
ബെംഗളൂരു: ഡോക്ടറാകാൻ മോഹിച്ചെങ്കിലും നീറ്റ് യോഗ്യത നേടാതെ എഞ്ചിനീയറിംഗിലേക്ക് ചേക്കേറിയ 20കാരിക്ക് ഒടുവിൽ വമ്പൻ ശമ്പളത്തിൽ റോൾസ് റോയ്സിൽ ജോലി. കർണാടക സ്വദേശിയായ കെ.എസ്. ഋതുപർണക്കാണ് വൻ ശമ്പളത്തിൽ ജോലി ലഭിച്ചത്. റോൾസ് റോയ്‌സിന്റെ ജെറ്റ് എഞ്ചിൻ നിർമ്മാണ വിഭാഗത്തിൽ പ്രതിവർഷം 72.3 ലക്ഷം രൂപ ശമ്പളത്തിലാണ് ജോലിക്ക് ചേർന്നത്. ബെംഗളൂരു ആസ്ഥാനമായിട്ടാണ് ഋതുപർണ പ്രവർത്തിക്കുന്നത്. മംഗളൂരുവിലെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിലെ ആറാം സെമസ്റ്ററിൽ പഠിക്കകെയാണ് ഋതുപർണ റോൾസ് റോയ്‌സിൽ എട്ട് മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്.
ഋതുപർണയുടെ മികവ് കണ്ട കമ്പനി, 2024 ഡിസംബറിൽ പ്രീ-പ്ലേസ്‌മെന്റിലൂടെ ഓഫർ നൽകി. 2025 ഏപ്രിലിൽ വമ്പൻ ശമ്പള വർധനവും നൽകി. റോബോട്ടിക്സിലും ഓട്ടോമേഷൻ എഞ്ചിനീയറിംഗിലും താൽപ്പര്യമുള്ള ഒരു വ്യക്തിയാണ് ഞാൻ. പുതിയ കാര്യങ്ങൾ പഠിക്കുന്നതും ആശയങ്ങൾ വികസിപ്പിക്കുന്നതും പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുന്നതും എനിക്ക് ഇഷ്ടമാണെന്ന് ഋതുപർണ കെ.എസ് തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എഴുതുന്നു.
മംഗലാപുരത്തെ സെന്റ് ആഗ്നസ് കോളേജിലാണ് ഋതുപർണ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മെഡിക്കൽ ബിരുദം ആഗ്രഹിച്ച ഋതുപർണ നീറ്റ് പരീക്ഷയിൽ സർക്കാർ മെഡിക്കൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് എഞ്ചിനീയറിംഗിലേക്ക് മാറി. 2022 ൽ സഹ്യാദ്രി കോളേജിൽ റോബോട്ടിക്സിലും ഓട്ടോമേഷനിലും സിഇടിയിൽ ചേർന്നു.
കവുങ്ങ് കർഷകരെ സഹായിക്കുന്നതിനായി റോബോട്ട് നിർമ്മിക്കുന്ന ഒരു പ്രോജക്റ്റിൽ സഹകരിച്ചു. ഗോവയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അവർ മെഡലുകൾ നേടി. NITK സൂറത്ത്കലിലെ ടീമിനൊപ്പം ഋതുപർണ പ്രവർത്തിക്കുകയും ദക്ഷിണ കന്നഡ ഡിസി ഫെലോഷിപ്പിൽ പങ്കെടുക്കുകയും ചെയ്തു.
ബിരുദ പഠനകാലത്ത്, ഇന്റേൺഷിപ്പ് പൂർത്തിയാക്കി റോൾസ് റോയ്സിൽ ജോലി നേടി. വെല്ലുവിളി നിറഞ്ഞ അസൈൻമെന്റുകൾ പൂർത്തിയാക്കിയതോടെ കമ്പനിയിൽ ജോലിക്കെടുത്തു. പ്രാരംഭ ശമ്പളം പ്രതിവർഷം 39.6 ലക്ഷം രൂപയായിരുന്നു. എന്നാൽ ഏപ്രിലിൽ 72.3 ലക്ഷം രൂപയായി ഉയർത്തി. ഏഴാം സെമസ്റ്റർ പൂർത്തിയാക്കിയ ശേഷം റോൾസ് റോയ്‌സിന്റെ ടെക്സസ് ജെറ്റ് എഞ്ചിൻ വിഭാഗത്തിൽ ചേരാൻ പോകുന്ന ഈ ഇരുപതുകാരൻ, കമ്പനിയുടെ ജെറ്റ് ഡിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായി മാറും.