സിബിഎസ്ഇ ഒഎസ്എം പോർട്ടൽ സുരക്ഷിതം, പരീക്ഷാ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് സിബിഎസ്ഇ, ഹാക്കിംഗ് റിപ്പോർട്ടുകൾ തള്ളി

Published : May 27, 2026, 12:18 AM IST
CBSE Website Technical Issue

Synopsis

സിബിഎസ്ഇയുടെ ഒഎസ്എം പോർട്ടൽ പൂർണ്ണമായും സുരക്ഷിതമാണെന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി. പുനർമൂല്യനിർണ്ണയ വെബ്സൈറ്റിലെ ഹാക്കിംഗ് സാധ്യത വിദഗ്ധസമിതി പരിശോധിക്കുമ്പോൾ, ഫലം റദ്ദാക്കി വീണ്ടും മൂല്യനിർണയം നടത്തണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയാണ്.

 

ന്യൂഡൽഹി: സിബിഎസ്ഇയുടെ ഒഎസ്എം പോർട്ടൽ പൂർണ്ണമായും സുരക്ഷിതമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ വ്യക്തമാക്കി. ഈ പോർട്ടലിന് സുരക്ഷാ വീഴ്ചയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ അധികൃതർ ഔദ്യോഗികമായി തള്ളി. പരീക്ഷയുമായി ബന്ധപ്പെട്ട യാതൊരുവിധ വിവരങ്ങളും ചോർന്നിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിബിഎസ്ഇ അറിയിച്ചു. എട്ട് ലക്ഷത്തിലധികം ഉത്തര പേപ്പറുകളുടെ പകർപ്പുകൾ ഇതിനകം തന്നെ വിദ്യാർത്ഥികൾക്ക് കൃത്യമായി നൽകിയിട്ടുണ്ടെന്നും ബോർഡ് കൂട്ടിച്ചേർത്തു.

 

ഒഎസ്എം പോർട്ടലും വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കുന്ന പോർട്ടലും രണ്ടാണെന്ന് സിബിഎസ്ഇ വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉത്തരക്കടലാസിന്റെ പകർപ്പുകൾ ലഭ്യമാക്കുന്നത് ഔദ്യോഗിക പോർട്ടൽ വഴിയും അതുപോലെ വിദ്യാർത്ഥികളുടെ ഇ-മെയിൽ ഐഡികൾ വഴിയുമാണ്. സിബിഎസ്ഇയുടെ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നോ എന്ന വിഷയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി പരിശോധിച്ചിരുന്നു. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളാനാകില്ലെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് മനപ്പൂർവ്വം സേവനം ലഭ്യമാകാതിരിക്കാൻ ആരെങ്കിലും പ്രതിസന്ധി ഉണ്ടാക്കിയോ എന്നാണ് സമിതി പ്രധാനമായും പരിശോധിച്ചത്. ഫീസ് അടയ്ക്കുന്ന ഗേറ്റ്വേയ്ക്കു നേരെയും സൈബർ ആക്രമണം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ നാല് വിദഗ്ധരാണ് വെബ്സൈറ്റ് പരിപാലനത്തിനായി സഹായിക്കുന്നത്.

അതേസമയം, ഉത്തരപ്പേപ്പറുകൾ പരിശോധിച്ച് പരാതിയുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിന് വീണ്ടും അപേക്ഷ നൽകാൻ 29 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഈ അപേക്ഷാ നടപടികൾക്ക് നിലവിൽ യാതൊരുവിധ സാങ്കേതിക തടസ്സങ്ങളും ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, നിലവിലുള്ള ഒഎസ്എം ഫലം പൂർണ്ണമായി റദ്ദാക്കി വീണ്ടും മൂല്യനിർണയം നടത്തണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ
'പ്ലസ് ടു ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണം'; ആവശ്യവുമായി സിബിഎസ്ഇ വിദ്യാർഥികൾ