സംഭവങ്ങള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരത്തിന് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം.

click me!