
അന്ന് എട്ടാം ക്ലാസിൽ വെച്ച് പഠനം നിര്‍ത്തിയപ്പോള്‍ പിന്നെ പഠിക്കണോ വേണ്ടയോ എന്ന് തങ്കമ്മയ്ക്ക് രണ്ട് വട്ടം ചിന്തിക്കേണ്ടി വന്നില്ല. ഉറപ്പിച്ചു, ഇനി പഠിക്കാൻ പോകുന്നില്ല. അങ്ങനെ എട്ടാം ക്ലാസോടെ പഠനം നിന്നു. പിന്നീട് ഏതാണ്ട് ആറ് പതിറ്റാണ്ടിനിപ്പുറം ആ പഴയ ആഗ്രഹങ്ങളൊക്കെ തങ്കമ്മ പൊടി തട്ടിയെടുത്തു, അന്നത്തെ എട്ടും പിന്നെ പത്തും പ്ലസ്ടൂ വും പാസായി. ഇന്ന് ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയായി. എത്രാമത്തെ വയസിലെന്നല്ലേ? 74ാം വയസിൽ!
എറണാകുളം ജില്ലയിലെ ഇലഞ്ഞി വിസാറ്റ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് ഇലഞ്ഞി പഞ്ചായത്തിലെ മടുക്ക ഏഴുകാമലയിൽ തങ്കമ്മ. ഒരവസരം കണ്മുന്നിലേക്ക് വന്നപ്പോൾ 'ഓ ഈ പ്രായത്തിലിനി എന്നാ പഠിക്കാനാ' എന്നൊന്നുമല്ല തങ്കമ്മച്ചേച്ചിക്ക് തോന്നിയത്. 'പ്രായമിത്രയായെങ്കിലെന്നാ ഒന്നു പഠിച്ചു നോക്കാമെന്നാണ്'. ആ തീരുമാനം ഇന്നൊരു ചരിത്രമാണ്. ഒരു നാട് മുഴുവൻ അഭിമാനത്തോടെയാണ് ഈ 74കാരിയെ നോക്കിക്കാണുന്നത്.
തൊഴിലുറപ്പിലാണ് തുടക്കം
പഠിത്തം നിർത്തി അധികം വൈകാതെ വിവാഹം കഴിഞ്ഞു. ഇലഞ്ഞിയിലേക്കാണ് കല്യാണം കഴിച്ചു കൊണ്ടുവന്നത്. പിന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയി കഴിഞ്ഞു. അതിനിടയിൽ പല ജോലികളും ചെയ്തു. കുറച്ചുനാൾ ഹോംനഴ്സായി ജോലി നോക്കി. പിന്നീട് തൊഴിലുറപ്പ് ജോലിക്കും പോയിത്തുടങ്ങി. 2019ലാണ് പഠിക്കണം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. തൊഴിലുറപ്പിൽ മേറ്റ് ആകണമെങ്കിൽ പത്താംക്ലാസ് പാസ്സാകണം. എന്നാപ്പിന്നെ അങ്ങനെയാകട്ടെ എന്ന് കരുതി ആദ്യം എട്ടാം ക്ലാസ് തുല്യത പരീക്ഷ പാസ്സായി. പിന്നെ പത്താം ക്ലാസും എഴുതിയെടുത്തു. പക്ഷേ പത്താം ക്ലാസ് പാസ്സായി സർട്ടിഫിക്കറ്റും കൊണ്ട് ചെന്നപ്പോൾ അറുപത് വയസ് കഴിഞ്ഞവർക്ക് മേറ്റ് സ്ഥാനം കിട്ടില്ലെന്ന് പറഞ്ഞു. അങ്ങനെ മേറ്റാകാൻ പറ്റില്ലെന്ന് മനസിലായി. സർട്ടിഫിക്കറ്റ് വീട്ടിൽ കൊണ്ടുവെച്ചിട്ട് തങ്കമ്മ പിന്നേം തൊഴിലുറപ്പിന് പോയിത്തൊടങ്ങി.
