2 വിഷയത്തിന് മുഴുവൻ മാർക്ക്! 97 ശതമാനം നേടി സിബിഎസ്ഇ പ്ലസ്ടൂ വിജയം; മനോജ് ജയിച്ചത് അകക്കണ്ണിന്റെ വെളിച്ചത്തിൽ!

Published : May 14, 2025, 12:46 PM IST
2 വിഷയത്തിന് മുഴുവൻ മാർക്ക്! 97 ശതമാനം നേടി സിബിഎസ്ഇ പ്ലസ്ടൂ വിജയം; മനോജ് ജയിച്ചത് അകക്കണ്ണിന്റെ വെളിച്ചത്തിൽ!

Synopsis

കാഴ്ചാപരിമിതിയെ കഠിനാധ്വാനത്തിലൂടെ തോൽപ്പിച്ച് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയവുമായി എറണാകുളം പള്ളിക്കര സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ആർ. മനോജ്. 

കൊച്ചി: കാഴ്ചാപരിമിതിയെ കഠിനാധ്വാനത്തിലൂടെ തോൽപ്പിച്ച് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയവുമായി എറണാകുളം പള്ളിക്കര സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ആർ. മനോജ്. 97% മാർക്കാണ് മനോജ് നേടിയത്. രണ്ട് വിഷയങ്ങളിൽ മുഴുവൻ മാർക്കുമുണ്ട്. ആരുടെയും സഹായം ഇല്ലാതെ കംപ്യൂട്ടറിൽ സ്വയം ടൈപ്പ് ചെയ്താണ് പരീക്ഷ എഴുതിയത്. അതിർത്തിയിലെ സംഘർഷത്തിൽ ധീരമായി പോരാടിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യം അർപ്പിച്ച് മനോജ് ഒരു കവിത എഴുതിയിരുന്നു. 

നൂറ് ശതമാനം കാഴ്ചപരിമിതിയെന്ന ജന്മനാ ഉള്ള ശത്രുവിനെ മലർത്തിയടിച്ചാണ് കഴിഞ്ഞ 17വർഷവും മനോജ് മുന്നേറുന്നത്. പ്ലസ് ടു പരീക്ഷ ഫലം ഇത് വരെയുള്ള ആ പോരാട്ടത്തിന്റെ വിജയഭേരിയായി. പ്ലസ് ടു കൊമേഴ്സ് പരീക്ഷയിൽ 97.4ശതമാനം മാർക്ക്. രണ്ട് വിഷയങ്ങളിൽ മുഴുവൻ മാർക്കും.

പരീക്ഷയ്ക്കുള്ള ഉത്തരങ്ങൾ കേട്ടെഴുതാൻ ആരുമുണ്ടായിരുന്നില്ല. സ്വയം ലാപ്ടോപ്പിൽ കീബോർഡിലൂടെ പരീക്ഷ എഴുതി. ക്ലാസ് മുറിയിൽ ഫോണും കീബോർഡുമായി അദ്ധ്യാപകരുടെ നോട്സ് കുറിച്ചെടുത്ത് തുടങ്ങിയ ശീലം ക്ലാസ് മുറിയിൽ മനോജിനെ സ്വയം പര്യാപ്തനാക്കി. എന്നാൽ ചോദ്യം കേട്ട് ഉത്തരം ടൈപ്പ് ചെയ്യുന്ന രീതിയ്ക്ക് ആദ്യം സിബിഎസ്ഇ അനുമതി നൽകിയില്ല.

പക്ഷേ മനോജിൽ പൂർണ്ണ വിശ്വാസമുള്ള സ്കൂൾ അധികൃതർ ഒപ്പം നിന്നു. വഴി തെളിഞ്ഞു. ഒടുവിൽ നാടിനും സ്കൂളിനും അഭിമാന നേട്ടമായി മനോജിന്റെ മറുപടി. മകന്റെ പഠനത്തിന് വേണ്ടി പാലക്കാട് നിന്ന് എറണാകുളം പള്ളിക്കരയിലെത്തിയ രമേശിനും സുധയ്ക്കും കൂടുതൽ കരുത്തായി മകന്റെ ഉന്നതവിജയം.

പഠനത്തിൽ മാത്രമല്ല ക്വിസ് മത്സരങ്ങളിലും കവിത എഴുതാനും നീന്തലിലും എഐ സഹായത്തിൽ സംഗീതമൊരുക്കാനും മുന്നിലാണ് മനോജ്. ജീവിതത്തോട് പരിഭവമോ പരാതിയോ ഒന്നും പറഞ്ഞ് നേരം കളയാനില്ല. ഐഎഎസ് എന്ന സ്വപ്നമുണ്ട്. അദ്ധ്വാനിക്കാനുള്ള മനസ്സും സ്നേഹത്തണലൊരുക്കുന്ന ഉറ്റവരും. ലക്ഷ്യം വന്ന് ചേരുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് കൺതുറന്നിരിക്കുകയാണ് മനോജ്.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം