
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനർ മൂല്യനിർണയത്തിൽ കുരുക്കഴിയുന്നില്ല. പുനർ മൂല്യനിർണയത്തിനായി തയാറാക്കിയ പുതിയ പോർട്ടലിലും സാങ്കേതിക പ്രശ്നം. വൈകുന്നേരത്തോടെ അപേക്ഷ നൽകാനുള്ള പോർട്ടൽ അപ്രത്യക്ഷമായി. പ്രധാന വെബ്സെറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണ് പുതിയ ലിങ്ക് നൽകിയത്. വിഷയത്തിൽ സിബിഎസ്ഇ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 26ന് സിബിഎസ്ഇ സ്വീകരിച്ചു തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഉത്തരക്കടലാസ് പുനർമൂല്യനിർണയം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാമെന്നും cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടതെന്നും അറിയിച്ചിരുന്നു. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്.
ഇതിന് 700 രൂപയാണ് ഫീസ്. ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പികൾ ലഭ്യമാകാൻ വിദ്യാർഥികൾക്ക് മെയ് 19 മുതൽ 22 വരെ അപേക്ഷ സമർപ്പിക്കാം. ഇതുകിട്ടിയ ശേഷം മാർക്ക് വേരിഫിക്കേഷനോ ഓരോ ചോദ്യങ്ങൾക്കും നൽകിയ ഉത്തരങ്ങൾ പുനർമൂല്യനിർണയം ചെയ്യുന്നതിനോ അപേക്ഷ സമർപ്പിക്കാം. മാർക്ക് വേരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വ്യാപക പരാതിയാണ് നേരത്തെ ഉയർന്നത്. ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം കൃത്യമായി നടപ്പാക്കാത്തതിനാൽ പല വിദ്യാർത്ഥികളുടെയും മാർക്കിൽ വലിയ കുറവ് വന്നെന്നാണ് പരാതി ഉയർന്നത്. എന്നാൽ മൂല്യനിർണയം നടത്തിയത് കൃത്യതയോടെയാണെന്നാണ് ബോർഡ് വിശദീകരിച്ചത്. പരാതിയുള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷേ നൽകാമെന്നും ബോർഡ് വ്യക്തമാക്കി. എന്നാൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ സ്വീകരിക്കാനുള്ള വെബ്സെറ്റും നിലവിൽ പണിമുടക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടര ദിവസമായി സെറ്റ് ഡൌണാണ്. പല വിദ്യാർത്ഥികളും പണം അടിച്ചെങ്കിലും സെറ്റിലെ സാങ്കേതിക പ്രശ്നം കാരണം പണം നഷ്ടപ്പെട്ടു. ലോഗിൻ ചെയ്യുന്നതിനും പേയ്‌മെന്റ് ഇടപാടുകൾ പൂർത്തിയാക്കുന്നതിനും തടസ്സം നേരിട്ടിരുന്നു.ഇന്ന് വൈകുന്നേരത്തോടെ സിബിഎസ്ഇ മെയിൻ വെബ്സെറ്റിൽ നിന്ന് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാനുള്ള ലിങ്കും അപ്രത്യക്ഷമായി. സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു പേപ്പറിന് 100 രൂപമായി ഫീസ് കുറച്ചിരുന്നു. മാർക്കിൽ വർധനവ് ഉണ്ടായാൽ മുഴുവൻ തുകയും തിരിച്ചു നൽകുമെന്നാണ് സിബിഎസ് നേരത്തെ വ്യക്തമാക്കിയത്. അതെസമയം നിലവിലെ സാങ്കേതികപ്രശ്നനത്തിൽ സിബിഎസ്ഇ ഇതുവരെ പ്രതികരിച്ചിട്ടില്ല