Startup| ഏഷ്യയിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ്പ് സമ്മേളനം 'ഹഡില്‍ ഗ്ലോബല്‍' ഡിസംബറില്‍

By Web TeamFirst Published Nov 13, 2021, 3:51 PM IST
Highlights

സമൂഹത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ് യുഎമ്മിന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 

തിരുവനന്തപുരം: ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (technology startups) നിക്ഷേപക, പങ്കാളിത്ത, ബിസിനസ് അവസരങ്ങള്‍ നല്‍കി ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായി മാറിയ ഹഡില്‍ കേരളയുടെ (huddle kerala) മൂന്നാം പതിപ്പ് ഡിസംബറില്‍ നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (Kerala Startup Mission) നേതൃത്വം നല്‍കുന്ന 'ഹഡില്‍ ഗ്ലോബല്‍ - 2021' (huddle global 2021) കൊവിഡ് പശ്ചാത്തലം പരിഗണിച്ച് ഡിസംബര്‍ എട്ട്, ഒന്‍പത് തിയതികളില്‍  ഓണ്‍ലൈനായാണ്  നടക്കുക. കൊവിഡാനന്തര കാലഘട്ടത്തിലെ സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്തുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിവേഗം വളരാനാവശ്യമായ സാങ്കേതിക-സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുകയുമാണ് മുഖ്യ ലക്ഷ്യങ്ങള്‍. ലോകശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വിദഗ്ദ്ധര്‍, നയകര്‍ത്താക്കള്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍ എന്നിവരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുമടക്കം സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ആഗോള പ്രമുഖര്‍ പങ്കെടുക്കും.

സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിലെ  പ്രതിസന്ധികളേയും അവസരങ്ങളേയും കേന്ദ്രീകരിച്ച് വിപുലമായ രീതിയില്‍ ആഗോള കാഴ്ചപ്പാടിലാണ് ഹഡില്‍ ഗ്ലോബല്‍ സംഘടിപ്പിക്കുന്നതെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സമൂഹത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ് യുഎമ്മിന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പങ്കാളിത്തങ്ങള്‍ക്കും വികസനത്തിനും സഹായകമായ രീതിയില്‍ ലോകനേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ആഗോള കാഴ്ചപ്പാട് ലഭ്യമാക്കുന്നതിന് റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, പാനല്‍ ചര്‍ച്ചകള്‍, വിവിധ സെഷനുകള്‍, പ്രഭാഷണം, നയപരമായ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ആഗോളതതലത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിപുലീകരണ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പങ്കെടുക്കാനുള്ള സന്നദ്ധത വിവിധ രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യക്തിഗത പിന്തുണനല്‍കുന്ന ബൃഹദ് സമ്മേളനം രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  മാര്‍ഗനിര്‍ദേശകരെ ലഭ്യമാക്കുന്നതിനും തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും  ഉല്‍പ്പന്നങ്ങളുടെ പ്രകാശനത്തിനും വേദിയാകും.

സമ്മേളനത്തിന്‍റെ ഭാഗമായ ഡിമാന്‍ഡ് ഡേയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഡിജിറ്റല്‍വത്ക്കരണ സാധ്യതകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയാഗപ്പെടുത്താനുള്ള അവസരം ഉണ്ടാകും. കൂടുതല്‍ നിക്ഷേപ സാധ്യതകളുള്ള ഇന്‍വെസ്റ്റര്‍ കഫേയും നടക്കും. രാജ്യാന്തര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ് പ്രൊമോഷന്‍ ഫോറമുകളും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരേതര ഏജന്‍സികളും ഹഡില്‍ ഗ്ലോബലിന് സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിക്കുന്നുണ്ട്.

യൂണികോണ്‍ സ്റ്റാര്‍ട്ടപ് സംരംഭകരുടെ ക്ലാസ്സുകള്‍, സ്റ്റാര്‍ട്ടപ് വിദഗ്ദ്ധരും സ്ഥാപകരും തമ്മിലുള്ള ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ് പ്രദര്‍ശനം, ഹാക്കത്തോണ്‍ തുടങ്ങി നിരവധി പരിപാടികള്‍ക്കും സമ്മേളനം വേദിയാകും. രണ്ടായിരത്തില്‍പരം ആളുകള്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന തരത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വികസിപ്പിച്ചെടുത്ത അതിനൂതന വെബ്പ്ലാറ്റ് ഫോമിലാണ് പരിപാടി നടക്കുക.

സ്റ്റാര്‍ട്ടപ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍  https://bit.ly/HuddleStartupExpo എന്ന ലിങ്കില്‍ നവംബര്‍ 19 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യുക. ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി നടക്കുന്ന കോണ്‍ഫറന്‍സുകളെക്കുറിച്ചും മറ്റു പരിപാടികളെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ക്കും പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും www.huddleglobal.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


 

click me!