''ആ സമയത്തൊക്കെ കോർഡിനേറ്റർ എന്നും വിളിക്കും, ചേച്ചീ, നമുക്ക് പ്ലസ് ടൂ കൂടി പഠിക്കാന്ന് പറഞ്ഞ്. ഞാനോർത്തു, ഇനിയിപ്പോ പഠിച്ചിട്ട് എന്തിനാ? ജോലിയൊന്നും കിട്ടത്തില്ല. നമുക്ക് എന്നും ഈ കൂലിപ്പണി തന്നെയല്ലേ പറ്റൂ. പക്ഷേ പത്ത് പാസായിക്കഴിഞ്ഞ് ഒരുപാട് പേര് വിളിച്ച് അഭിനന്ദിച്ചു. മൊമെന്റോയും പൊന്നാടയുമൊക്കെ തന്നു. പള്ളിയിലെ കുടുംബശ്രീയിൽ നിന്നും വിളിച്ച് സ്വീകരണമൊക്കെ തന്നിരുന്നു. പത്ത് പാസായപ്പോൾ ഇത്രയും മനുഷ്യര് നമ്മളെ അറിയുന്നുണ്ട്. അംഗീകരിക്കുന്നുണ്ട്.'' അത് ശരിക്കും സന്തോഷം മാത്രമല്ല, തുടർന്ന് പഠിക്കാനുള്ള പ്രചോദനം കൂടിയായി എന്ന് തങ്കമ്മ പറയുന്നു.
''എന്നാപ്പിന്നെ പ്ലസ്ടൂവും പഠിക്കാമെന്ന് കരുതി. അങ്ങനെ 2022- 2024 പ്ലസ് ടൂ പാസായി. പത്താം ക്ലാസിൽ 74 ശതമാനം മാർക്കും പ്ലസ്ടൂവിന് 78 ശതമാനം മാർക്കും നേടിയാണ് പാസ്സായത്. ബിഎ മലയാളത്തിന് ചേരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അത് പഠിക്കാൻ എറണാകുളം വരെ പോകണം. അത് സാധിക്കില്ല. അങ്ങനെയിരിക്കെയാണ് വിസാറ്റ് കോളേജ് ആദരിക്കാൻ വിളിക്കുന്നത്. എന്റെ വീടിന്റെ അടുത്ത് അജിത് ഷാജി എന്നൊരു മോനുണ്ട്. അവന്റെ സുഹൃത്താണ് വിസാറ്റിലെ സാർ. ഞാനീ പത്തും പ്ലസ്ടുവുമൊക്കെ പാസ്സായ കാര്യം പറഞ്ഞപ്പോൾ അവിടുത്തെ സാറമ്മാരാണ് അനുമോദിക്കാൻ വിളിച്ചത്. എന്റെ കാര്യം പറഞ്ഞപ്പോ അവർക്ക് വലിയ താത്പര്യമായി. തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ എന്നെ ബികോമിന് ചേർക്കാന്ന് പറഞ്ഞു. പ്രായമായവർക്ക് പഠിക്കാനുള്ള അവസരം യൂണിവേഴ്സിറ്റി തരുന്നുണ്ടല്ലോ. അങ്ങനെ വിസാറ്റിൽ ബികോം പഠിക്കാൻ ചേർന്നു.'' ഇങ്ങനെയാണ് താൻ ബികോം വിദ്യാർത്ഥിനിയായതെന്ന് പറഞ്ഞു നിർത്തുകയാണ് തങ്കമ്മചേച്ചി.
