ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പ്, ആർക്കൊക്കെ അപേക്ഷിക്കാം? അപേക്ഷ നടപടികളെന്തൊക്കെ?

By Web TeamFirst Published Jan 5, 2023, 11:13 AM IST
Highlights

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി  മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ  വാർഷിക വരുമാനമുളള, ബിരുദം പാസായി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്  ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,ജൈന, പാഴ്‌സി  മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ  വാർഷിക വരുമാനമുളള, ബിരുദം പാസായി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്‌സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.  ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റികോഴ്‌സിൽ (2022-23 അദ്ധ്യയന വർഷം) പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. 

ബി.പി.എൽ വിഭാഗക്കാർ റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in  ൽ അപേക്ഷാ ഫോം ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രീമെട്രിക് സ്കോളർഷിപ്പിന് (PM-YASASVI) അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.

ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in, www.egrantz.kerala.gov.in  എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ 16നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ 31നകം www.egrantz.kerala.gov.in ൽ ഡേറ്റ എൻട്രി നടത്തണം.

click me!