കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അത്യാധുനിക നൈപുണ്യ പരിശീലന കേന്ദ്രം; ഉദ്ഘാടനം ചെയ്ത് ധനമന്ത്രി

Published : Jan 17, 2026, 02:03 PM IST
ASAP Kerala

Synopsis

ഗ്രാമീണ യുവതയ്ക്ക് തൊഴിൽ നൈപുണ്യവും തൊഴിലവസരങ്ങളും ഉറപ്പാക്കി കേരളത്തിലെ ഗ്രാമങ്ങളെ ആഗോളനിലവാരത്തിലുള്ള തൊഴിൽ ഹബ്ബുകളാക്കി മാറ്റുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 

ഗ്രാമങ്ങളിൽ തൊഴിൽ വിപ്ലവം തീർക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കൊല്ലം കുളക്കട കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മൾട്ടി സെക്ടർ സ്കില്ലിംഗ് സെന്ററിന്റെയും, എഐ ഗിഗ് വർക്ക് സെന്ററിന്റെയും പ്രവർത്തനം ആരംഭിച്ചു. കുളക്കട അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന ചടങ്ങ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ യുവതയ്ക്ക് തൊഴിൽ നൈപുണ്യവും തൊഴിലവസരങ്ങളും ഉറപ്പാക്കി കേരളത്തിലെ ഗ്രാമങ്ങളെ ആഗോളനിലവാരത്തിലുള്ള തൊഴിൽ ഹബ്ബുകളാക്കി മാറ്റും എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മന്ത്രി കൂട്ടി ചേർത്തു.

കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, 'ഹയർ ആൻഡ് ട്രെയിൻ' മാതൃകയിൽ തൊഴിൽ നൽകുന്നതിനും ഗ്രാമീണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്‌ണറായ ആർ.സി.സി.എസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഓട്ടോമൊബൈൽ, ഹോസ്‌പിറ്റാലിറ്റി, ഹൈഡ്രോപോണിക്‌സ്, സീനിയർ സിറ്റിസൺസിന് വേണ്ടിയുള്ള ഡിജിറ്റൽ എഐ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇൻഡിവില്ലേജിന്റെ കേരളത്തിലെ ആദ്യത്തെ സെന്ററാണ് കുളക്കടയിൽ ആരംഭിക്കുന്നത്. ആഗോള കമ്പനികൾക്കായി എഐ സപ്പോർട്ട്, ഡാറ്റ വ്യാഖ്യാനം തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഈ കേന്ദ്രം ഗ്രാമീണ സ്ത്രീകൾക്കും യുവാക്കൾക്കും സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കുന്നു. ആദ്യഘട്ടത്തിൽ 50 വർക്ക് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പദ്ധതി ഭാവിയിൽ 150 വർക്ക് സ്റ്റേഷനുകളായി ഉയർത്തും.

കുളക്കട അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ് അധ്യക്ഷനായി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസ് സ്വാഗതവും കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മുഖ്യപ്രഭാഷണവും നടത്തി. കുളക്കട പഞ്ചായത്ത് വാർഡ് മെമ്പർ സുജിത് കുമാർ, ആർ.സി.സി.എസ് മാനേജിംഗ് ഡയറക്ടർ ജി. പ്രദീപ് കുമാർ, അസാപ് കേരള കൺസൽട്ടൻറ് ബിനോയ് വിൻസെന്റ്, അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഭാഗം മേധാവി (i/c) ബിബിൻ ദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

PREV
Read more Articles on
click me!

Recommended Stories

ജോലി തെറിക്കുമോ? പേടിക്കേണ്ട, 'പിഐപി'യെ ധൈര്യമായി നേരിടാം; അറിയാം നിങ്ങളുടെ അവകാശങ്ങള്‍
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; 1,000 രൂപ വീതം ഒരു വർഷത്തേയ്ക്ക് സ്കോളർഷിപ്പ് നേടാം, അപേക്ഷ ക്ഷണിച്ചു