കാണാനാഗ്രഹിച്ച കോളേജ്
കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലാണ് തങ്കമ്മ ജനിച്ചത്. എടക്കോലിയിലും ഉഴവൂരുമായി സ്കൂളിൽ പഠിച്ചു. അച്ഛന്റെ പേര് മണിയൻ, അമ്മ കല്യാണി. അഞ്ച് സഹോദരങ്ങളുണ്ട് തങ്കമ്മയ്ക്ക്. സഹോദരങ്ങൾക്കും രണ്ട് മക്കൾക്കും കൊച്ചുമക്കൾക്കുമെല്ലാം തന്നെക്കുറിച്ച് അഭിമാനം മാത്രമാണെന്ന് തങ്കമ്മചേച്ചി പറയുന്നു. ഒരിക്കൽ കോളേജിന്റെ അകമൊന്ന് കാണണമെന്ന് ആഗ്രഹിച്ച ആളാണിത്. ''ഞങ്ങളുടെ കുടുംബശ്രീയുടെ ഒരു മീറ്റിംഗ് നടന്നിരുന്നു വിസാറ്റ് കോളേജിന്റെ മുന്നിൽ. അന്ന് ഗേറ്റിൽ നിന്നിട്ട് ഞാൻ അകത്തേക്ക് നോക്കി. ഇതിന്റെ അകമെങ്ങനെയാണെന്നൊന്ന് കാണാൻ. ഇന്നിപ്പോ അതിനുള്ളിൽ എവിടെ വേണമെങ്കിലും എനിക്ക് പോകാം.'' അഭിമാനവും സന്തോഷവും തിളങ്ങുന്നുണ്ട് ഈ വാക്കുകളിൽ.
''അമ്മച്ചീന്നും ചേച്ചീന്നും ഒക്കെ എന്നെ സാറമ്മാരും പിള്ളേരും വിളിക്കും. എന്നാ ഒരു സ്നേഹമാണെന്നറിയാമോ എന്നോട്? എന്ത് സംശയം വേണമെങ്കിലും ചോദിച്ചോളാൻ പറയും. ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ അമ്മച്ചിക്ക് മനസിലായോ എന്ന് എന്നോട് എടുത്തു ചോദിക്കും.'' അധ്യാപകരെക്കുറിച്ച് പറയുമ്പോൾ തങ്കമ്മക്ക് നൂറ് നാവ്. പ്രിൻസിപ്പൽ സാർ, ക്ലാസ് ടീച്ചർ ലിന്റാമിസ്, അഭിഷേക് സാർ, ആൻഡ്രിയ മിസ്, ഡോണ മിസ്, ഷാജി സർ എല്ലാവർക്കും ഭയങ്കര കാര്യമാണെന്ന് കൂടി കൂട്ടിച്ചേർക്കുന്നു തങ്കമ്മച്ചേച്ചി. 14 കുട്ടികളാണ് ക്ലാസിലുള്ളത്. കൊച്ചുമക്കളുടെ പ്രായമുള്ള കുട്ടികളാണ് ചുറ്റും. ആതിരയും സാന്ദ്രയുമാണ് ബെസ്റ്റ് ഫ്രണ്ട്സ്. രണ്ട് പേരുടെ പേര് പറഞ്ഞെന്നേയുള്ളൂ. 'എല്ലാരും നല്ല സ്നേഹമുള്ള പിള്ളേരാ'ന്ന് കൂടി പറയുന്നു തങ്കമ്മ. നഴ്സിംഗിനും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കൊച്ചുമക്കൾ കൂടിയുണ്ട് തങ്കമ്മക്ക്.
