
തിരുവനന്തപുരം: തൊഴിലന്വേഷകരായ വിദ്യാർത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായി ക്യാമ്പസ് ജോബ് ഫെയർ. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. തിരുവനന്തപുരത്ത് ടെക്നോപാർക്ക് ആസ്ഥാനമായ ഐടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി, നോൺ ഐടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴിൽദായകരായി എത്തുക.
മാനേജ്മെന്റ് ആന്റ് കൊമേഴ്സ്, ആർട്ട്സ് ആന്റ് സയൻസ് , ബി ടെക്, ഐടി എന്നീ വിഭാഗങ്ങളിലെ പാസ് ഔട്ട് ആയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. കാര്യവട്ടം കാമ്പസിൽ 27ന് രാവിലെ ഒമ്പത് മണിയോടെ രജിസ്ട്രേഷൻ തുടങ്ങും. വൈകിട്ട് 5 മണി വരെ തുടരും. ക്യാമ്പസിൽ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രൻ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും.
യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റേയും കടകംപള്ളി സുരേന്ദ്രൻ എംഎല്‍എയുടെയും ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി ദീപക്കിന്‍റെയും നേതൃത്വത്തിൽ ഐസിടി അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...