വിദ്യാര്‍ത്ഥികളെ സമയം പാഴാക്കരുതേ...; ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്‌സുമായി അസാപ്

By Web TeamFirst Published Apr 8, 2020, 3:28 PM IST
Highlights

വിദ്യാര്‍ത്ഥികളെ സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ്, എഞ്ചിനീയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് അസാപ് ലഭ്യമാക്കുന്നത്.

ആലപ്പുഴ: കൊവിഡ് 19 വൈറസ് ബാധയുടെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒന്നടങ്കം അടച്ചിടേണ്ട സ്ഥിതിയും പരീക്ഷകള്‍ റദ്ദാക്കപ്പെടുകയും മാറ്റിവയ്ക്കപ്പെടുകയും ചെയ്തിരുന്നു.

ഈ പ്രതിസന്ധി മറികടക്കുന്നതിനും ലോക്ക്ഡൗണ്‍ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും വീണുകിട്ടിയ അവസരം തൊഴില്‍മേഖലകളെക്കുറിച്ച് അറിയുന്നതിനും തങ്ങളുടെ അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതികവിദ്യകളില്‍ ഹ്രസ്വകാല പരിശീലന കോഴ്‌സുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനും ഉള്ള അവസരം ഒരുക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം(അസാപ്).

വിദ്യാര്‍ത്ഥികളെ സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ്, എഞ്ചിനീയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് അസാപ് ലഭ്യമാക്കുന്നത്. 

കൂടാതെ വിവിധവിഷയങ്ങളില്‍ ബിരുദ  ബിരുദാനന്തരധാരികളായവര്‍ക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതാത് മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കുന്നുമുണ്ട്. എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും വിവിധ വിഷയങ്ങളില്‍ വെബിനാര്‍ ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 31ന്  ആരംഭിച്ച വെബിനാര്‍ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. http://skillparkkerala.in/news_and_events/webinars/

ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്.  http://asapkerala.gov.in/online-learning-resources/
വിശദവിവരങ്ങൾക്ക് www.asapkerala.gov.in   / www.skillparkkerala.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. നമ്പർ 8848186439, 8921437131

click me!