ക്ലാസുള്ള ദിവസം രാവിലെ ഏഴരക്ക് കോളേജിൽ പോകും. രാത്രി വന്ന് കുറച്ചുനേരം പഠിക്കും. ജോലിയുണ്ടേലും ഇല്ലേലും 4 മണിക്ക് എഴുന്നേൽക്കും. വീട്ടുകാര്യങ്ങൾ നോക്കി, ചോറും കറിയുമെല്ലാം ഉണ്ടാക്കും. അത് പണ്ടുമുതലേയുള്ള ശീലമാണ്. വീട്ടിൽ നിന്ന് രണ്ട് മൈൽ നടക്കണം ബസ് വരുന്നിടത്തേക്ക്. ബികോം കഴിഞ്ഞ് എംകോമിന് പോകാനാണ് ആഗ്രഹം. സാമ്പത്തികം അനുവദിച്ചാൽ മാത്രം. എന്തായാലും തുടർന്ന് പഠിക്കണമെന്ന ആഗ്രഹത്തിന് തിളക്കം കൂടുന്നതേയുള്ളൂ എന്ന് തങ്കമ്മയുടെ വാക്കുകൾ.
ആദരവ് തന്നത് അക്ഷരം
'ഞാൻ പഠിക്കാൻ പോയത് കൊണ്ടല്ലേ എന്നെയിപ്പോൾ എല്ലാവരെയും അറിയുന്നതെ'ന്ന് തങ്കമ്മചേച്ചി ചോദിക്കുന്നു. ''പണ്ട് സ്കൂളിൽ വിദ്യാധനം സർവധനാൽ പ്രധാനം എന്ന് പഠിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും വലിയ ധനമാണെന്ന് അറിഞ്ഞില്ല. വിദ്യാഭ്യാസത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കുന്നതിപ്പോഴാണ്. ഇന്ന് എനിക്ക് കിട്ടുന്ന ആദരവും അംഗീകാരവും ഒക്കെ വിദ്യാഭ്യാസം കൊണ്ട് മാത്രമാണ്. ഇന്നും കിട്ടി ഒരു മൊമെന്റോ. മൊമെന്റോ വെക്കാൻ വീട്ടിൽ സ്ഥലമില്ല. അന്ന് പത്ത് പാസായ സമയത്ത് ആലപുരം അമ്പലത്തിൽ വിദ്യാരംഭത്തിന് കുഞ്ഞുങ്ങളെ അക്ഷരമഴുതിക്കാൻ അവസരം കിട്ടി. അവിടെയുള്ള രാമൻ എന്നൊരു സാറാണ് വിളിച്ചത്. എല്ലാ ചാനലിലും പത്രത്തിലും ഒക്കെ വാർത്ത വന്നു. ഇതെല്ലാം എനിക്ക് കിട്ടിയത് പഠിക്കാൻ പോയത് കൊണ്ടല്ലേ? അത് ഭയങ്കര സന്തോഷമാണ്.''
ഇനിയുമുണ്ട് ആഗ്രഹങ്ങൾ
ഇനി കുറച്ച് കുഞ്ഞ് ആഗ്രഹങ്ങൾ കൂടി ബാക്കിയുണ്ടെന്ന് പറയുന്നു തങ്കമ്മ. 'തയ്യൽ പഠിക്കാനും ഡാൻസ് പഠിക്കാനും ആഗ്രഹമുണ്ടായിരുന്നു. അന്ന് അപ്പനുമമ്മേം വിട്ടില്ല. ഡാൻസ് ഇനി പഠിക്കാനൊക്കത്തില്ല. തയ്യൽ പഠിക്കണമെന്നുണ്ട്. അത് പഠിക്കും.' തങ്കമ്മചേച്ചിയെക്കുറിച്ച് പറയുമ്പോൾ പറഞ്ഞു പഴകിയൊരു വാചകത്തെ ആവർത്തിക്കാതെ വയ്യ. പ്രായമൊക്കെ വെറും നമ്പറല്ലേ? എന്ന്. പരിമിതികളും പ്രതിസന്ധികളുമുണ്ട്. എങ്കിലും എത്ര മനോഹരമായിട്ടാണ് ഒരു 74 കാരി പാതിവഴിയിൽ നിന്നുപോയ സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ കൗമാരത്തോട് ചേർത്തുകെട്ടി ആഘോഷമാക്കുന്നത്?