
ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കും. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണ് തീരുമാനമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിബിഎസ്ഇയുടെ പ്രധാന വെബ്സൈറ്റിലെ ലിങ്ക് നിലവിൽ പ്രവർത്തനക്ഷമമല്ല. പകരം നൽകിയ ലിങ്കും പ്രവർത്തന രഹിതമാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി സിബിഎസ്ഇ അറിയിച്ചു. പ്രശ്നങ്ങൾ ഇന്ന് തന്നെ പരിശോധിക്കുമെന്നും സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി.
പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം. cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്. ഇതിന് 700 രൂപയാണ് ഫീസ്. മാർക്ക് വേരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ്.
'cbse.gov.in'-ൽ പ്രവേശിക്കുക.
'Apply For Answer Book' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പർ അടക്കം ആവശ്യമായ വിവരങ്ങൾ നൽകുക.
അപേക്ഷ ഫീസ് നൽകുക.
ഉത്തരക്കടലാസിൻ്റെ പകർപ്പിൽ ലഭ്യമാകുമ്പോൾ ഡൗൺലോഡ് ചെയ്യാം.
മാർക്ക് വേരിഫിക്കേഷൻ എങ്ങനെ ചെയ്യാം?
ഉത്തരക്കടലാസിൻ്റെ പകർപ്പ് ലഭ്യമായ ശേഷം മാർക്ക് കൂട്ടിയതിൽ പിശക് ഉണ്ടായോ എന്ന് വിദ്യാർഥികൾക്ക് പരിശോധിക്കാം.
'cbse.gov.in'-ൽ പ്രവേശിക്കുക.
'Apply for Re-verification' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷ ഫീസ് നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.
അക്നോളജ്മെൻ്റ് സേവ് ചെയ്യുക.
പുനർമൂല്യനിർണയം എങ്ങനെ ചെയ്യാം?
ഓരോ വിഷയത്തിലും 10 ചോദ്യങ്ങൾ വരെ പുനർമൂല്യനിർണയത്തിന് തിരഞ്ഞെടുക്കാം.
അപേക്ഷ ഫീസ് അടയ്ക്കുക.
അപേക്ഷ സബ്മിറ്റ് ചെയ്യുക.
പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന മാർക്ക് അന്തിമമായിരിക്കും, ഇത് പിന്നീട് മാറ്റാൻ കഴിയില്ല.
ചോദ്യപ്പേപ്പറും മാർക്കിങ് സ്കീമും ഒത്തുവെച്ചാണ് ഉത്തരക്കടലാസ് പരിശോധിക്കേണ്ടത്.
വളരെ ശ്രദ്ധയോടെ ഉത്തരങ്ങൾ പരിശോധിക്കുക.
മാർക്ക് കൃത്യമായി നൽകാത്ത ചോദ്യങ്ങൾ കണ്ടെത്തുക.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ കണ്ടെത്തിയ വിവരങ്ങൾ വ്യക്തമായി നൽകുക. ഇത് ഉത്തരക്കടലാസ് പരിശോധിക്കുന്ന വിദഗ്ധർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയണം.
വിദഗ്ധർ നടത്തുന്ന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാർഥിയുടെ അവകാശവാദം ശരിയാണെന്ന് ഉറപ്പിക്കുക.