ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കുന്ന നിലപാട് അം​ഗീകരിക്കില്ല; പശ്ചിമബം​ഗാൾ വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published Nov 17, 2021, 4:17 PM IST
Highlights

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ കേന്ദ്രം സ്വന്തം കാഴ്ചപ്പാട് നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 
 

കൊൽക്കത്ത: പശ്ചിമബം​ഗാളിന് (West Bengal) തനതായ വിദ്യാഭ്യാസ രീതിയും സംസ്കാരവുമുണ്ടെന്നും ദേശീയ വിദ്യാഭ്യാസ നയം (National Education Policy) അടിച്ചേൽപിക്കുന്ന കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ അം​ഗീകരിക്കില്ലെന്നും ബം​ഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു (Bratya Basu). വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ കേന്ദ്രം സ്വന്തം കാഴ്ചപ്പാട് നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 

''ഭരണഘടനയിൽ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിലോലമായ വിഷയമാണിത്. ബിജെപി സർക്കാർ 'തു​ഗ്ലക്ക്' സമീപനം സ്വീകരിച്ചാൽ അത് അം​ഗീകരിക്കാൻ സാധ്യമല്ല. ഞങ്ങളുടെ നിലപാടുകൾ എവിടെയാണെങ്കിലും പ്രകടിപ്പിക്കും. സ്വീകരിക്കാൻ സാധിക്കുന്നതെന്താണോ അവ സ്വീകരിക്കുകയും ചെയ്യും. ഞങ്ങളുടെ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശ പ്രകാരം ഞങ്ങൾ മുന്നോട്ട് നീങ്ങും.'' മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാങ്കേതിക സ്ഥാപനങ്ങളിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളും മാതൃഭാഷയിൽ പഠിപ്പിക്കാനും സംസ്കൃതം പഠിപ്പിക്കാനും സമ്മർദ്ദം ചെലുത്തുന്നത് ദോഷകരമാണെന്ന് ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. 

സ്കൂൾ സർവ്വീസ് കമ്മീഷന് കീഴിൽ 15000 അധ്യാപകരെ വിന്യസിക്കാൻ സംസ്ഥാനം ആലോചിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 'ചില നിയമപ്രശ്നങ്ങളുണ്ട്. കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. സ്കൂൾ സർവ്വീസ് കമ്മീഷനിലെ ആറ് അധ്യാപകർ പരാതികൾ കേൾക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നു. തുടർന്ന് ഈ പരാതികൾ കോടതിയിൽ സമർപ്പിക്കും. ഭാവിയിൽ സ്കൂൾ സർവ്വീസ് കമ്മീഷനിൽ 15000 അധ്യാപകരെ വിന്യസിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' മന്ത്രി കൂട്ടിച്ചേർത്തു. 

click me!