വിളവെടുക്കാന്‍ പാകമായ 150 കിലയോളം വരുന്ന ഉരുളകിഴങ്ങ് മഴവെള്ളപ്പാച്ചലില്‍ ഒഴുകിപ്പോയി. ക്യഷിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ബീന്‍സടക്കമുള്ള പച്ചക്കറികള്‍ നശിച്ചു
മൂന്നാര്‍: വട്ടവടയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വ്യാപക കൃഷി നാശം. ഉരുളക്കിഴങ്ങ് കൃഷിയും ക്യാബേജ് കൃഷിയുമെല്ലാം മഴയില്‍ വ്യാപകമായി നശിച്ചതോടെ വാങ്ങിയ കടം എങ്ങനെ അടയ്ക്കും എന്ന് പ്രതിസന്ധിയിലാണ് കര്‍ഷകര്‍. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം വട്ടവട ചിലന്തിയാര്‍ മേഖലയില്‍ പെയ്ത കനത്ത മഴയില്‍ വന്‍ ക്യഷിനാശമാണ് ഉണ്ടായത്.
വിളവെടുക്കാന്‍ പാകമായ 150 കിലോയോളം വരുന്ന ഉരുളകിഴങ്ങ് മഴവെള്ളപ്പാച്ചലില്‍ ഒഴുകിപ്പോയി. ക്യഷിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ബീന്‍സടക്കമുള്ള പച്ചക്കറികള്‍ നശിച്ചു. ഓണ വിപണി ലക്ഷ്യമിച്ച് ഇറക്കിയ ക്യഷിയാണ് പെട്ടെന്നുണ്ടായ മഴയില്‍ ഇല്ലാതായത്. പലരുടെയും പക്കല്‍ നിന്ന് കടംവാങ്ങിയ പണം ഉപയോഗിച്ചാണ് കര്‍ഷകര്‍ ക്യഷിയിറക്കിയത്. കഴിഞ്ഞ ഓണക്കാലത്ത് ഹോട്ടിക്കോര്‍പ്പ് നേരിട്ട് വാങ്ങിയ പച്ചറികള്‍ക്ക് പോലും പണം ലഭിച്ചിട്ടില്ല.
ഇതോടെയാണ് കര്‍ഷകര്‍ ഇത്തവണ പുറത്തു നിന്ന് പണം വാങ്ങി വിത്തിറക്കിയത്. എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം മഴയെത്തിയതോടെ ഇല്ലാതായി. കനത്ത മഴയില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് വട്ടവട മേഖലയില്‍ ഉണ്ടായിരിക്കുന്നത്. കടം വാങ്ങിയും സ്വര്‍ണ്ണം പണയം വച്ചും വിത്ത് ഇറക്കിയ കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
ബന്ധപ്പെട്ടവര്‍ കര്‍ഷകരെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം, ഇന്ന് മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

